
കരുവന്നൂർ കേസിലെ ഇഡി കുറ്റപത്രത്തെ പൂർണമായും തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇഡി നടത്തുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സിപിഐഎമ്മിനെ ഒരു പ്രതിയാക്കി കളയാം എന്ന ധാരണയോടുകൂടെയാണ് ഇഡി മുന്നോട്ടുവന്നിരിക്കുന്നതെന്നും ഇല്ലാക്കഥയുണ്ടാക്കി കേസെടുക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക് നിരത്തിക്കൊണ്ടായിരുന്നു എം.വി. ഗോവിന്ദൻ്റെ ആരോപണം. 2015 മുതൽ ആകെ 193 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്സഭയിലും രാജ്യസഭയിലും കൃത്യമായി പറഞ്ഞ കണക്കാണിത്. എന്നാൽ ഇതിൽ ശിക്ഷ വിധിച്ചത് വെറും രണ്ട് കേസുകളിൽ മാത്രമാണെന്ന് എം.വി. ഗോവിന്ദൻ പറയുന്നു. ഇഡിയുടെ കണ്ടെത്തൽ ആരാണ് അംഗീകരിക്കുന്നതെന്ന് ചോദിച്ച സംസ്ഥാന സെക്രട്ടറി, രാഷ്ട്രീയ ഗൂഡാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയാണെന്നാണ് എം.വി. ഗോവിന്ദൻ്റെ പക്ഷം. കരുവന്നൂർ കേസിൽ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഐഎം വെറുതെ വിട്ടിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പാർട്ടിക്കെതിരെ കള്ളക്കഥയുണ്ടാക്കുകയാണ് ഇഡി. സുപ്രീം കോടതി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം സിപിഐഎമ്മിന് മേലെ കെട്ടിവെക്കാനാണ് പാർട്ടിയെ പ്രതിയാക്കുന്നത്. സിപിഐഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് കരുതുന്നതെങ്കിൽ അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. പാർട്ടിക്കും സർക്കാരിനും ഒരു ചുക്കും സംഭവിക്കില്ല. ഇഡിക്ക് കേരളത്തിലെ ജനങ്ങൾ കൃത്യമായ മറുപടി നൽകുമെന്നും പാർട്ടി രാഷ്ട്രീയമായും നിയമപരമായും ഇഡിക്കെതിരെ നീങ്ങുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഏഴ് ദിവസത്തിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. നിലമ്പൂരിൽ ഇത്തവണയും മഴവിൽ സഖ്യമാണെന്നും ബിജെപി സ്ഥാനാർഥിയെ നിർത്താത്തതെന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഐഎമ്മിനെയും മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതിപ്പട്ടികയിൽ ചേർത്ത്, പാർട്ടിയെ വെട്ടിലാക്കികൊണ്ടാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
എം.എം. വർഗീസും, എ.സി. മൊയ്തീനും, കെ. രാധാകൃഷ്ണൻ എംപിയും ഉൾപ്പെടെ എട്ട് രാഷ്ട്രീയ പ്രവർത്തകരാണ് അന്തിമ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. പുതുതായി ചേർത്ത 27 പേരുൾപ്പെടെ ആകെ 83 പ്രതികൾ പട്ടികയിലുണ്ട്. തട്ടിപ്പ് വഴി പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ സ്വത്തിൽ നിന്നും 128 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.