fbwpx
വയനാട്ടില്‍ DCC ട്രഷറര്‍ ജീവനൊടുക്കിയ സംഭവം: സാമ്പത്തിക പ്രശ്നങ്ങൾ അറിയില്ലെന്ന ജില്ലാ നേതൃത്വത്തിൻ്റെ വാദം പൊളിയുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Jan, 2025 08:12 AM

നിലവിലെ ഡിസിസി വൈസ് പ്രസിഡൻ്റാണ് എൻ.എം. വിജയൻ്റെ പേരിലുള്ള സാമ്പത്തിക കരാറുകൾക്ക് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്

KERALA


വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റെയും ആത്മഹത്യയിൽ, സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ വാദം പൊളിയുന്നു. നിലവിലെ ഡിസിസി വൈസ് പ്രസിഡൻ്റാണ് എൻ.എം. വിജയൻ്റെ പേരിലുള്ള സാമ്പത്തിക കരാറുകൾക്ക് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്. മരണ സമയത്തും എൻ.എം. വിജയൻ കടുത്ത സാമ്പത്തിക ബാധ്യതകളുടെ നടുവിലായിരുന്നുവെന്നതിതിനുള്ള രേഖകളും ന്യൂസ് മലയാളത്തിന് ലഭിച്ചു.


കോൺഗ്രസ് നേതാവിൻ്റെ നിർദേശപ്രകാരം എൻ.എം. വിജയൻ സ്ഥലം ഈട് നൽകി പലിശയ്ക്ക് വാങ്ങിയത് 20 ലക്ഷം രൂപയാണ്. 20 ലക്ഷം വാങ്ങിയ ഈ കരാറിൽ നിലവിലെ ഡിസിസി വൈസ് പ്രസിഡൻ്റ് ഒപ്പിട്ടിരിക്കുന്നു. ഇതോടെ വിജയന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നതറിയില്ലെന്ന കോൺഗ്രസിൻ്റെ വാദം പൊളിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നെന്നും ഇതോടെ വ്യക്തമാവുകയാണ്. 

വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാര്‍ രേഖകളും പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായെന്നായിരുന്നു നേരത്തെ കണ്ടെത്തിയത്.


ALSO READ: വയനാട് ഡിസിസി ട്രഷറർ ജീവനൊടുക്കിയ സംഭവം: മരണവും സാമ്പത്തിക ഇടപാടും അന്വേഷിക്കാന്‍ വിജിലന്‍സ്


ഉന്നത നേതാക്കൾ വാഗ്ദാനം ചെയ്ത ബാങ്ക് ജോലി നൽകാൻ കഴിയാതായതോടെ ഉദ്യോഗാർഥിയുടെ വീട്ടുകാർ പണം തിരികെ ചോദിച്ചു. തുടർന്നാണ് കോൺഗ്രസ് നേതാവിൻ്റെ നിർദേശ പ്രകാരം വിജയൻ ലക്ഷങ്ങൾ പലിശയ്ക്കു വാങ്ങിയത്. പലിശയ്ക്ക് പണം വാങ്ങിയത് തിരിച്ചു നൽകാനാവാത്തതിനാൽ ഒടുവിൽ വിജയന് തൻ്റെ പേരിലുള്ള ഭൂമി ഈടു നൽകേണ്ടി വന്നു. സ്ഥലം ഈട് നൽകി 20 ലക്ഷംവാങ്ങിയ ഈ കരാറിൽ, 2022 ഏപ്രിൽ 29ന് നിലവിലെ ഡിസിസി വൈസ് പ്രസിഡൻ്റ് ഒപ്പിട്ടു. പണത്തിനായി എൻ.എം. വിജയൻ ഈടു നൽകിയ ഭൂമിക്ക് മേലുള്ള കേസിൽ ഈ മാസം 31 ന് സുൽത്താൻ ബത്തേരി കോടതി വാദം കേൾക്കും.

രേഖകൾ പുറത്തുവന്നതോടെ വയനാട് ഡിസിസി നേതൃത്വത്തിൻ്റെ സാമ്പത്തിക ഇടപാടുകളിലേക്കും വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീക്ക് ആവശ്യപ്പെട്ടു. എൻ.എം. വിജയന്റെ ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളില്ലെന്ന് ആവർത്തിച്ച ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി ബാലകൃഷ്ണൻ്റെ നിലപാട് സംശയകരമാണെന്നും കെ. റഫീക്ക് പറഞ്ഞു.


ആത്മഹത്യയില്‍ കെപിസിസി നേതൃത്വത്തിനും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എക്കും എതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റഫീഖ് നേരത്തെ രംഗത്തെത്തിയിരുന്നു. 2019ല്‍ പണം തട്ടിയെടുക്കപ്പെട്ട ആക്ഷേപം കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. തനിക്ക് പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് അറിഞ്ഞതുകൊണ്ടുള്ള മാനസിക സമ്മര്‍ദം കൂടിയാണ് എന്‍.എം. വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റഫീഖിന്റെ ആരോപണം.


ALSO READ: DCC ട്രഷറര്‍ എന്‍.എം വിജയനും മകനും ജീവനൊടുക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.



ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


KERALA
എറണാകുളത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; പരിവാഹൻ ആപ്പിന്‍റെ പേരിൽ 85,000 രൂപ കവർന്നു
Also Read
user
Share This

Popular

KERALA
KERALA
"പുലിപ്പല്ല് ധരിച്ചതിൻ്റെ പേരിലുള്ള നടപടി അനുചിതവും തിരുത്തപ്പെടേണ്ടതും"; വേടന് പിന്തുണയുമായി സുനിൽ പി. ഇളയിടം