
റാപ്പർ വേടന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. "ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ആ ശീലം തിരുത്താന്‍ ശ്രമിക്കുമെന്നുമുള്ള വേടൻ്റെ പ്രസ്താവന ധീരവും സത്യസന്ധവുമാണ്. ആര്‍ക്കും അവഗണിക്കാനാവാത്ത ആത്മാർഥതയാണ് വാക്കുകളിൽ പ്രതിഫലിച്ചത്", ബിനോയ് വിശ്വം പറഞ്ഞു. വേടനെ വ്യക്തിപരമായി അവഹേളിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ബിനോയ് വിശ്വം പ്രസ്താവനയിലൂടെ അറിയിച്ചു.
പുലിപ്പല്ല്, കഞ്ചാവ് കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വേടൻ്റെ പ്രതികരണം. "തൻ്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സ് ചെലുത്തിയിട്ടുണ്ട്. തന്നോട് ക്ഷമിക്കണം, നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് നോക്കട്ടെ" എന്നാണ് വേടന്‍ പറഞ്ഞു.
ജാമ്യം കിട്ടിയതിന് പിന്നാലെ പൊലീസ്-വനം വകുപ്പുകളുടെ നടപടിയെ റാപ്പർ വേടൻ വിമർശിച്ചിരുന്നു. സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ലെന്നും, നമ്മുടേത് വിവേചനമുള്ള സമൂഹമാണെന്നും വേടൻ പറഞ്ഞു. എല്ലാവരും ഇവിടെ ഒരുപോലെയല്ലെന്നും തൻ്റെ അറസ്റ്റ് കൊണ്ട് ഇക്കാര്യം ബോധ്യപ്പെട്ടെന്നും വേടൻ പ്രതികരിച്ചിരുന്നു.
"ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണ്. സർക്കാർ വിൽക്കുന്ന മദ്യമാണ് ഞാൻ വാങ്ങി കുടിക്കുന്നത്. ഞാൻ അതുകൊണ്ട് ഒരു മോശം മനുഷ്യനാണോ എന്ന് എനിക്ക് അറിയില്ല,"വേടൻ പറഞ്ഞു. തന്റെ ഇത്തരം ശീലങ്ങൾ ആരാധകർ ഏറ്റെടുക്കരുതെന്നും വേടൻ പറഞ്ഞിരുന്നു.