
പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന പ്രസ്താവന തിരുത്തി സിപിഐഎം നേതാവ് ജി. സുധാകരൻ. ബാലറ്റ് പേപ്പർ ഇന്നേവരെ തുറന്നു നോക്കിയിട്ടില്ലെന്നും, അത് തിരുത്തിയിട്ടില്ലെന്നുമാണ് സുധാകരൻ്റെ പുതിയ വാദം. അങ്ങനെ അല്ല താൻ ഉദേശിച്ചതെന്നും, പറഞ്ഞ കൂട്ടത്തിൽ ലേശം ഭാവന കൂട്ടി പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു. താൻ കള്ളവോട്ട് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ലെന്നും സുധാകരൻ വെളിപ്പെടുത്തി.
തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന വെളിപ്പെടുത്തലിൽ ജി. സുധാകരനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് പുറത്തുവിട്ടിരുന്നു. തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേൽ എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്നായിരുന്നു കമ്മീഷന്‍റെ നിർദേശം. വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദേശം നൽകിയിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ കളക്ടർ ആലപ്പുഴ സൗത്ത് പൊലീസിന് നിർദേശം നൽകിയിരുന്നു. 36 വർഷം മുൻപുള്ള സംഭവം ആയതിനാൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടാണ് നിയമോപദേശം തേടിയത്. എന്നാൽ പ്രസ്താവനയെ തുടർന്ന് ഉണ്ടാവാൻ പോകുന്ന നിയമനടപടികളെ ഭയക്കുന്നില്ലെന്നും, കൊലക്കുറ്റമൊന്നുമല്ലല്ലോ, ചെയ്തതെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവന തിരുത്തിയത്.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തിൽ ഓർമത്തിരകൾ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തൽ. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരൻ ആദ്യം പറഞ്ഞത്. കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർത്തുവെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് ഇതെന്നും, കള്ളവോട്ട്, ബൂത്ത് പിടിത്തം തുടങ്ങിയവ സിപിഐഎമ്മിൻ്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു.