"പലതവണ നിറകണ്ണുകളോടെ എഡിഎം ഓഫീസ് കയറിയിറങ്ങി"; പി.പി. ദിവ്യയുടെ വാദം ശരിവെച്ച് കെ. ഗംഗാധരൻ

എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി
"പലതവണ നിറകണ്ണുകളോടെ എഡിഎം ഓഫീസ് കയറിയിറങ്ങി"; പി.പി. ദിവ്യയുടെ വാദം ശരിവെച്ച് കെ. ഗംഗാധരൻ
Published on

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട പി.പി. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിലെ വാദം ശരിവെച്ച് കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി കെ. ഗംഗാധരൻ. കൃഷിസ്ഥലം സംബന്ധിച്ച ആവശ്യത്തിനായി എഡിഎമ്മിൻ്റെ ഓഫീസിൽ പലതവണ കയറിയിറങ്ങിയിട്ടും തടസവാദങ്ങൾ പറഞ്ഞ് ഒഴിവാക്കിയെന്നാണ് ഗംഗാധരൻ്റെ ആരോപണം. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി.

പി.പി. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ പരാമർശമുള്ളയാളാണ് റിട്ടയർഡ് അധ്യാപകനായ കെ. ഗംഗാധരൻ. ഇയാൾ കൃഷിസ്ഥലം മണ്ണിട്ട് നികത്തുന്നതിനെതിരെ, സ്ഥലം തരം മാറ്റുന്നുവെന്ന് കാട്ടി റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ തെങ്ങ് കൃഷിയുടെ ആവശ്യത്തിന് വേണ്ടവിധം തോപ്പിൽ മണ്ണിടുകയാണെന്ന് ബോധ്യപ്പെടുത്താനാണ് എഡിഎമ്മിനെ സമീപിച്ചതെന്ന് ഗംഗാധരൻ പറയുന്നു.

പല തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി. എഡിഎമ്മിന് പരിഹരിക്കാവുന്ന പ്രശ്നമായിട്ടും തൻ്റെ പരാതിയിൽ നീതി കിട്ടിയില്ല. പലപ്പോഴും കണ്ണുനിറഞ്ഞ് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്നാല്‍ നവീൻ ബാബു കൈക്കൂലി ആവശ്യപ്പെടുകയോ, താൻ നൽകുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് 2024 സെപ്റ്റംബര്‍ നാലിന് ഗംഗാധരൻ നവീൻ ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി കൊടുത്തിരുന്നു. ഈ പരാതിയാണ് ദിവ്യ തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാമർശിച്ചിട്ടുള്ളത്.

അതിനിടെ നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ ആരോപണം ഉന്നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ മുഖ്യന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കളക്ടർ ക്ഷണിച്ചിട്ടാണ് താൻ ചടങ്ങിന് പോയതെന്ന് ദിവ്യയും, താൻ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറും കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.

ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലെത്തിയാണ് കളക്ടർ മുഖ്യമന്ത്രിയെ കണ്ടത്. യാത്രയയപ്പ്, ദിവ്യയുടെ പ്രസംഗം, എഡിഎമ്മിന്റെ ആത്മഹത്യ, പെട്രോൾ പമ്പ് എൻഒസി ഫയൽ നീക്കം... തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയോട് കളക്ടർ വിശദീകരിച്ചു. അതേസമയം, കളക്ടർ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുത്ത പിണറായിയിലെ സ്കൂൾ ഉദ്ഘാടനത്തിലും മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന കളക്ടർ എത്തിയില്ല. അതേസമയം പി.പി. ദിവ്യക്കെതിരെ സൈബർ ആക്രമണം നടക്കുന്നെന്ന് കാണിച്ച് ഭർത്താവ് വി.പി. അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com