'പി.പി. ദിവ്യ തെറ്റു ചെയ്തു'; അതുകൊണ്ടാണ് നടപടി എടുത്തതെന്ന് എം.വി. ഗോവിന്ദന്‍

സംഘടനാ റിപോർട്ടിന്മേലുളള ചർച്ചക്ക് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദൻ
എം.വി.ഗോവിന്ദൻ, പി.പി. ദിവ്യ
എം.വി.ഗോവിന്ദൻ, പി.പി. ദിവ്യ
Published on

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തെറ്റു ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദിവ്യയുടെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. ദിവ്യ ചെയ്തത് തെറ്റെന്ന് തിരിച്ചറിഞ്ഞാണ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. സംഘടനാ റിപോർട്ടിന്മേലുളള ചർച്ചക്ക് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദൻ.

'കണ്ണൂർ പക്ഷപാതിത്വ' വിമർശനത്തിലും പ്രസം​ഗത്തിൽ എം.വി. ഗോവിന്ദൻ മറുപടി നൽകി. ജില്ല തിരിച്ചല്ല സ്ഥാനങ്ങളും ചുമതലകളും നൽകുന്നത്.  സംസ്ഥാന നേതൃത്വം ചർച്ച ചെയ്താണ് തീരുമാനം എടുക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മെറിറ്റും മൂല്യങ്ങളും ആവർത്തിക്കുന്ന പാർട്ടി സെക്രട്ടറി പദവികൾ വരുമ്പോൾ കണ്ണൂർ പക്ഷപാതിത്വം കാണിക്കുന്നതായി പ്രതിനിധികൾ വിമർശിച്ചിരുന്നു.

പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറി എന്ന് കാട്ടി പി. പി. ദിവ്യയെ സിപിഎം തരംതാഴ്ത്തിയിരുന്നു. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതാണ് നടപടിക്ക് കാരണം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തു നിന്നും ദിവ്യയെ പാർട്ടി ഒഴിവാക്കുകയായിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി എഡിഎം കൈക്കൂലി വാങ്ങിയെന്ന തരത്തിൽ യാത്രയയപ്പ് യോ​ഗത്തിൽ ക്ഷണിക്കാതെ കയറിചെന്ന ദിവ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിറ്റേന്നാണ് നവീൻ ബാബു ജീവനൊടുക്കിയത്.എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com