പൊലീസ് ക്രൂരതയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയായിട്ടില്ല
മോഷണക്കുറ്റം ചുമത്തി പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്ത ദളിത് യുവതി നേരിട്ടത് 20 മണിക്കൂർ നീണ്ട ക്രൂരമായ മാനസിക- ശാരീരിക പീഡനങ്ങൾ. ഏപ്രിൽ 23ന് സ്റ്റേഷനിൽ നേരിട്ടതിനെക്കുറിച്ച് വിവരിക്കുമ്പോൾ നെടുമങ്ങാട് സ്വദേശി ബിന്ദുവിൻ്റെ കണ്ണുകൾ ഇപ്പോഴും നിറയുകയാണ്. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും ബിന്ദുവിന് ഇനിയും നീതി കിട്ടിയിട്ടില്ല.
കഴിഞ്ഞമാസം 23 നാണ് സംഭവം. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴി ബിന്ദുവിന് പേരൂർക്കട സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ വന്നു. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഫോൺ കോൾ. താൻ മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും തിരിച്ചു കേട്ടത് ചീത്ത വിളികൾ. പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ALSO READ: കടം കൊടുത്ത പണം തിരികെ ചോദിച്ചു; വയനാട്ടിൽ 49 കാരനെ നാലംഗ സംഘം മർദിച്ചതായി പരാതി
കസ്റ്റഡിയിൽ എടുത്തെന്ന വിവരം കുടുംബത്തെ അറിയിക്കാൻ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ല. പിന്നാലെ മഫ്തിയിലുള്ള പൊലീസ് സംഘം പരാതിക്കാരിയുടെ കാറിൽ ബിന്ദുവുമായി വീട്ടിലേക്ക് തിരിച്ചു. തൊണ്ടിമുതൽ തേടിയായിരുന്നു ബിന്ദുവിനൊപ്പം പൊലീസ് വീട്ടിലെത്തിയത്. ഒരു സംഘം ആളുകൾക്കൊപ്പം ബിന്ദു വീട്ടിലേക്ക് വരുന്നത് കണ്ട ഭർത്താവിന് ആദ്യം കാര്യം മനസ്സിലായിരുന്നില്ല. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു.
ഒടുവിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ മാല വീട്ടിൽ നിന്നുതന്നെ തിരിച്ചുകിട്ടി. മേലാൽ കണ്ടു പോകരുതെന്ന താക്കീത് കൂടി നൽകിയായിരുന്നു ബിന്ദുവിനെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടത്. 23ാം തീയതി അനുഭവിച്ചതൊക്കെയും വിശദമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിനും ബിന്ദു പരാതി നൽകിയിട്ടുണ്ട്. എന്നാൽ ദിവസം ഇത്രയായിട്ടും അതിലും നടപടിയായിട്ടില്ല.