ഫാല്‍ക്കെ ജിയേ കുറിച്ച് ആരെങ്കിലും സിനിമ നിര്‍മിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിക്കേണ്ടത് അത്യാവശ്യമല്ലേ? കുടുംബത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല കാരണം യഥാര്‍ത്ഥ കഥകള്‍ അറിയുന്നത് ഞങ്ങള്‍ക്കാണ് : ഫാല്‍ക്കെയുടെ കൊച്ചുമകന്‍
ബോളിവുഡ് താരം ആമിര്‍ ഖാനും തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറും ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ബയോപിക് ചെയ്യാനൊരുങ്ങുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയം. ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ ഹിരാണിയാണ്. ഇരുവരും 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ ചിത്രം എസ്.എസ്. രാജമൗലിയാണ് നിര്‍മിക്കുന്നത്. ഇവരില്‍ ആരായിരിക്കും ദാദാസാഹിബ് ഫാല്‍ക്കെയായി ബിഗ്‌സ്‌ക്രീനിലെത്തുക എന്ന ചര്‍ച്ചകളാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ നടക്കുന്നത്.
എന്നാല്‍ ദാദാസാഹിബ് ഫാല്‍ക്കെയുടെ കൊച്ചുമകന്‍ ഈ രണ്ട് പ്രൊജക്ടുകളെയും കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അമര്‍ ഉജാലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാല്‍ക്കെയുടെ കൊച്ചുമകന്‍ ചന്ദ്രശേഖര്‍ ശ്രീകൃഷ്ണ പുസല്‍കര്‍ സിനിമകളെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
എസ്.എസ്. രാജമൗലി-ജൂനിയര്‍ എന്‍ടിആര്‍ സിനിമയോട് താല്‍പര്യമില്ലെന്നാണ് ഫാല്‍ക്കെയുടെ കൊച്ചുമകന്‍ പറഞ്ഞത്. രാജമൗലി സിനിമയെ കുറിച്ച് ഒരു ചര്‍ച്ചയും താനുമായി നടത്തിയിട്ടില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. "ഞാന്‍ രാജമൗലിയുടെ സിനിമയെ കുറിച്ച് കേട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നോട് അതേ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. രാജമൗലിയുടെ പേരില്‍ ആരും എന്നോട് സംസാരിച്ചിട്ടില്ല. ഫാല്‍ക്കെ ജിയേ കുറിച്ച് ആരെങ്കിലും സിനിമ നിര്‍മിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിക്കേണ്ടത് അത്യാവശ്യമല്ലേ? കുടുംബത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല കാരണം യഥാര്‍ത്ഥ കഥകള്‍ അറിയുന്നത് ഞങ്ങള്‍ക്കാണ്", ചന്ദ്രശേഖര്‍ പറഞ്ഞു.
ALSO READ : മൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടുമൊരു സിംഗിള്‍; ആല്‍ബത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകര്‍
അതേസമയം ആമിര്‍ ഖാന്‍ - രാജ്കുമാര്‍ ഹിരാണി ചിത്രത്തെ കുറിച്ച് അദ്ദേഹം സന്തോഷവാനാണ്. മൂന്ന് വര്‍ഷമായി സിനിമയുടെ അസിസ്റ്റന്റ് പ്രൊഡ്യൂസറായ ഹിന്ദുകുഷ് ഭരദ്വാജ് താനുമായി സംസാരിക്കുന്നുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. "ആമിര്‍-ഹിരാനി ടീം ഞങ്ങളുടെ വിശ്വാസം നേടാനായി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. അവരുടെ പ്രൊജക്ട് എനിക്ക് തീര്‍ച്ചയായും സര്‍പ്രൈസായിരുന്നു. അവര്‍ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പോകുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നു. പിന്നെ അവരുടെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ മൂന്ന് വര്‍ഷമായി എന്നോട് ഇതേ കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം എന്നെ വന്ന് ഒരുപാട് തവണ റിസേര്‍ച്ചിനായി കണ്ടിട്ടുണ്ട്. ഞാന്‍ അവരോട് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ശരിയാണ്. എനിക്ക് സിനിമ ചെയ്യുന്നതിനോട് എതിര്‍പ്പില്ല എന്ന് പറയുകയും ചെയ്തിരുന്നു", എന്നും കൊച്ചുമകന്‍ വ്യക്തമാക്കി.
ആമിര്‍ ഖാന്‍ ഫാല്‍ക്കെയായി സ്‌ക്രീനിലെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫാല്‍ക്കെയുടെ ഭാര്യ സരസ്വതിബായി ഫാല്‍ക്കെയായി വിദ്യാ ബാലനെ കാസ്റ്റ് ചെയ്യണമെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
ത്രീ ഇഡിയട്‌സ്, പി.കെ. എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിരാണിയും ആമിര്‍ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. നാല് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ നടക്കുകയാണ്. ഇന്ത്യന്‍ സിനിമയെ മാറ്റി മറിച്ച ഇതിഹാസ സംവിധായകന്‍ ജീവിതം പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 ഒക്ടോബറില്‍ ആരംഭിക്കും.