128 വർഷങ്ങൾക്ക് ശേഷം ഒളിംപിക്സിലേക്ക് ക്രിക്കറ്റിൻ്റെ മാസ്സ് റീ എൻട്രി; ചരിത്രം ഇങ്ങനെ!

1900ൽ നടന്ന ഏക അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു അതെന്നതും ക്രിക്കറ്റിന് അക്കാലത്ത് ലഭിച്ചിരുന്ന പ്രചാരം എത്രയാണെന്ന് സൂചിപ്പിക്കുന്നതാണ്.
128 വർഷങ്ങൾക്ക് ശേഷം ഒളിംപിക്സിലേക്ക് ക്രിക്കറ്റിൻ്റെ മാസ്സ് റീ എൻട്രി; ചരിത്രം ഇങ്ങനെ!
Published on


1900ലായിരുന്നു ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിൻ്റെ കന്നിവരവ്. ഓഗസ്റ്റ് 19, 20 തീയതികളിലായി അന്ന് പാരീസിൽ നടന്ന ദ്വിദിന ടെസ്റ്റ് മാച്ചിൽ ഗ്രേറ്റ് ബ്രിട്ടൺ, ഫ്രാൻസ് ടീമുകൾ മാത്രമായിരുന്നു ക്രിക്കറ്റിനെ പ്രതിനിധീകരിച്ച് മത്സരിക്കാനെത്തിയത്. ക്രിക്കറ്റിനായി പ്രത്യേകം ഗ്രൗണ്ടുകളൊന്നും അന്ന് ഫ്രാൻസിൽ ഇല്ലായിരുന്നതിനാൽ, വെലോഡ്രോം ഡി വിൻസെൻസ് എന്നു പേരായ സൈക്ലിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം നടത്തിയത്. പ്രതീക്ഷിച്ച പോലെ ഇംഗ്ലീഷുകാർ തന്നെയാണ് ചരിത്രത്തിലിടം പിടിച്ച ആ ഒളിംപിക്സ് ക്രിക്കറ്റ് മാച്ച് 158 റൺസിന് അനായാസം ജയിച്ച് ജേതാക്കളായത്.



അന്നത്തെ ഫ്രാൻസ് ടീമിൽ കളിച്ചവരിൽ 10 പേർ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. രണ്ട് പേർ മാത്രമായിരുന്നു ഫ്രഞ്ച് പൗരത്വം ഉണ്ടായിരുന്നവർ. പതിവിന് വിപരീതമായി 12 പേരെ വീതം ഇറക്കിയായിരുന്നു ഇരു ടീമുകളിലും മത്സരിക്കാനിറങ്ങിയത്. ആ വർഷം നടന്ന ഏക അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു അതെന്നതും ക്രിക്കറ്റിന് അക്കാലത്ത് ലഭിച്ചിരുന്ന പ്രചാരം എത്രയാണെന്ന് സൂചിപ്പിക്കുന്നതാണ്. അന്നത്തെ ആ ദ്വിദിന മത്സരം, 11 പേരിൽ കൂടുതൽ കളിച്ചതിനാൽ യഥാർഥത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായി പോലും പിന്നീട് പരിഗണിക്കപ്പെട്ടില്ല എന്നതും ചരിത്രമാണ്.

നാല് ഇന്നിങ്സുകളിൽ നിന്നായി 366 റൺസാണ് ആദ്യ ഒളിംപിക്സ് ക്രിക്കറ്റ് മാച്ചിൽ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഗ്രേറ്റ് ബ്രിട്ടൻ ഒന്നാമിന്നിങ്സിൽ 117 റൺസാണ് നേടിയത്. തുടർന്ന് ഫ്രാൻസിനെ ഒന്നാമിന്നിങ്സിൽ 78 റൺസിൽ ഓൾ ഔട്ടാക്കിയ ബ്രിട്ടൺ അഞ്ച് വിക്കറ്റിന് 145 റൺസ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആതിഥേയരായ ഫ്രാൻസിന് മുന്നിലുള്ള വിജയലക്ഷ്യം 185 റൺസായിരുന്നു. എന്നാൽ ഫ്രഞ്ച് പടയെ 26 റൺസിന് ഓൾഔട്ടാക്കി തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ 158 റൺസിന് മത്സരം ജയിച്ചു.



1896ലെ ആതൻസ് ഒളിംപിക്സിൽ തന്നെ ക്രിക്കറ്റിനെ ഉൾപ്പെടുത്തണമെന്ന് ആലോചനകൾ നടന്നിരുന്നു. എന്നാൽ പങ്കെടുക്കാൻ ടീമുകളെ കിട്ടാതെ വന്നതോടെയാണ് ആ കൊല്ലം ക്രിക്കറ്റിന് ആഗോള കായിക മാമാങ്കത്തിൽ ഇടംപിടിക്കാനാകാതെ പോയത്. 1900 പാരീസ് ഒളിംപിക്സിൽ ക്രിക്കറ്റിൽ മത്സരിക്കാൻ നെതർലൻഡ്സും ബെൽജിയവും തയ്യാറായിരുന്നു. ഒരു ക്രിക്കറ്റ് ടീമിനെ മത്സരത്തിനായി സജ്ജമാക്കാൻ കഴിയാതെ വന്നതോടെ നെതർലൻഡ്‌സ് പിന്മാറുന്നതായി അറിയിച്ചു. ഇതോടെ ബെൽജിയവും അവരുടെ ക്രിക്കറ്റ് ടീമിനെ പാരീസിലേക്ക് അയച്ചില്ല. ഒളിംപിക്സിന് സഹ ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ഇരു ടീമുകളും പിന്മാറിയതെന്നും മറ്റൊരു കഥയുമുണ്ട്.


ക്രിക്കറ്റിൻ്റെ മാസ്സ് റീ എൻട്രി!

2028 ലോസ് ആഞ്ചലസ് ഗെയിംസിലൂടെ വീണ്ടും ഒളിപിംക്സിലേക്ക് തിരിച്ചുവരാനൊരുങ്ങി നിൽപ്പാണ് ക്രിക്കറ്റ്. പുരുഷ, വനിതാ വിഭാഗങ്ങളിലായി ടി20യിൽ ആറ് വീതം ടീമുകൾ മാത്രമാണ് 2028 ഒളിപിംകിസിൽ മാറ്റുരയ്ക്കുകയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളിലുമായി പരമാവധി 180 താരങ്ങളെ പങ്കെടുപ്പിക്കാനേ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സമ്മതം മൂളിയിട്ടുള്ളൂ. അതായത് 2028 ഒളിംപിക്സിലേക്ക് ഒരു ദേശീയ ടീമിന് പരമാവധി 15 അംഗ ടീമിനെ അയക്കാമെന്ന് ചുരുക്കം.


എന്നിരുന്നാലും ലോക ക്രിക്കറ്റിനെ ചില വമ്പൻ ടീമുകൾക്ക് ഈ ഒളിംപിക്സിൽ പങ്കെടുക്കാനവസരം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. യോഗ്യതാ പ്രക്രിയ എന്താണെന്ന് ഐസിസിയോ ഐഒസിയോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ആതിഥേയരായ യുഎസ്എയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ഐസിസിയുടെ 12 ഫുൾ മെമ്പർ രാജ്യങ്ങളിൽ, അഞ്ച് ടീമുകൾക്ക് കൂടി മാത്രമേ ഒളിംപിക്സിൽ പോരടിക്കാൻ അവസരം ലഭിക്കൂ.

യുഎസ്എ കളിക്കും, ബാക്കി 5 ടീമുകൾ ആരൊക്കെ?

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അയർലൻഡ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിങ്ങനെ 12 ഫുൾ മെമ്പർ രാജ്യങ്ങളാണ് നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലുള്ളത്. ഇതിന് പുറമെ അസോസിയേറ്റ് അംഗങ്ങളായി 94 ടീമുകൾ വേറെയുമുണ്ട്.



2028 ലോസ് ആഞ്ചലസ് ഒളിപിംക്സ് ക്രിക്കറ്റ് പോരാട്ടങ്ങളുടെ ഷെഡ്യൂളും വേദികളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടൂർണമെന്റിന് മുന്നോടിയായി അവ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള കായിക ഭൂപടത്തിൽ ക്രിക്കറ്റിനെ ഒന്നുകൂടി വ്യക്തമായി അടയാളപ്പെടുത്താൻ ഈ മേളയിലൂടെ സാധിക്കും. 2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയിരുന്നു. 2023 ഏഷ്യൻ ഗെയിംസിലും പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകൾ ഭാഗമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com