
ഈ നൂറ്റാണ്ടിലെ ഏറ്റവും വിലകൂടിയ വാഴപ്പഴം, ന്യൂയോർക്കിലെ ആർട്ട് ഗാലറിയിൽ നിന്നും ജസ്റ്റിൻ സൺ സ്വന്തമാക്കിയ 'കൊമേഡിയൻ' കലാസൃഷ്ടി ഒടുവിൽ ഉടമയ്ക്ക് തന്നെ ഭക്ഷണമായി. മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നിൽ, ഹോങ്‌കോങ്ങിലെ ഹോട്ടലിൽ വെച്ചാണ് ക്രിപ്റ്റോ കറൻസി സംരംഭകനായ ജസ്റ്റിൻ സൺ ലേലത്തിൽ സ്വന്തമാക്കിയ ആ വാഴപ്പഴം അകത്താക്കിയത്.
2019ൽ മൊറിസോ കാറ്റലൻ എന്ന ഇറ്റാലിയൻ കലാകാരനാണ് ആദ്യമായി കൊമേഡിയൻ എന്ന പേരിൽ വാഴപ്പഴം പ്രദർശനത്തിനു വച്ചത്. ബേസൽ മിയാമി ബീച്ചിലായിരുന്നു ചിരിയും ചിന്തയും നിറയ്ക്കുന്ന വാഴപ്പഴത്തിൻ്റെ ആ പ്രദർശനം. വെളുത്ത ചുവരിൽ ഒട്ടിച്ച് വച്ച വാഴപ്പഴം അന്ന് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതെന്ത് ആർട്ട് വർക്കാണെന്ന തരത്തിൽ ചോദ്യമുയർന്നു. മറ്റൊരു കലാകാരൻ ആ പഴം പറിച്ചെടുത്ത് കഴിക്കുകയും ചെയ്തു. എന്നാൽ, ആ എക്സിബിഷനിൽ വലിയ ജനശ്രദ്ധ ലഭിച്ചതോടെ കൊമേഡിയൻ താരമായി.
പിന്നീട് പല തവണ ഇതേ രീതിയിൽ പ്രദർശനത്തിന് വച്ചപ്പോഴും, ഒരു ലക്ഷത്തിലധികം ഡോളറുകൾക്കാണ് കൊമേഡിയൻ വിറ്റുപോയത്. വർഷങ്ങൾക്ക് ശേഷം കൊമേഡിയൻ വീണ്ടും പ്രദർശനത്തിനെത്തിയപ്പോൾ, വലിയ രീതിയിൽ പ്രചാരമാണ് ആ കലാസൃഷ്ടിക്ക് ലഭിച്ചത്. ന്യൂയോർക്കിലെ ആർട്ട് ഗാലറിയുടെ ചുമരിൽ വെള്ളി നിറമുള്ള ടേപ്പ് കൊണ്ട് ഒട്ടിച്ച് വെച്ച വാഴപ്പഴം കാണാനുള്ള കൗതുകവുമായി ആർട്ട് ഗ്യാലറിയിലേക്ക് ജനപ്രവാഹം തന്നെ ഒഴുകിയെത്തി. തിരക്ക് കൂടിയതോടെ കൊമേഡിയന് സുരക്ഷയ്ക്കായി പ്രത്യേകം ഉദ്യേഗസ്ഥരെ വരെ ആർട്ട് ഗ്യാലറിയിൽ നിയമിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഈ വാർത്ത റിപ്പോർട്ട് ചെയ്തു. നിരവധി പേർ കൊമേഡിയനെ സ്വന്തമാക്കാൻ വലിയ തുകയുമായി മുന്നോട്ടുവന്നു. എന്നാൽ, 6.2 ദശലക്ഷം യുഎസ് ഡോളറുകൾക്കാണ് ലേലത്തിൽ ജസ്റ്റിൻ സൺ ആ വാഴപ്പഴം സ്വന്തമാക്കിയത്. അതായത്, ഏകദേശം 52 കോടിയിലധികം രൂപയ്ക്ക്.
കഴിഞ്ഞ ആഴ്ച കൊമേഡിയനെ സ്വന്തമാക്കിയ വേളയിൽ തന്നെ ജസ്റ്റിൻ സൺ, താൻ 6.2 ദശലക്ഷം യുഎസ് ഡോളർ മുടക്കി വാങ്ങിയ വാഴപ്പഴം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ഭക്ഷിക്കുമെന്ന് വാക്ക് നൽകിയിരുന്നു. അതും ഒരു ചരിത്രനിമിഷമാകുമെന്ന് ജസ്റ്റിൻ അറിയിച്ചു. ഒടുവിൽ, നിരവധി മാധ്യമങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും മുന്നിൽ പെനിൻസുല ഹോട്ടലിൽ വച്ച്, കൊമേഡിയനെ അകത്താക്കിയ ജസ്റ്റിൻ, മുൻപ് കഴിച്ചിട്ടുള്ള വാഴപ്പഴങ്ങളേക്കാൾ പ്രത്യേകതയുള്ള രുചിയാണ് കൊമേഡിയൻ്റേതെന്ന് റിവ്യൂവും പറഞ്ഞു.