ഡല്‍ഹിയില്‍ ബിജെപിയെ സഹായിച്ചത് 'ഇന്ത്യ'യിലെ കലഹം

ആപ്പും കോണ്‍ഗ്രസും പരസ്പരം പോരടിച്ചതാണ് ബിജെപിയുടെ വിജയം അനായാസമാക്കിയതെന്ന വിലയിരുത്തലുകളെ ശരിവയ്ക്കുന്നതാണ് കണക്കുകള്‍
ഡല്‍ഹിയില്‍ ബിജെപിയെ സഹായിച്ചത് 'ഇന്ത്യ'യിലെ കലഹം
Published on


ഡല്‍ഹിയുടെ അധികാരക്കസേരയിലേക്ക് 27 വര്‍ഷത്തിനുശേഷം ബിജെപിയുടെ തിരിച്ചുവരവ്, ഹാട്രിക്ക് മോഹവുമായെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ വീഴ്ച, കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയം... ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വേഗത്തില്‍ മനസിലാക്കാനാകുന്ന വസ്തുത. എന്നാല്‍ അതിനുമപ്പുറം, ദേശീയ രാഷ്ട്രീയ ഭൂമികയില്‍ പരീക്ഷിച്ച് ജയം കണ്ട ജനാധിപത്യ കൂട്ടുക്കെട്ട് കൂടിയാണ് ഡല്‍ഹിയില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കാനാകാതെ തടഞ്ഞുനിര്‍ത്തിയ ഇന്ത്യാ സഖ്യം എന്ന ജനാധിപത്യ മുന്നേറ്റമാണ് സഖ്യകക്ഷികുടെ പരസ്പരപ്പോരില്‍ ഇല്ലാതാകുന്നത്.

രാജ്യമൊന്നാകെ ഉറ്റുനോക്കിയ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യമെന്ന പ്രതിപക്ഷ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും. അന്ന് ബിജെപിക്കും, എന്‍ഡിഎ സഖ്യത്തിനുമെതിരെ ജനാധിപത്യ വേദികളില്‍ കോണ്‍ഗ്രസും ആപ്പും ഉള്‍പ്പെടെ കക്ഷികള്‍ കൈകോര്‍ത്തു. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ നാലില്‍ ആപ്പും, മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിച്ചു. പക്ഷേ, ഏഴിടത്തും ജയം ബിജെപിക്കൊപ്പമായിരുന്നു. എന്നിരുന്നാലും, ഇന്ത്യാ സഖ്യത്തിന്റെ ഒത്തൊരുമയില്‍ 272 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കാനാകാതെ ബിജെപി കിതച്ചു. 2014നുശേഷം ആദ്യമായിട്ടായിരുന്നു ബിജെപിക്ക് അത്തരമൊരു തിരിച്ചടി. അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് പുതിയ സഖ്യകക്ഷികളുടെ സഹായം തേടേണ്ട സാഹചര്യവും വന്നു. നിയമനിര്‍മാണ സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം നേര്‍ത്തുപോകുന്ന സാഹചര്യങ്ങളെ മറികടക്കാന്‍ സഖ്യത്തിന് സാധിക്കുമെന്ന തോന്നലുകളും വിലയിരുത്തലുകളും വന്നു. എന്നാല്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, അത്തരത്തിലുള്ള എല്ലാ മുന്നേറ്റങ്ങളെയും പ്രതിപക്ഷ സഖ്യകക്ഷികള്‍ തന്നെ റദ്ദ് ചെയ്യുന്നതാണ് ദൃശ്യമായത്.

ബിജെപി രാഷ്ട്രീയത്തിനെതിരെ ഒരുമിച്ചു നിന്നവര്‍ പരസ്പരം പോരടിക്കുകയായിരുന്നു ഡല്‍ഹിയില്‍. ഹരിയാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സഖ്യ ചര്‍ച്ചകളുടെ കയ്പ്പുനീരാണ് ഡല്‍ഹിയിലേക്കും പടര്‍ന്നത്. പരസ്പര ആക്രമണത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ആപ്പും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും, അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും ഉള്‍പ്പെടെ ഡല്‍ഹിയില്‍ ആപ്പിന് പിന്തുണ നല്‍കി. പ്രചരണങ്ങളിലും സജീവമായി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും നിലം തൊടാതിരുന്ന കോണ്‍ഗ്രസ് ഇക്കുറിയും 70 സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കി. രാഷ്ട്രീയ, ആശയ സംവാദങ്ങള്‍ക്കപ്പുറം, വ്യക്തി ആക്രമണങ്ങള്‍ വരെ നിറഞ്ഞതായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. മുമ്പൊരിക്കലും കാണാത്ത തരത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആപ്പിനെയും കടന്നാക്രമിച്ചു. പ്രത്യാക്രമണവുമായി കെജ്‌രിവാളും രംഗം കൊഴുപ്പിച്ചു. ഇന്ത്യാ സഖ്യത്തെ ചോദ്യം ചെയ്തും, പ്രതിപക്ഷകക്ഷികളുടെ അനൈക്യത്തെ പരിഹസിച്ചും, സാഹചര്യത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപിക്ക് അത് അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുത്തു.

രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി, കെജ്‌രിവാള്‍ പറഞ്ഞ പുതിയതരം രാഷ്ട്രീയം മുതല്‍ അഴിമതി ആരോപണം വരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിവിട്ടു. "പുതിയതരം രാഷ്ട്രീയം പറഞ്ഞാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. ഒരു വാഗണ്‍ ആറില്‍ ശീഷ് മഹലിലേക്കെത്തി. കോടികള്‍ ചെലവിട്ട സൗധം. അഴിമതി, മലിനീകരണം. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങള്‍ -റോഡുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാം നശിപ്പിച്ചു" -എന്ന തരത്തിലായിരുന്നു രാഹുലിന്റെ കടന്നാക്രമണം. കെജ്‌രിവാളിന്റെ സംഘത്തില്‍ ഒമ്പത് പേരുണ്ട്. എന്നാല്‍ ഈ നേതൃസംഘത്തില്‍ ദളിത്, ആദിവാസി, പിന്നാക്ക വിഭാഗം അല്ലെങ്കില്‍ ന്യൂനപക്ഷമോ ഇല്ല. ഇത് 2-3 ശതമാനത്തിന്റെ മാത്രം പാര്‍ട്ടിയാണ്. ഡൽഹി രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരുമെന്നായിരുന്നു കെജ്‌രിവാളിന്റെ അവകാശവാദം. എന്നാൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതി, മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കെജ്‌രിവാളും മനീഷ് സിസോദിയയും ചേർന്നാണ് നടത്തിയത്. അഞ്ച് വർഷം മുമ്പ്, യമുനയിൽ മുങ്ങി അതിലെ വെള്ളം കുടിക്കുമെന്ന് കെജ്‍‌രിവാള്‍ പറഞ്ഞു. യമുനയിലെ വെള്ളത്തെക്കുറിച്ച് മറന്നേക്കൂ, ഇവിടെ ചേരികളിലും കുടിലുകളിലും ലഭ്യമാക്കിയ വെള്ളം നിങ്ങള്‍ കുടിക്കണം. യമുന മലിനപ്പെടുത്തിയത് ഹരിയാന സര്‍ക്കാരോ മറ്റാരെങ്കിലുമോ ആണെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്നു. അല്ല, അത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒന്നിനു പുറകെ ഒന്നായി നുണ പറയുകയാണ്. ഒറ്റ വ്യത്യാസം മാത്രം, കെജ്‌രിവാള്‍ മോദിയേക്കാള്‍ തന്ത്രശാലിയാണ്. അതുകൊണ്ട് ജനം ചിന്തിക്കണം, ആരാണ് നിങ്ങളോടൊപ്പം നില്‍ക്കുക, ആരാണ് ഭരണഘടന സംരക്ഷിക്കുക, ആരാണ് സത്യം സംസാരിക്കുക - ഇങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ഇന്ത്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വെറുതെയിരുന്നില്ല. മോദി കള്ളന്മാരുടെ രാജാവാണെങ്കില്‍ കെജ്‌രിവാള്‍ നുണ പറയുന്നവരുടെ അച്ഛനാണ് എന്നായിരുന്നു ഖാര്‍ഗെയുടെ ആക്ഷേപം. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും കോണ്‍ഗ്രസിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അഴിമതിക്കെതിരെ പോരാടുകയാണ്, അഴിമതി ഇല്ലാതാക്കണം, ലോക്‌പാല്‍ കൊണ്ടുവരണം എന്നിങ്ങനെയൊക്കെ പറഞ്ഞയാളാണ്. വയോധികനായ അണ്ണാ ഹസാരെയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് വഞ്ചിച്ചു. നുണ പറഞ്ഞ്, ജനങ്ങളുടെ വോട്ടുകള്‍ തട്ടിയെടുത്തുവെന്നും ഖാര്‍ഗെ ആരോപണങ്ങള്‍ അഴിച്ചുവിട്ടു.

നേതാക്കളുടെ വാക്കുകള്‍ പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉടനീളം ആവര്‍ത്തിക്കപ്പെട്ടു. കെജ്‌രിവാള്‍ ദേശവിരുദ്ധനും കള്ളത്തരങ്ങളുടെ രാജാവുമാണെന്നായിരുന്നു അജയ് മാക്കന്റെ ആരോപണം. കെജ്‌രിവാളിനെ ദേശദ്രോഹിയെന്ന് വിളിക്കുന്നതിനുള്ള കാരണങ്ങള്‍ വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു വ്യക്തിയെക്കുറിച്ച് നാം ജാഗ്രത പാലിക്കണം. പഞ്ചാബിൽ കെജ്‌രിവാൾ ഖലിസ്ഥാൻ അനുകൂല ശക്തികളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഞങ്ങൾ പറയുന്നത്. ഡല്‍ഹിയിലോ, മറ്റെവിടെയെങ്കിലുമോ കെജ്‍രിവാള്‍ അധികാരത്തില്‍ വരുന്നത് ദേശദ്രോഹമാണ് എന്ന തരത്തിലായിരുന്നു അവസാന നാളുകളിലെ മാക്കന്റെ പ്രചരണം.

കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളെ വെറുതെ തള്ളാന്‍ കെജ്‌രിവാളും ആപ്പ് നേതാക്കളും തയ്യാറായില്ല. പ്രത്യാക്രമണങ്ങള്‍കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവര്‍ ചൂടേറ്റി. കോണ്‍ഗ്രസ് ബിജെപിയുമായി ജുഗല്‍ബന്ദി നടത്തുകയാണെന്ന ആരോപണം അങ്ങനെ വന്നതാണ്. ഡല്‍ഹിയില്‍ കെജ്‍രിവാളിന്റെയും ആപ്പിന്റെയും പരാജയം ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് ആപ്പ് നേതാക്കള്‍ ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസും റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമി കൈയേറ്റ കേസും പരാമര്‍ശിച്ച് കെജ്‌രിവാള്‍ രാഹുലിനെ കടന്നാക്രമിച്ചു. മദ്യ നയം സംബന്ധിച്ച വ്യാജ അഴിമതി കേസുകള്‍ സൃഷ്ടിച്ച് മോദി ആളുകളെ ജയിലിലടയ്ക്കുന്നു. എന്നാല്‍ നാഷണൽ ഹെറാൾഡ് പോലുള്ള കേസുകളില്‍ എന്തുകൊണ്ടാണ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അറസ്റ്റ് ചെയ്യാത്തത്? റോബർട്ട് വാദ്രയ്ക്ക് എങ്ങനെയാണ് ബിജെപിയിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചത്? ഭയത്തെയും ധൈര്യത്തെയുമൊക്ക കുറിച്ച് നിങ്ങള്‍ പ്രസംഗിക്കാതിരുന്നതാണ് നല്ലതെന്നും കെജ്‍രിവാള്‍ തിരിച്ചടിച്ചു. രാഹുല്‍ ഗാന്ധി രാജ്‌മഹലിനെ കുറിച്ച് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ആളുകള്‍ ചോദിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്ത് കരാറിലെത്തിയെന്ന് പൊതുജനങ്ങളോട് തന്നെ പറയൂ. കോണ്‍ഗ്രസിന് വോട്ട് ചെയ്ത് എന്തിന് അത് നിങ്ങള്‍ പാഴാക്കണം. കോണ്‍ഗ്രസ് ജയിക്കില്ല. അത് ഞങ്ങളുടെ വോട്ടുകള്‍ കുറയ്ക്കും. കോൺഗ്രസും ബിജെപിയും ഈ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത് ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താനാണ്. ആരെയെങ്കിലും ജയിപ്പിക്കാൻ വോട്ട് ചെയ്യുക, ആരെയെങ്കിലും തോൽപ്പിക്കാൻ വേണ്ടിയാകരുതെന്നും ഓര്‍മിപ്പിച്ചായിരുന്നു കെജ്‌രിവാളിന്റെ പ്രചരണം.

ഡല്‍ഹി നിയമസഭയിലെ 70 സീറ്റില്‍ 67 സീറ്റുകള്‍ നേടിയാണ് 2015ല്‍ ആപ്പ് അധികാരത്തിലെത്തിയത്. മോഡി പ്രഭാവത്തെയും, ഡബിള്‍ എന്‍ജിന്‍ ഭരണകൂടം ഉയര്‍ത്തിയ വെല്ലുവിളികളെയും മറികടന്ന് 2020ലും ആപ്പ് ഭരണം നിലനിര്‍ത്തി. പക്ഷേ, സീറ്റ് നേട്ടം 62ലേക്ക് താഴ്ന്നു. തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് രണ്ടു തവണയും അക്കൗണ്ട് തുറക്കാനായില്ല. ഇക്കുറി ആപ്പ് 62ല്‍നിന്ന് 22ലേക്ക് കൂപ്പുകുത്തിയപ്പോള്‍, ബിജെപി എട്ടില്‍നിന്ന് 48ലേക്ക് കുതിച്ചുയര്‍ന്നു. 2020ല്‍ ആപ്പ് 53.57 ശതമാനം, ബിജെപി 38.51 ശതമാനം, കോണ്‍ഗ്രസ് 4.26 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. ഇക്കുറി അത് യഥാക്രമം 43.57 ശതമാനം, 45.56 ശതമാനം, 6.34 ശതമാനം എന്നായി മാറി. വോട്ടുവിഹിതത്തില്‍ ബിജെപിയും, നേരിയ തോതില്‍ കോണ്‍ഗ്രസും നേട്ടമുണ്ടാക്കി. കാല്‍ നൂറ്റാണ്ടിനുശേഷം ഡല്‍ഹി ബിജെപിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയപ്പോള്‍, രാജ്യ തലസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു.

ഓരോ മണ്ഡലത്തിലെയും കണക്കുകള്‍ പരിശോധിച്ചാല്‍, കോണ്‍ഗ്രസിന്റെയും ആപ്പിന്റെയും വോട്ടുകള്‍ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു തീര്‍ച്ച. കോണ്‍ഗ്രസ് 40,000ലധികം വോട്ടുകള്‍ വരെ പിടിച്ച മണ്ഡലങ്ങളുണ്ട്. ആയിരത്തിനും അഞ്ഞൂറിനും താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചില മണ്ഡലങ്ങളിലെങ്കിലും ബിജെപി ജയിച്ചതെന്ന വസ്തുത കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ന്യൂഡല്‍ഹിയില്‍ 4089 വോട്ടുകൾക്കാണ്‌ കെജ്‌രിവാൾ പരാജയപ്പെട്ടത്‌. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ നേടിയത് 4568 വോട്ടുകളാണ്. ബാദ്‌ലി മണ്ഡലത്തില്‍ 15,163 വോട്ടുകള്‍ക്കാണ് ആപ്പ് സ്ഥാനാര്‍ഥി അജേഷ് യാദവ് ബിജെപിയുടെ ആഹിര്‍ ദീപക് ചൗധരിയോട് തോറ്റത്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിടിച്ചത് 41,071 വോട്ടുകളാണ്. ജങ്പുരയില്‍ മനീഷ് സീസോദിയയുടെ പരാജയം 675 വോട്ടുകള്‍ക്കായിരുന്നു. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിടിച്ചത് 7350 വോട്ടുകളായിരുന്നു. ഛത്തര്‍പൂരില്‍ ബിജെപിയുടെ ജയം 6239 വോട്ടുകള്‍ക്കായിരുന്നു. കോണ്‍ഗ്രസ് നേടിയത് 6601 വോട്ടുകള്‍. ഗ്രേറ്റര്‍ കൈലാഷില്‍ ബിജെപി ജയം 3188 വോട്ടുകള്‍ക്ക്. കോണ്‍ഗ്രസ് നേടിയത് 6711 വോട്ടുകള്‍. കല്‍ക്കാജിയില്‍ അതിഷി ജയിച്ചത് 3521 വോട്ടുകള്‍ക്കാണ്. അവിടെയും കോണ്‍ഗ്രസ് 4392 വോട്ടുകള്‍ പിടിച്ചിരുന്നു.
ത്രിലോക് പുരി (392), സംഗംവിഹാർ (344), രജീന്ദർ നഗർ (1231), മാളവിയ നഗർ (2131) എന്നിങ്ങനെ കുറഞ്ഞ ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ പിന്നെയുമുണ്ട്. കെജ്‍രിവാളിനും ആപ്പിനുമെതിരെ കോണ്‍ഗ്രസ് നടത്തിയ അപവാദപ്രചരണങ്ങള്‍ ന്യൂനപക്ഷ, ദളിത്‌ വോട്ടുകളെയും ഭിന്നിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സംവരണ സീറ്റുകളും ആപ്പ് നേടിയെങ്കില്‍ ഇക്കുറി, നാല് സീറ്റുകള്‍ നഷ്ടമായി. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കുന്നതും കാണാനായി. ആപ്പും കോണ്‍ഗ്രസും പരസ്പരം പോരടിച്ചതാണ് ബിജെപിയുടെ വിജയം അനായാസമാക്കിയതെന്ന വിലയിരുത്തലുകളെ ശരിവയ്ക്കുന്നതാണ് കണക്കുകള്‍. ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്തും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com