
നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ നിലപാടെടുത്തതിൻ്റെ പേരിൽ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സൈബർ അണികളുടെ വിമർശനം. ദിവ്യയെ കുറ്റക്കാരിയാക്കാൻ പ്രതിപക്ഷത്തേക്കാൾ താൽപര്യം പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനാണെന്നാണ് ആക്ഷേപം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ സിപിഎം സംസ്ഥാന നേതൃത്വം കൂടി പിന്തുണച്ചതോടെ പാർട്ടിക്കെതിരെയും വിമർശനം തുടങ്ങി.
പി.പി. ദിവ്യയുടെ വിമർശനം സദുദ്ദേശപരമെന്നാണ് നവീൻ ബാബുവിൻ്റെ മരണത്തിനു പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്. എന്നാൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് അതായിരുന്നില്ല നിലപാട്. പി.പി. ദിവ്യ പറഞ്ഞത് സദുദ്ദേശമോ തിരുത്തലിന് വേണ്ടിയുള്ളതോ അല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. തിരുത്തേണ്ടത് ദിവ്യയാണെന്ന് തന്നെ നേതാക്കൾ സിപിഎം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ പറഞ്ഞുവെച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയെങ്കിലും അതിലും തൃപ്തരല്ല ജില്ലാ നേതൃത്വം. അതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി നവീൻ ബാബുവിൻ്റെ കുടുംബത്തെ കണ്ട് പിന്തുണ അറിയിച്ചത്. പക്ഷെ സോഷ്യൽ മീഡിയയിലെ ഇടത് അനുകൂലികളായ ഒരു വിഭാഗം ഇതിനെല്ലാം എതിർവശത്താണ്. പി.പി. ദിവ്യയെ തൂക്കിലേറ്റാൻ മാധ്യമങ്ങളേക്കാളും പ്രതിപക്ഷത്തേക്കാളും താത്പര്യം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ കെ.പി. ഉദയഭാനുവിനാണെന്നാണ് സിപിഎം സൈബർ അംഗത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിവ്യയോട് സിപിഎം കാണിച്ചത് വർഗ വഞ്ചനയാണെന്ന് സ്ഥാപിക്കുന്ന സൈബർ അണികൾ നവീൻ ബാബുവിനെ കുറ്റക്കാരനായി ഇപ്പോഴും പ്രതിഷ്ഠിക്കുന്നു.
വിവാദങ്ങൾ സിപിഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ നേതൃത്വങ്ങൾ തമ്മിലുള്ള പോരായി ഇതിനോടകം വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നടക്കുന്നതും അതിൻ്റെ ഭാഗമായാണ്. പാർട്ടി കുടുംബാംഗമായ നവീൻ ബാബുവിൻ്റെ മരണത്തെ എതിരാളികൾക്ക് ഒരു പരിധിക്ക് അപ്പുറം രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. വിഷയത്തിൽ പത്തനംതിട്ട ജില്ലാ നേതൃത്വം എടുത്ത ശക്തമായ നിലപാട് അതിന് കാരണമായെന്നും സിപിഎം വിലയിരുത്തുന്നു. എന്നാൽ സൈബർ ഇടങ്ങളില്‍ സജീവമായ പാർട്ടി അംഗത്വമില്ലാത്ത അണികളിലെ ഒരു വിഭാഗം വിപരീതമായ പ്രചരണമാണ് നടത്തുന്നത്.