fbwpx
Delhi Election 2025: ഡൽഹിയിൽ 5 മണി വരെ 57.70 ശതമാനം പോളിങ്, ഏറ്റവും കൂടുതൽ പോളിംഗ് മുസ്തഫാബാദിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Feb, 2025 06:57 PM

അരവിന്ദ് കെജ്‌രിവാള്‍ ഇത്തവണയും ന്യൂഡല്‍ഹിയിലെ സീറ്റില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപിയുടെ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് അദ്ദേഹത്തിന്റെ എതിരാളികള്‍. മുഖ്യമന്ത്രി അതിഷി കല്‍കാജി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്

NATIONAL


ഏറെ നാൾ നീണ്ടു നിന്ന പ്രചാരണ യുദ്ധങ്ങൾക്കും രാഷ്ട്രീയ വാക്പോരുകൾക്കും വാഗ്ദാനങ്ങൾക്കുമൊടുവിൽ ഡൽഹി പോളിങ് പുരോഗമിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് രാവിലെ കൃത്യം ഏഴു മണിക്ക് തന്നെ  ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം പോളിംഗ് 5 മണി വരെ 57.70 ശതമാനമാണ് . വോട്ടിംഗ് അവസാനിക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ് ആണ് ഡൽഹിയിൽ നടന്നത്. 


ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് മുസ്തഫാബാദിലാണ്. കരോൾബാഗിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി 13,000ത്തിലധികം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.  ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് ഡൽഹിയിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും. 


രാഷ്ട്രപതി ദ്രൗപതി മുർമുവും ഡൽഹി മുഖ്യമന്ത്രി അതിഷിയും ഉൾപ്പെടെ നിരവധി പ്രമുഖർ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ ഡൽഹിയിലെ മുഴുവൻ വോട്ടർമാരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ഡൽഹിയിൽ നടക്കുന്നത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രി അതിഷി പറഞ്ഞു. എഎപി നേതാവും ജഗ്പുര സ്ഥാനാർഥിയുമായ മനീഷ് സിസോദിയ വോട്ട് രേഖപ്പെടുത്തി. വികസനത്തിൻ്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അഭ്യർഥിച്ച് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിൻ്റെ അഭ്യർഥന. അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഓഖ്ല സ്ഥാനാർത്ഥി അമാനത്തുള്ള ഖാനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ മുഖ്യമന്ത്രി അതിഷിക്കെതിരെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തിരുന്നു.



ബിജെപിയും ആം ആദ്മിയും പരസ്പരം കൊമ്പുകോർക്കുന്ന പ്രചാരണയുദ്ധത്തിനാണ് ഇത്തവണ ഡൽഹി സാക്ഷ്യം വഹിച്ചത്. എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള അഴിമതി ആരോപണമാണ് ബിജെപിയുടെ പ്രധാന ആയുധം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയത്. ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസും ഇത്തവണ മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഡൽഹിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ 220 അർധ സൈനിക യൂണിറ്റുകൾ രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 30,000 പൊലീസ് ഉദ്യാഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിട്ടുണ്ട്.


Also Readവാഗ്ദാനപ്പെരുമഴയുമായി മത്സരിച്ച് മുന്നണികൾ; നക്ഷത്രമെണ്ണി ഡൽഹിയിലെ വോട്ടർമാർ


അരവിന്ദ് കെജ്‌രിവാള്‍ ഇത്തവണയും ന്യൂഡല്‍ഹിയിലെ സീറ്റില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപിയുടെ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് എതിരാളികള്‍. അതിഷി കല്‍കാജി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയും ബിജെപിയുടെ രമേഷ് ബിന്ധൂരിയുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. എഎപിയുടെ മനീഷ് സിസോദിയ, ബിജെപിയുടെ താര്‍വിന്ദര്‍ സിംഗ് മര്‍വ, കോണ്‍ഗ്രസിൻ്റെ ഫര്‍ഹാദ് സുരി, സത്യേന്ദര്‍ ജെയിന്‍, കര്‍ണെയില്‍ സിങ് എന്നിവരും മത്സരിക്കുന്നു.



വിവാദങ്ങളും രാഷ്ട്രീയ വാഗ്വാദങ്ങളും നിറഞ്ഞ പ്രചരണ കാലത്തിനൊടുവിലാണ് ഡൽഹി പോളിംഗ് ബൂത്തിലെത്തുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തിറങ്ങിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രചാരണം നയിച്ചു. അരവിന്ദ് കെജ്‌രിവാളും അതിഷിയുമായിരുന്നു എഎപിയുടെ പ്രധാന പ്രചാരകർ. മദ്യനയ അഴിമതിയിൽ തുടങ്ങി, കെജ്‌രിവാളിൻ്റെ വസതി മോടിപിടിപ്പിച്ചതും കടന്ന്, യമുനയിലെ മലിനീകരണത്തിൽ വരെ അവസാനനാളുകളിൽ പ്രചാരണമെത്തി. ഡൽഹിയിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ഉയർത്തിയ ശീഷ് മഹൽ ആരോപണം തെരഞ്ഞെടുപ്പിൻ്റെ തലേന്ന് ലോക്‌സഭയിലും ആവർത്തിച്ചു.


ALSO READ: ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തതായി പൊലീസ്; ഗൂഢാലോചനയെന്ന് എഎപി


എഴുപതിൽ യഥാക്രമം 67, 62 സീറ്റുകൾ വീതം നേടിയാണ് 2015ലും 2020ലും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ഭരണത്തുടർച്ചയിൽ കുറഞ്ഞൊന്നും ഇക്കുറിയും എഎപി പ്രതീക്ഷിക്കുന്നില്ല. 1993 മുതൽ 98 വരെ ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനമാണ് ഡൽഹി. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ ബിജെപി മിന്നും പ്രകടനം നടത്തിയപ്പോഴും കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പകളിലും രണ്ടക്കത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്രാവശ്യം വലിയ മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. കഴിഞ്ഞ രണ്ടുവട്ടവും സംപൂജ്യരായ കോൺഗ്രസ് ആശ്വസിക്കാനുള്ള വകയാണ് തേടുന്നത്. പ്രത്യേകിച്ച് തുടർച്ചയായി 15 വർഷം ഡൽഹിയിൽ അധികാരത്തിലിരുന്ന പാർട്ടിയെന്ന നിലയിൽ.


ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവുകൾ ഡൽഹിയിലെ മധ്യവർഗത്തെ സ്വാധീനിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ട് തവണയും 50 ശതമാനത്തിലധികം വോട്ടുകൾ നേടി ഡെൽഹിയിലെ ലോക്സഭാ സീറ്റുകളെല്ലാം വിജയിച്ചതും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ജനസംഖ്യയുടെ 42 ശതമാനം വരുന്ന, ബിഹാർ, കിഴക്കൻ യുപി എന്നിവിടങ്ങളിലെ പ്രദേശങ്ങളടങ്ങുന്ന പൂർവാഞ്ചൽ മേഖലയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഡൽഹിയിലെ പ്രധാന വോട്ടുബാങ്ക്. ബിജെപിക്കും എഎപിക്കും സ്വാധീനമുള്ള ഈ വോട്ടുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും. ദളിത് -പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളിലാണ് കോൺഗ്രസിൻ്റെ കണ്ണ്.



13 ശതമാനമുള്ള മുസ്ലിം വോട്ടുകൾ നിർണായകമായ എട്ട് മണ്ഡലങ്ങളുണ്ട്. ഈ വോട്ടുകളിൽ ഒരുപങ്ക് ലക്ഷ്യമിട്ടാണ് അസദുദീൻ ഒവൈസിയുടെ എഐഎംഐഎം മത്സരരംഗത്തുള്ളത്. 17 ശതമാനത്തോളമുള്ള ദളിത് വോട്ടുകൾ, 25-ഓളം മണ്ഡലങ്ങളിൽ ജയപരാജയങ്ങളെ സ്വാധീനിക്കും. അഞ്ച് ശതമാനമുള്ള സിഖ് വോട്ടുകളും പത്തോളം മണ്ഡലങ്ങളിൽ നിർണായകമാണ്. ന്യൂനപക്ഷ-ദളിത്‌ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ കോൺഗ്രസിൻ്റെ പ്രചാരണമേറെയും. ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസ്‌ വിള്ളൽ വീഴ്‌ത്തുമോയെന്ന ആശങ്കയും എഎപി ക്യാമ്പിലുണ്ട്‌. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി അധികാരത്തിലെത്തിയ കെജ്‌രിവാളിന് എഎപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ പൊള്ളയെന്ന് തെയിക്കാൻ തെരഞ്ഞെടുപ്പ് ജയിച്ചേ തീരൂ.


Also Read
user
Share This

Popular

WORLD
WORLD
WORLD
പാകിസ്ഥാനിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി