ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും; ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിർദേശം

ഒക്‌ടോബർ 24ന് രാത്രി മുതൽ ഒക്‌ടോബർ 25ന് രാവിലെ വരെ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുമെന്നാണ് മുന്നറിയിപ്പ്
ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും; ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിർദേശം
Published on

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടുമെന്നിരിക്കെ ഒഡിഷയിലും ബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒഡീഷയിലെ ഭിതാർകനിക, ധമ്ര എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഇന്ന് രാത്രി ആഞ്ഞടിക്കുമെന്നാണ് നിഗമനം. അപകട മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വിമാന, റെയിൽ സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി മുതൽ ചുഴലിക്കാറ്റ് വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാൾ തീരത്തിനും ഇടയിൽ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കരുതൽ നടപടികളും സ്വീകരിച്ചുവരികയാണ്.

ഒക്‌ടോബർ 24ന് രാത്രി മുതൽ ഒക്‌ടോബർ 25ന് രാവിലെ വരെ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സമയത്ത് കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 120 കി.മീ ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ ഡയറക്ടർ ജനറൽ ( ഐഎംഡി) മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

ചുഴലിക്കാറ്റിൻ്റെ പാതയിൽ കിടക്കുന്ന കേന്ദ്രപാര, ഭദ്രക്, ബാലസോർ, ജഗത്സിംഗ്പൂർ, പുരി എന്നീ ജില്ലകളിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി പറഞ്ഞു. 30 ശതമാനത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. നാളെ രാവിലെ 11 മണിയോടെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടി രാത്രി മുഴുവൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ 16 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. സംസ്ഥാനത്ത് ട്രെയിൻ സർവീസുകളും നിർത്തിവെച്ചു.

Also Read: രാജ്യത്തുള്ളത് "പല്ലില്ലാത്ത" പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ; കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

പശ്ചിമ ബംഗാൾ ബാധിത പ്രദേശങ്ങളിൽ നിന്ന് 1.4 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. സാഗർ ദ്വീപ്, സുന്ദർബൻസ്, കാക്ദ്വീപ്, ബങ്കുറ, ഹൂഗ്ലി, ഹൗറ, നോർത്ത്, സൗത്ത് 24 പർഗാനാസ്, പാസ്ചിം, പുർബ മേദിനിപൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് 2.8 ലക്ഷം പേരെ ഒഴിപ്പിക്കും.

കൊൽക്കത്ത വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 15 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. കിഴക്കൻ റെയിൽവേ 190 ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. ബംഗാളിലെ ദിഘ, ശങ്കർപൂർ, താജ്പൂർ തുടങ്ങിയ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരികൾ വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും സുരക്ഷാ മുൻകരുതൽ നിർദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ സേനയുടെ ഒന്നിലധികം ബറ്റാലിയനുകൾ ഇരു സംസ്ഥാനങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ജാഗ്രതയിലാണ്, മത്സ്യത്തൊഴിലാളികളോട് രണ്ട് ദിവസവും കടലിൽ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയിലെ 56 ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്.

ഒഡീഷയിൽ മാത്രം 20 ടീമുകളുണ്ട്, അതിൽ ഒന്ന് റിസർവിലാണ്, പശ്ചിമ ബംഗാളിലെ 17 ടീമുകളിൽ 13 എണ്ണം റിസർവിലാണ്. അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും വെള്ളപ്പൊക്കവും നേരിടാൻ സാധ്യതയുള്ളതിനാൽ ആന്ധ്രാപ്രദേശിലും ജാർഖണ്ഡിലും ഒമ്പത് ടീമുകൾ വീതവും ഛത്തീസ്ഗഢിൽ ഒരെണ്ണം വീതവും വിന്യസിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com