
പാലക്കാട്ട് എക്‌സൈസ് സംഘത്തെ ഭയന്ന് പുഴയിൽ ചാടിയ 17 കാരൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിൻ്റെ മകൻ സുഹൈറിൻ്റെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്. മുങ്ങൽ വിദഗ്ധരും പട്ടാമ്പി അഗ്നിരക്ഷാ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ചെർപ്പുളശ്ശേരി കുലുക്കല്ലൂർ നരിമടക്കിന് സമീപമുള്ള പുഴയിലേക്ക് സുഹൈർ ചാടിയത്. സുഹൈർ ഉൾപ്പെടെയുള്ള സംഘം ആനക്കൽ നരിമട ഭാഗത്ത് നിൽക്കുന്ന സമയത്താണ് പട്ടാമ്പി എകൈ്സസ് റേഞ്ച് സംഘം സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടയിൽ രണ്ട് പേർ പുഴയിൽ ചാടി. പുഴയിൽ ചാടി നീന്തിയെത്തിയ മറ്റൊരു യുവാവാണ് തൻ്റെ കൂടെ സുഹൈറും പുഴയിൽ ചാടിയിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചത്. എന്നാൽ വിവരമറിഞ്ഞപ്പോഴേക്കും രാത്രി 10 മണി കഴിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെയായിട്ടും സുഹൈറിനെ കണ്ടെത്താൻ കഴിയാതെയായത്തോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി അഗ്നിരക്ഷാ സേനയും, പാലക്കാടു നിന്നുള്ള മുങ്ങൽ വിദഗ്ദരും രണ്ട് ദിവസമായി നടത്തിയ തെരച്ചിലിലാണ് സുഹൈറിൻ്റെ മൃതദേഹം ലഭിച്ചത്.
ആനക്കൽ നരിമട ഭാഗത്ത് ലഹരി സംഘങ്ങൾ വഴിനടക്കാൻ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടർന്നായിരുന്നു എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. സംഘത്തിലെ നാലു പേർക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്.