
വെസ്റ്റ്ബാങ്കിലെ പ്രതിഷേധത്തിൽ പങ്കെടുത്ത 26കാരി ഐസിനൂർ ഈജിയെ ഇസ്രയേൽ ബോധപൂർവം കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് തുർക്കി. കുറ്റവാളികൾക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ടർക്കിഷ് - അമേരിക്കൻ ആക്ടിവിസ്റ്റ് ഐസിനൂർ ഈജിയുടെ കൊലപാതകത്തിൽ തുർക്കി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 26കാരിയെ ഇസ്രയേൽ സൈന്യം ബോധപൂർവ്വം കൊലപ്പെടുത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഇവർക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.
അധിനിവേശ വെസ്റ്റ്ബാങ്കിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിഷേധം നടന്നത്. വെസ്റ്റ്ബാങ്കിലെ ജൂയിഷ് സെറ്റിൽമെൻ്റുകളുടെ വ്യാപനത്തിനെതിരെ ആയിരുന്നു പ്രതിഷേധം. ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിലാകാം യുവതി കൊല്ലപ്പെട്ടതെന്നും എന്നാൽ മനപൂർവമുള്ള കൊലപാതകമല്ലെന്നുമാണ് ഇസ്രയേൽ സൈന്യത്തിൻ്റെ വിശദീകരണം. അതേ സമയം കൊലപാതകത്തിൽ അമേരിക്ക പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. 26കാരിയായ യുവതിയുടെ മൃതദേഹം നാളെയാണ് തുർക്കിയിലെത്തിക്കുക.