
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയ്ക്കാണ് കെജ്രിവാള്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. മദ്യനയക്കേസില്‍ ജാമ്യം നേടി തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും വരികയുള്ളൂവെന്നായിരുന്നു കെജ്രിവാളിന്റെ നിലപാട്.
ജനവിധി പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്ന് നിലപാടെടുത്ത കെജ്രിവാള്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച നീതി, ജനങ്ങളില്‍ നിന്ന് വേണമെന്നും കെജ്രിവാള്‍ ആവശ്യപ്പെടുന്നു. 2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപിക്ക് 70 ഉം ബിജെപിക്ക് 62ഉം സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി ബിജെപി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്രിവാള്‍ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം ആം ആദ്മി പാര്‍ട്ടി നേതാവിന് അതിഷി മര്‍ലേന ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാവും. കെജ്രിവാളിന്റെ വസതിയില്‍ രാവിലെ പതിനൊന്നരയോടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. ഈ മാസം 26,27 തിയ്യതികളില്‍ ഡല്‍ഹി നിയമസഭാ സമ്മേളനം ചേരും. നേരത്തെ വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് അതിഷി നയിച്ചിരുന്നത്.