പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം ചെയ്തവരെയും വെറുതെവിടില്ല; തിരിച്ചടിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ഭീകരവാദത്തെ രാജ്യം ഒരു തരത്തിലും അംഗീകരിക്കില്ല
പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം ചെയ്തവരെയും വെറുതെവിടില്ല; തിരിച്ചടിക്കുമെന്ന് രാജ്‌നാഥ് സിംഗ്
Published on


ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദ ആക്രമണത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അധികം വൈകാത തന്നെ തക്ക മറുപടി നല്‍കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

തീവ്രവാദത്തെ ചെറുക്കുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടും. ആക്രമണത്തിന്റെ ആസൂത്രകരെ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മളെ ആക്രമിച്ചവരെ കണ്ടെത്തുക മാത്രമല്ല, രാജ്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്തവരെയും കണ്ടെത്തും. ഇവരെ ആരെയും വെറുതെ വിടില്ല.  ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ഭീകരവാദത്തെ രാജ്യം ഒരു തരത്തിലും അംഗീകരിക്കില്ല,' രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.


ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പഹല്‍ഗാമിലെയും ജമ്മു കശ്മീരിലെയും സുരക്ഷാ സാഹചര്യങ്ങളെ പ്രതിരോധമന്ത്രി ഇന്ന് വിലയിരുത്തിയിരുന്നു. ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക വിഭാഗം അഡ്മിറല്‍ ദിനേഷ് ത്രിപാഠി എന്നിവര്‍ക്കൊപ്പമാണ് സുരക്ഷാ സാഹചര്യം വിലയിരുത്തിയത്. ഇതിന് പിന്നാലെ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന കാബിനറ്റ് കമ്മിറ്റിയുടെ സുരക്ഷാ യോഗത്തിലും രാജ്‌നാഥ് സിംഗ് പങ്കെടുക്കും.

നാവിക ഉദ്യോഗസ്ഥന്‍ അടക്കം 26 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസം പഹല്‍ഗാം താഴ്‌വരയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രം എത്താന്‍ കഴിയുന്ന പ്രദേശമാണ് പഹല്‍ഗാം. ഇവിടേക്ക് ട്രെക്കിങ്ങിനായി എത്തിയവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഒരു മലയാളിയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com