2014ൽ അധികാരത്തില്‍ വന്നതു മുതല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയതായി പ്രതിരോധ മന്ത്രി വ്യക്തമാക്കി
രാജ്‌നാഥ് സിംഗ്
പാക് ഭീകരവാദത്തിന് കൃത്യമായ മറുപടി നൽകിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ സാധാരണക്കാര്‍ക്ക് അപകടമുണ്ടാക്കിയില്ല. രാജ്യത്തിന് ഇത് അഭിമാനിക്കാനുള്ള അവസരമാണെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചു. നാഷണല്‍ ക്വാളിറ്റി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
അത്യാധുനിക ആയുധങ്ങളുപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയതെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. പാകിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്നും നൂറിലധികം ഭീകരരെ വധിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യക്ക് അതിനൂതനമായ യുദ്ധോപകരണങ്ങളുണ്ട്. സാങ്കേതികവിദ്യയിലെ മുന്നേറ്റം ആക്രമണത്തിന് സഹായകമായി. ഹൈ ടെക് ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയുടെ ശാക്തീകരണത്തിന് ഊന്നൽ നൽകി. സൈന്യം പ്രകടിപ്പിച്ചത് അതീവ കൃത്യതയാണെന്നും പരിമിതമായ നാശനഷ്ടമാണ് സംഭവിച്ചതെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ത്യ-പാക് അതിർത്തി മേഖലയിൽ സ്ഥിതിഗതികൾ രൂക്ഷമാകുകയാണ്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇന്നലെ രാത്രി നടന്ന പാകിസ്ഥാൻ്റെ ആക്രമണ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ 15 ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു പാക് നീക്കം. പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്താണ് ഇന്ത്യ തിരിച്ചടിച്ചത്.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയത്.