fbwpx
Darlings : 'സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരോഗ്യത്തിന് ഹാനികരം' എന്ന് പഠിപ്പിച്ച ബദ്രുന്നീസ

സാധാരണ കണ്ടു വരുന്ന ഹീറോകളെ പോലെ വയലന്‍സിലൂടെ വില്ലനോട് പ്രതികാരം ചെയ്യുന്ന വ്യക്തിയായി ബദ്രുന്നീസ മാറിയേനെ. ആ ഗ്ലോറിഫിക്കേഷന്‍ ഡാര്‍ളിംഗ്‌സില്‍ സംഭവിക്കുന്നില്ല. തീര്‍ച്ചയായും ബദ്രുന്നീസ ഹംസയെ ഉപദ്രവിക്കുന്നുണ്ട്. പക്ഷെ അവസാനം അവള്‍ വയലന്‍സ് അല്ലെങ്കില്‍ പ്രതികാരം അല്ല ഒന്നിനും പരിഹാരമെന്ന തിരിച്ചറിവിലേക്ക് എത്തുകയാണ്

BOLLYWOOD MOVIE



നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2022ലെ റിപ്പോര്‍ട്ട് അനുസരിച്ച് 4,45,256 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഡൊമസ്റ്റിക് വൈലന്‍സുമായി ബന്ധപ്പെട്ടതാണ്. അഥവാ ഭര്‍ത്താവില്‍ നിന്നോ അയാളുടെ ബന്ധുക്കളില്‍ നിന്നോ അതിക്രമം നേരിടുന്ന സ്ത്രീകളുടെ ശതമാനം 31.4 ആണ് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2021ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം 64.5 ശതമാനമായിരുന്നെങ്കില്‍ 2022ലേക്ക് വരുമ്പോള്‍ അത് 66.4 ശതമാനമായി കൂടിയിരുന്നു.

2025ല്‍ എത്തി നില്‍ക്കുമ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം. പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം. അത്തരത്തില്‍ ഡൊമസ്റ്റിക് വൈലന്‍സിന് ഇരയായ സ്ത്രീയാണ് ഡാര്‍ളിംഗ്‌സ് എന്ന സിനിമയിലെ ആലിയ ഭട്ടിന്റെ ബദ്രുന്നീസയും.


മുംബൈയിലെ ബൈക്കുളയില്‍ ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് ബദ്രുന്നീസ എന്ന ബദ്രു ജനിച്ചത്. അവള്‍ക്ക് സ്വന്തമെന്ന് പറയാന്‍ അമ്മ മാത്രമെയുള്ളൂ. പ്രണയിച്ചാണ് അവള്‍ ഹംസയെ വിവാഹം കഴിച്ചത്. സന്തോഷമായൊരു കുടുംബം കുഞ്ഞ് എന്നൊക്കെയുള്ള ചെറിയ സ്വപ്‌നങ്ങളെ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അത് ചെറുതാണെങ്കിലും അവള്‍ക്ക് അത് വലുതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഹംസ എത്ര ഉപദ്രവിച്ചിട്ടും ബദ്രു അവനൊപ്പം ജീവിതം തുടര്‍ന്നത്.

വിജയ് വര്‍മ്മയുടെ ഹംസ മദ്യപാനിയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ കല്ല് കടിക്കുന്നത് മുതല്‍ സംശയ രോഗം വരെ നീളുന്ന ഹംസയ്ക്ക് ബദ്രുവിനെ തല്ലാനുള്ള കാരണങ്ങള്‍. ബദ്രു അതെല്ലാം മിണ്ടാതെ ഏറ്റുവാങ്ങും. പിറ്റേ ദിവസം ഹംസ ഡാര്‍ളിംഗ്‌സ് എന്ന് വിളിച്ച് ബദ്രുവിന് അടുത്ത് വരുന്നതോടെ അവര്‍ തമ്മിലുള്ള പ്രശ്‌നം എല്ലാം ശരിയാകും. എന്നാല്‍ ഇത് ശരിക്കും ഒരു പാറ്റേണാണ്. ഉപദ്രവം മുതല്‍ മാപ്പ് പറച്ചില്‍ വരെ നീളുന്ന പാറ്റേണ്‍. ദിവസേന ബദ്രുവിന്റെ ജീവിതത്തില്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്. അവള്‍ ഇനി ഇപ്പോള്‍ എത്ര തന്നെ ശ്രദ്ധിച്ചാലും ഹംസ അവളെ ഉപദ്രവിച്ചിരിക്കും.



ALSO READ : MAID : മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ച അലെക്‌സ്




സാധാരണ നമ്മള്‍ ഇത്തരം സ്ത്രീകള്‍ക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം കാണാറില്ല. എന്നാല്‍ ബദ്രുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഷിഫാലി ഷാ അവതരിപ്പിച്ച ഷംസുന്നീസ എന്ന അമ്മ കഥാപാത്രം സാധാരണ നമ്മള്‍ കണ്ടു ശീലിച്ച അമ്മമാരില്‍ നിന്ന് വ്യത്യസ്തമാണ്. ഹംസ ബദ്രുവിനെ ആദ്യമായി ഉപദ്രവിച്ചപ്പോള്‍ തന്നെ ഷംസുന്നീസ അവളോട് തിരികെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം ഷംസുന്നീസ ബദ്രുവിനോട് ഹംസയെ ഉപേക്ഷിക്കാനാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമയിലെ ഒരു സീനില്‍ ബദ്രു, മദ്യപാനം കുറയ്ക്കാനുള്ള മരുന്ന് ഹംസയ്ക്ക് കൊടുത്തു ഇനി പ്രശ്‌നം ഉണ്ടാകില്ലെന്ന് പറയുന്നുണ്ട്. അപ്പോള്‍ ഷംസുന്നീസ പറയുന്നത്, വിഷം കലക്കി കൊടുക്കാനാണ്. എന്നാല്‍ പ്രശ്‌നം എന്നന്നേക്കുമായി തീരുമെന്നാണ് അവര്‍ പറയുന്നത്. തമാശയ്ക്കാണെങ്കിലും ആ പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നത് ബദ്രുവിനെ തിരിച്ചുകിട്ടാന്‍ അവസാനത്തെ വഴി അതാണെങ്കില്‍ അവര്‍ അതും ചെയ്യുമെന്നാണ്. സാധാരണ എല്ലാം സഹിച്ച് നില്‍ക്ക് എന്ന് പറഞ്ഞുകൊടുക്കുന്ന അമ്മമാരില്‍ നിന്നും ഷംസുന്നീസ വ്യത്യസ്തയാവുന്നതും അവിടെയാണ്. അതിന് കാരണം ഷംസുന്നീസയും ബദ്രുവിനെ പോലെ ഡൊമസ്റ്റിക് വയലന്‍സിന്റെ ഇരയായിരുന്നു എന്നതാണ്.

സിനിമയില്‍ ഹംസയുടെ ഉപദ്രവം സഹിക്കാതെ ബദ്രു പൊലീസ് സ്റ്റേഷനില്‍ പോകുന്നുണ്ട്. അവിടെ വെച്ച് ഹംസ തന്നെ അവളെ മാനുപുലേറ്റ് ചെയ്ത് പരാതി കൊടുപ്പിക്കാതിരിക്കും. അവിടെ വെച്ച് ഹംസ ബദ്രുവിന് വാക്കുകൊടുക്കും ഇനി മോശമായി പെരുമാറില്ലെന്ന്. അത് ബദ്രു വീണ്ടും വിശ്വസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അവളുടെ അമ്മ ബദ്രുവിനോട് ഹംസ സഹായിക്കുന്നവരെ തിരിഞ്ഞുകടിക്കുന്ന തേളിനെ പോലെയാണെന്നാണ് പറയുന്നത്.


താമസിയാതെ തന്നെ ബദ്രുവിന് ഹംസ തേളാണെന്ന് മനസിലാകുകയും ചെയ്യുന്നുണ്ട്. പക്ഷെ അതിന് അവള്‍ക്ക് നഷ്ടപ്പെട്ടത് അവളുടെ കുഞ്ഞിനെ ആയിരുന്നു. ഗര്‍ഭിണിയായിരുന്ന ബദ്രുവിനെ ഹംസ സംശയത്തിന്റെ പേരില്‍ ഉപദ്രവിക്കുകയും അവള്‍ക്ക് മിസ് കാരേജ് സംഭവിക്കുകയും ചെയ്യുന്നു. അന്ന് രാത്രി ആ ആശുപത്രിയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ബദ്രുവിന്റെ മനസില്‍ ഒന്ന് മാത്രമെ ഉണ്ടായിരുന്നുള്ളു. ഹംസയോടുള്ള അടങ്ങാത്ത പക.

എല്ലാം സഹിച്ച് ഹംസയുടെ ഡാര്‍ളിംഗ്‌സ് വിളിയും കേട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഇനി അവള്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ബദ്രു ഹംസയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നത്. അതിന് അവള്‍ക്ക് അമ്മ ഫുള്‍ സപ്പോര്‍ട്ടും. ഇവിടെ വെച്ചാണ് സംവിധായിക ജസ്മീത് കെ റീന്‍ സിനിമയുടെ ഗതി മാറ്റി മറയ്ക്കുന്നത്. അതുവരെ ഭയത്തോടെ ഓരോ സീനും കണ്ടിരുന്ന പ്രേക്ഷകന് പിന്നെ ലഭിക്കുന്നത് മറ്റൊരു തരത്തിലുള്ള ഭയമാണ്. കാരണം ഇനി അടി കിട്ടാന്‍ പോകുന്നത് ബദ്രുവിനല്ല, ഹംസയ്ക്കാണ്.

അതെ ബദ്രു പറഞ്ഞത് പോലെ, ഫീല്‍ഡിംഗ് കുറേ ആയി ചെയ്യുന്നു, ഇനി ബാറ്റിംഗ് തുടങ്ങാം.


ഹംസയോട് പ്രതികാരം ചെയ്യാന്‍ വേണ്ടി ഉറക്കഗുളിക കൊടുത്ത അവനെ കെട്ടിയിട്ടിരിക്കുകയാണ് ബദ്രു. എന്നാല്‍ കൃത്യമായി എന്തു ചെയ്യണമെന്ന് അവള്‍ക്ക് ഇപ്പോഴും അറിയില്ല. അമ്മ അവനെ കൊന്ന് പെട്ടിയിലാക്കി കൊണ്ട് കളയാം എന്നൊക്കെ പറയുമ്പോഴും ബദ്രു അതിന് സമ്മതിക്കുന്നില്ല. ബദ്രുവിന് തിരിച്ചു വേണ്ടത് അവളുടെ അഭിമാനമാണ്. ഹംസ നിരന്തരം ഉപദ്രവിച്ചപ്പോള്‍ ഇല്ലാതായ അവളുടെ അഭിമാനം. അവന്‍ എന്നോട് ചെയ്തതെല്ലാം എനിക്ക് തിരിച്ചു ചെയ്യണമെന്നും അവള്‍ പറയുന്നുണ്ട്.

കെട്ടിയിട്ട് ഹംസയെ ബദ്രു ഉപദ്രവിക്കുന്നുണ്ടെങ്കിലും അവളുടെ ഉള്ളില്‍ ഭയവും സംശയവും ഉണ്ട്. അത് വ്യക്തമാകുന്നത് കെട്ടുപൊട്ടിച്ച് ഹംസ അവളെ തല്ലാനായി വരുമ്പോഴാണ്. ഓരോ നിമിഷവും ഹംസയ്‌ക്കൊപ്പം അവള്‍ ഭയന്ന് തന്നെയാണ് ജീവിക്കുന്നത്. ജീവിതത്തില്‍ അവള്‍ സ്വയം കണ്ട്രോളെടുക്കുന്നുണ്ടെങ്കിലും അവള്‍ അതിന് പൂര്‍ണ്ണമായും തയ്യാറായിട്ടില്ലെന്ന് പലപ്പോഴും നമുക്ക് തോന്നും.



ALSO READ : മോഡേണ്‍ ഇന്ത്യന്‍ സ്ത്രീയെ പൊളിച്ചെഴുതിയ പീകു



അവസാനം അമ്മയും ബദ്രുവും ഹംസയെ കൊല്ലാന്‍ തന്നെ തീരുമാനിക്കും. എന്നാല്‍ റെയില്‍വേ ട്രാക്കില്‍ വെച്ച് ബദ്രു പറയുന്നത്, എനിക്ക് അവനെ പോലെ ആവണ്ട എന്നാണ്. ഞാനും തേള്‍ ആയി മാറുകയാണെങ്കില്‍ ഇതില്‍ എന്താണ് കാര്യമെന്നാണ് അവള്‍ അമ്മയോട് ചോദിക്കുന്നത്. എനിക്ക് എന്റെ അഭിമാനമായിരുന്നു വേണ്ടിയിരുന്നു. പക്ഷെ അത് അവന്റെ കയ്യില്‍ അല്ലെല്ലോ എന്റെ അടുത്ത് തന്നെ അല്ലേ ഉള്ളത് എന്ന തിരിച്ചറിവിലാണ് ബദ്രു സിനിമയുടെ അവസാനം എത്തുന്നത്.

ആ തിരിച്ചറിവാണ് ബദ്രുവിനെ ഹംസയില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. അല്ലെങ്കില്‍ സാധാരണ കണ്ടു വരുന്ന ഹീറോകളെ പോലെ വയലന്‍സിലൂടെ വില്ലനോട് പ്രതികാരം ചെയ്യുന്ന വ്യക്തിയായി ബദ്രുവും മാറിയേനെ. ആ ഗ്ലോറിഫിക്കേഷന്‍ ഇവിടെ സംഭവിക്കുന്നില്ല. തീര്‍ച്ചയായും ബദ്രുവും ഹംസയെ ഉപദ്രവിക്കുന്നുണ്ട്. പക്ഷെ അവസാനം അവള്‍ വയലന്‍സ് അല്ലെങ്കില്‍ പ്രതികാരം അല്ല ഒന്നിനും പരിഹാരമെന്ന തിരിച്ചറിവിലേക്ക് എത്തുകയാണ്.


ജസമീത് കെ റീന്‍ നാം ഓരുരുത്തരോടും പ്രത്യേകിച്ച് സ്ത്രീകളോട് ബദ്രുവിലൂടെ പറയാന്‍ ഉദ്ദേശിച്ചതും അത് തന്നെയാണ്. സെല്‍ഫ് റെസ്‌പെക്ട് അത് സ്വയം നമ്മുടെ കയ്യില്‍ തന്നെ ഉള്ളതാണ്. അതേത് നിമിഷവും നമുക്ക് തിരിച്ചുപിടിക്കാവുന്നതാണ്. ഇത്തിരി ധൈര്യവും മാറി ചിന്തിക്കാനുള്ള മനസും ഉണ്ടായാല്‍ മാത്രം മതി. പിന്നെ തമാശയിലൂടെ ആണെങ്കിലും ജസ്മീത് പറയുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ആരോഗ്യത്തിനും ഹാനികരമാണ് എന്നാണ്.

ആദ്യം പറഞ്ഞ കണക്കുകള്‍ പോലെ എത്രയോ ബദ്രുമാര്‍ രാജ്യത്തും ലോകത്തും ഉണ്ട്. അവര്‍ക്കെല്ലാം മാറി ചിന്തിക്കാനും സെല്‍ഫ് റെസ്‌പെക്ട് തിരിച്ചുപിടിക്കാനും എപ്പോഴും സാധിക്കട്ടെ എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷെ ഇവിടെ മാറ്റം വരേണ്ടത് സ്ത്രീകള്‍ക്കല്ല. ഭാര്യയായാല്‍ പിന്നെ എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്ന വൃത്തിക്കെട്ട പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ചിന്തയ്ക്കാണ്. ആ ചിന്തയില്‍ നിന്നാണ് രാജ്യത്ത് സ്ത്രീകള്‍ ഇത്രയും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. അതിന് മാറ്റം വരാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതാണ് വേദനിപ്പിക്കുന്ന കാര്യം.

KERALA
നെടുമങ്ങാട് സ്വദേശിയായ സൈനികന്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍
Also Read
user
Share This

Popular

NATIONAL
KERALA
രാജസ്ഥാനില്‍ പാക് റേഞ്ചര്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്