മിഹിർ അഹമ്മദിന്‍റെ മരണം: കാരണം സ്കൂളിലെ മൂന്ന് സംഘങ്ങളുടെ റാഗിംഗ്, മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

കുട്ടി റാഗിങ്ങിന് ഇരയായിട്ടും അറിയാതിരുന്ന ഗ്ലോബൽ സ്കൂൾ മാനേജ്മെൻ്റിനും അധ്യാപകർക്കും എതിരെ മൊഴിയിൽ ആരോപണമുണ്ട്
മിഹിർ അഹമ്മദിന്‍റെ മരണം: കാരണം സ്കൂളിലെ മൂന്ന് സംഘങ്ങളുടെ റാഗിംഗ്, മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി
Published on

കൊച്ചി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ റാഗിങ്ങിനെ തുടർന്ന് മിഹിർ എന്ന 14കാരൻ ജീവനൊടുക്കിയ കേസിൽ മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. അത്മഹത്യയ്ക്ക് കാരണക്കാർ മൂന്ന് സംഘങ്ങളെന്ന് കുടുംബത്തിൻ്റെ മൊഴിയിൽ പറയുന്നു. കുട്ടി റാഗിങ്ങിന് ഇരയായിട്ടും അറിയാതിരുന്ന ഗ്ലോബൽ സ്കൂൾ മാനേജ്മെൻ്റിനും അധ്യാപകർക്കും എതിരെ മൊഴിയിൽ ആരോപണമുണ്ട്. മിഹിറിൻ്റെ മരണത്തെ വാട്സ്ആപ്പിലൂടെ അധിക്ഷേപിച്ച് മെസേജ് ഇട്ട വിദ്യാർഥിക്കൾക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊച്ചിയിൽ എത്തിയാണ് കുടുംബം പൊലീസിന് മൊഴി നൽകിയത്.

കുട്ടി മുൻപ് പഠിച്ച കാക്കനാട് ജംസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിനെതിരെയും കുടുംബം മൊഴി നൽകി. മുൻപ് പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പലിന്റെ നടപടി കുട്ടിക്ക് മാനസികാഘാതം ഉണ്ടാക്കി. ബാസ്കറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാക്കി. സ്കൂൾ മാറേണ്ടി വന്നത് കുട്ടിയെ തളർത്തി. ജംസ് സ്കൂൾ വൈസ് പ്രിൻസിപ്പാളിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയ കുടുംബം വൈസ് പ്രിൻസിപ്പാളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റിലുള്ള കുട്ടികൾക്കെതിരെയും കുടുംബം മൊഴി നൽകി. സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിർ. മകന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ രം​ഗത്തെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ ഭാ​ഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥികള്‍ ആഘോഷിച്ചുവെന്നും കുടുംബം പറയുന്നു. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com