ചൊവ്വഴ്ച രാത്രിയിലാണ് അഖിലിനെ വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇടുക്കി പീരുമേട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് വീടിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി അഖിലിൻ്റെ ബന്ധുക്കളെ പീരുമേട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ് .
ചൊവ്വാഴ്ച രാത്രിയിലാണ് അഖിലിനെ വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന കവുങ്ങ് മരത്തിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണത്തിൽ അഖിലിൻ്റെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത് . ഇവരുടെ വീട്ടിൽ മദ്യപാനവുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങളുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പോലീസിന് മൊഴി നൽകി.
ALSO READ: അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് കോടി തട്ടിയ യുവതി പിടിയില്‍
മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ മരണം സംഭവിച്ചതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അഖിലിൻ്റെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അഖിലിൻ്റെ വീട്ടിൽ ഡോഗ് സ്ക്വാഡ്, വിരൽ അടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കേസിൽ ഇന്ന് അറസ്റ്റ് നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിനോട് അടുത്ത് വൃത്തങ്ങള്‍ പറയുന്നത്.