fbwpx
കെജ്‌രിവാളിന് അ​ഗ്നിശുദ്ധിക്ക് അവസരം നൽകാതെ ജനങ്ങള്‍; എന്തായിരുന്നു ബിജെപിയുടെ ഡൽഹി പ്ലാന്‍?
logo

ശ്രീജിത്ത് എസ്

Last Updated : 08 Feb, 2025 03:37 PM

ഭരണകക്ഷിയായ ആം ആദ്മി ഡൽഹിയിൽ ഹാട്രിക് ലക്ഷ്യമിട്ടപ്പോള്‍ ഒരു തിരിച്ചുവരവിനായുള്ള ശ്രമത്തിലായിരുന്നു ബിജെപി.

NATIONAL


"ഇത് സാധാരണ തെരഞ്ഞെടുപ്പ് അല്ല. ഇത് നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഡൽഹിയിലെ ജനങ്ങൾ നന്മയ്ക്കൊപ്പം നിൽക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അവർ ആപ്പിനും അരവിന്ദ് കെജ്‌രിവാളിനും ഒപ്പം നിൽക്കും. അദ്ദേഹം നാലാം തവണയും മുഖ്യമന്ത്രിയാകും."

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുൻപ് ഇങ്ങനെയാണ് മുഖ്യമന്ത്രി അതിഷി മർലേന പറഞ്ഞത്. എന്നാൽ ഡൽഹിയിലെ തെരുവുകളിൽ ആം ആദ്മി (AAP) പ്രവർത്തകർക്കിടയിൽ ആ ആത്മവിശ്വാസം പ്രകടമായിരുന്നില്ല. റോഡുകളിൽ റാലികളും പ്രചരണ ബോർഡുകളും നിറയുമ്പോൾ പോലും ഒരു സംശയം ആം ആദ്മിക്കിടയിൽ തന്നെ പടർന്നിരുന്നു. ഇത്തവണ ബിജെപിയുടെ പ്ലാൻ ഫലിക്കുമോ? ആപ്പ് പരാജയപ്പെടുമോ?

ഭരണകക്ഷിയായ ആം ആദ്മി ഡൽഹിയിൽ ഹാട്രിക് ലക്ഷ്യമിട്ടപ്പോള്‍ ഒരു തിരിച്ചുവരവിനായുള്ള ശ്രമത്തിലായിരുന്നു ബിജെപി. 1998 മുതൽ ഡൽഹിയിൽ അധികാരത്തിന് പുറത്തു നിൽക്കുന്നത് ബിജെപിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയിരുന്നത്. 2015 ലും 2020 ലും രാജ്യ തലസ്ഥാനത്ത് നേരിട്ട അപമാനകരമായ തോൽവികൾ ഇത് കൂടുതൽ വഷളാക്കി, ഡൽഹിയിലെ 70 സീറ്റുകളിൽ യഥാക്രമം മൂന്ന് സീറ്റുകളും എട്ട് സീറ്റുകളും മാത്രമേ അവർക്ക് നേടാനായുള്ളൂ, അതേസമയം എഎപി നേടിയതോ. 2015ൽ 67 ഉം 2020ൽ 62 ഉം സീറ്റുകൾ.


രാജ്യ തലസ്ഥാനത്ത് വിജയം അകലയാകുമ്പോഴും അടുത്ത സംസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രഭാവം ഏറിവന്നു. ഡൽഹിയുടെ അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ 2017 മുതൽ ബിജെപിയാണ് ഭരിച്ചുവരുന്നത്. 2023ൽ കോൺ​ഗ്രസിൽ നിന്നും രാജസ്ഥാൻ തിരിച്ചുപിടിച്ച ബിജെപി തുടർച്ചയായി മൂന്നാം വട്ടവും ഹരിയാനയിൽ ഭരണം നിലനിർത്തി. ഇനിയുള്ളത് ഡൽഹിയാണ്. ആം ആദ്മിയെപ്പോലെ ഒരു പാർട്ടി അവിടം ഭരിക്കുന്നത് ബിജെപിക്ക് തലവേദനയാണ്. ദേശീയത, മതം എന്നിവയ്ക്ക് ഉപരിയായി ആം ആദ്മി എന്ന പാർട്ടിയുടെ തുടക്കം അഴിമതി വിരുദ്ധതയും ഭരണത്തിലെ ജനങ്ങളുടെ ഇടപെടലും വാ​ഗ്ദാനം ചെയ്തു കൊണ്ടായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളിലേക്ക് ഇങ്ങനെയൊരു ആശയം എത്തിക്കുന്നത് എതിർ ചേരിയിൽ നിൽക്കുന്നവർക്ക് അപകടമാണ്. കോൺ​ഗ്രസിന്റെ കാര്യം തന്നെ ഉദാഹരണം. അഴിമതിയിൽ മുങ്ങി നിന്ന ഡൽഹിയിലെ കോൺ​ഗ്രസിനെ ജനങ്ങൾ ചൂലിനടിച്ചു പുറത്താക്കുകയായിരുന്നു. കോമൺവെൽത്ത് ​ഗെയിംസ് അഴിമതി , 2ജി സ്പെക്ട്രം അഴിമതി എന്നിങ്ങനെയുള്ള യുപിഎയിലെ പുഴുക്കുത്തുകൾക്ക് ജനങ്ങളുടെ ഉറക്കം കെടുത്തുന്ന തരത്തിൽ വലുപ്പമുണ്ടായിരുന്നു. അപ്പോഴാണ് ആം ആദ്മിയുടെ രം​ഗ പ്രവേശനവും ഡൽഹിയിലെ (രാജ്യത്തെ) കോൺ​ഗ്രസിന്റെ പടിയിറക്കവും.

ഇവിടെയും ബിജെപി പിടിച്ചു നിന്നത് അവരുടെ അടിത്തറ ഹിന്ദുത്വയിലും തീവ്ര ദേശീയതയിലുമായിരുന്നതു കൊണ്ടാണ്. എന്നാൽ മോദി പ്രഭാവം ഡൽഹിയുടെ അതിർത്തി കടക്കാതെ മാറി നിന്നു. അരവിന്ദ് കെജ്‌രിവാൾ എന്ന ആം ആദ്മി കൺവീനറിന്റെ സാന്നിധ്യമാണ് അതിനു കാരണം. ഡൽഹിയിൽ മോദിയേക്കാൾ വലിയ ബിംബമായി മാറിയിരുന്നു കെജ്‌രിവാൾ.

അവിടെയാണ് ബിജെപി 2025 ലേക്കുള്ള തങ്ങളുടെ പ്ലാൻ ആവിഷ്കരിച്ചത്. പ്രൊജക്ട് കെജ്‌രിവാൾ, പ്രൊജക്ട് ഡൽഹി?


2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, അധികാരത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയെയും (എഎപി) അതിന്റെ മുഖമായ അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിക്കാൻ ഭാരതീയ ജനതാ പാർട്ടി ഒരു ബഹുമുഖ തന്ത്രമാണ് നടപ്പിലാക്കിയത്. അഴിമതി ആരോപണങ്ങൾ , ക്ഷേമ സംരംഭങ്ങളുടെ വാ​ഗ്ദാനം, പൗര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയായിരുന്നു ബിജെപിയുടെ പ്രധാന പ്രചരണ തന്ത്രങ്ങൾ. അഴിമതി ആരോപണങ്ങൾ പല വഴി തിരിഞ്ഞാണ് എത്തിയതെങ്കിലും ലക്ഷ്യമാക്കിയത് അരവിന്ദ് കെജ്‌രിവാളിനെ തന്നെയായിരുന്നു. അതിന് കാരണമായത് ആം ആദ്മി സർക്കാരിന്റെ ഒരു നയവും - ഡൽഹി മദ്യനയം, ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ബിജെപി ഇഡി പോലുള്ള ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന ആരോപണങ്ങൾക്ക് മദ്യനയത്തിലെ കേന്ദ്ര സമീപനം ശക്തി പകർന്നു. ഒരുതരത്തില്‍ ബിജെപി ഒരുക്കിയ കെണിയിലേക്ക് ആം ആദ്മി വന്ന് വീഴുകയായിരുന്നു.

2021 നവംബർ 17നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മദ്യ വിൽപന ആധുനികവത്കരിക്കുക, മദ്യ മാഫിയകളെ നിയന്ത്രിക്കുക, കരിഞ്ചന്ത അവസാനിപ്പിക്കുക. ഇതൊക്കെയായിരുന്നു പുതിയ മദ്യനയത്തിന്‍റെ ലക്ഷ്യം.

നഗരത്തിലെ 849 മദ്യവിൽപന കേന്ദ്രങ്ങളെ 32 സോണുകളായി തിരിച്ച്, സ്വകാര്യ ലേലക്കാർക്ക് റീട്ടെയ്ൽ ലൈസൻസ് ലഭ്യമാക്കി. ഓരോ സോണിനെയും എട്ട് മുതൽ പത്ത് വരെ വാർഡുകളാക്കി തിരിച്ചു. അതിൽ 27 വെൻഡുകളും അനുവദിച്ചു. മദ്യ വിൽപനശാലകൾ പുലർച്ചെ മൂന്നു മണി വരെ തുറക്കാനും, ഹോം ഡെലിവറിക്കും അവസരമൊരുക്കി. പ്രധാന മാർക്കറ്റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ബിസിനസ് ഏരിയകൾ എന്നിവിടങ്ങളിൽ വിൽപനാ കേന്ദ്രങ്ങൾ തുറക്കാനും അനുവാദം നൽകി. റീട്ടെയ്ൽ ലൈസൻസ് എടുത്തവർക്കായി നിയമ ഇളവുകളും നടപ്പാക്കി. സർക്കാർ നിശ്ചയിച്ച പരമാവധി വിലയ്ക്കു പകരം വില നിശ്ചയിക്കാനും, വിൽപന വർധിപ്പിക്കാൻ കിഴിവുകൾ നൽകാനും നിയമപ്രകാരം അനുവാദം നൽകി.

കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ഭരണത്തിൽ സംസ്ഥാന ഖജനാവിന്‍റെ പരിതസ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ട് തന്നെ മദ്യവിൽപനയിലൂടെ പരമാവധി നേട്ടം പൊതുഖജനാവിന് ലഭ്യമാക്കുകയായിരുന്നു ഈ നയത്തിൻറെ കാതൽ. അത് വെറുതെയായില്ല. 2021-22 വർഷം സർക്കാർ വരുമാനത്തിൽ 27 ശതമാനത്തിന്‍റെ, അതായത് 8,900 കോടിയുടെ വർധനയുണ്ടായി.


Also Read: DELHI ELECTION |ചൂലെടുത്ത എഎപിയുടെ വളര്‍ച്ചയും തളര്‍ച്ചയും; വേരുപിടിച്ച് താമര, മാഞ്ഞു പോയ കൈപ്പത്തിയും


ഖജനാവിൽ പണം വന്നു നിറഞ്ഞതും കയ്യടികളും കൂട്ടിനായെത്തി. എന്നാൽ എതിർവശത്ത് ആം ആദ്മിക്കും അരവിന്ദ് കെജ്‌രിവാളിനും എതിരെ പടനീക്കങ്ങൾ ആരംഭിച്ചിരുന്നു. പുതിയ നയത്തിന്‍റെ നടപടിക്രമങ്ങളിൽ പോരായ്മയുണ്ടെന്നും ക്രമക്കേടുകളുണ്ടെന്നുമുള്ള ചീഫ് സെക്രട്ടറി നരേഷ് കുമാറിന്‍റെ വിലയിരുത്തൽ ബിജെപി അവസരമായി കണ്ടു. 2022 ജൂലൈ എട്ടിന് ചീഫ് സെക്രട്ടറി എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനീഷ് സിസോദിയയ്ക്ക് റിപ്പോർട്ട് നൽകി. അതിൻറെ പകർപ്പ് ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും അയച്ചു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ രൂപീകരിച്ച മദ്യനയം വഴി സർക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് കിട്ടിയതിനു പിന്നാലെ ലഫ്. ഗവർണർ വി.കെ. സക്സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വിവാദങ്ങൾക്കൊടുവിൽ 2022 ജൂലൈ 31ന് മദ്യനയം പിൻവലിച്ചു. 2022 ഓഗസ്റ്റ് 17ന് സിസോദിയയടക്കം 15 പേർക്കെതിരെ ആദ്യം സിബിഐയും ഓഗസ്റ്റ് 22ന് ഇഡിയും കേസെടുത്തു. റെയ്ഡുകളും നടത്തി.

പിന്നീട് അങ്ങോട്ട് ആപ്പിന്റെ നേതാക്കൾക്കും കൺവീനർക്കും ജയിൽവാസത്തിന്റെ കാലമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, 2024 മാർച്ച് 21 ന് , പ്രതിപക്ഷ സഖ്യമായി ഇൻഡ്യ മുന്നണിയുടെ മുഖം കൂടിയായിരുന്ന കെജ് രിവാളിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം ഇഡി അറസ്റ്റ് ചെയ്തു. രാജ്യത്ത് വലിയ കോലാഹലങ്ങൾക്ക് ഇത് കാരണമായി. ഒരു സിറ്റിങ് മുഖ്യമന്ത്രിയെ ഇഡിയെ ഉപയോ​ഗിച്ച് കേന്ദ്രം വേട്ടയാടുന്നു എന്ന തരത്തിൽ ചർച്ചകൾ വന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഇഡിക്ക് പിന്നാലെ 2024 ജൂൺ 26ന് സിബിഐയും കെജ് രിവാളിനെതിരെ കേസെടുത്തു. ആയിരക്കണക്കണക്കിന് പേജുകളിൽ കുറ്റപത്രം സമർപ്പിച്ചു.  കൊടതി കെജ്‌രിവാളിന് തുടർച്ചയായി ജാമ്യം നിഷേധിച്ചുകൊണ്ടേയിരുന്നു. കെജ്‌രിവാളിനെ ജയിലില്‍ തളച്ചിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്ക് പുറത്ത് കെജ്‌രിവാള്‍ എന്തിന് ജയിലില്‍ കിടക്കുന്നുവെന്നതിന് ഉത്തരങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ സെപ്റ്റംബർ 13ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു. ആറു മാസങ്ങൾക്ക് ശേഷമായിരുന്നു ജാമ്യം. കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, വിജയ് നായർ, ബിആർഎസ് നേതാവ് കെ.കവിത എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പുറത്ത് വന്ന കെജ്‌രിവാൾ ഇനി അ​ഗ്നിശുദ്ധി വരുത്തിയ ശേഷമേ അധികാരത്തിലെത്തുവെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മർലേനയെ ചുമതലയേൽപ്പിച്ചു. പിന്നീടങ്ങോട്ട് രാമായണത്തെ വെല്ലുന്ന നാടകീയ രം​ഗങ്ങളാണ് ആം ആദ്മിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്നത്. സത്യപ്രതിജ്ഞ ചെയ്ത അതിഷി മുഖ്യമന്ത്രി കസേര ഭരതൻ സ്റ്റൈലിൽ കെജ് രിവാളിനായി ഒഴിച്ചിട്ടു.

എന്നാൽ കെജ്‌രിവാളിന്റെയും മറ്റ് നേതാക്കളുടെയും അറസ്റ്റ് ഉൾപ്പെടെയുള്ള സമീപകാല അഴിമതി ആരോപണങ്ങൾ ബിജെപി മുതലെടുത്തു. ഈ വിഷയങ്ങളിൽ ഊന്നി, എഎപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർക്കാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു.

പിന്നാലെ അഴിമതി വിരുദ്ധ പാർട്ടിയെ തങ്ങളുടെ പാതയില്‍, മതരാഷ്ട്രീയത്തിലേക്ക് എത്തിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ഡൽഹിക്ക് പുറത്തേക്ക് വളരാനുള്ള ആപ്പിന്റെ ശ്രമങ്ങൾ ഒടുവിൽ അവരെയും ആ കുറ്റിയിൽ കൊണ്ടുകെട്ടി. 2024 ഡിസംബറിൽ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച പൂജാരി-ഗ്രാന്തി സമ്മാൻ യോജന അതിനൊരു ഉദാഹരണമാണ്. ഈ പദ്ധതി പ്രകാരം, നാലാം തവണയും അധികാരത്തിലെത്തിയാൽ ക്ഷേത്ര പൂജാരിമാർക്ക് 18,000 രൂപയും ഗുരുദ്വാരകളിൽ നിന്നുള്ള ഗ്രാന്റും നൽകുമെന്നായിരുന്നു പാർട്ടിയുടെ വാഗ്ദാനം. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായിരുന്നുവിത്. ജനുവരി 8ന് ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ ആസ്ഥാനത്ത് നടന്ന പദ്ധതി പ്രഖ്യാപന പരിപാടിയിൽ അരവിന്ദ് കെജ്‌രിവാളും മറ്റ് മുതിർന്ന നേതാക്കളും ശങ്കരാചാര്യരുടെ അനുഗ്രഹം തേടി. കെജ്‌രിവാൾ തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ 'ജയ് ശ്രീ റാം' എന്ന മുദ്രാവാക്യത്തോടെയാണ്. ആപ്പിന്റെ ഓഫീസ് കാവി പതാകകളാൽ നിറഞ്ഞിരുന്നു. പ്രവർത്തകർ ശ്ലോകങ്ങൾ ചൊല്ലുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. ബിജെപിയെ സീതയിൽ നിന്നും രാമന്റെ ശ്രദ്ധ തിരിച്ച 'സ്വ‍ർണ മാന്‍‌‍' എന്ന് ആം ആദ്മി അധ്യക്ഷൻ വിളിച്ചപ്പോഴും രാമായണത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. എന്നാൽ ഹിന്ദുത്വയ്ക്ക് ഒരു പ്രശ്നമുണ്ട്. അതിൽ തീവ്രമായി ഒരു പ്രസ്ഥാനം ഒരു വശത്ത് നിലനിൽ‌ക്കുന്നുവെങ്കിൽ മൃദു പാർട്ടികൾക്ക് പ്രസക്തിയില്ല. അതാണ് ആം ആദ്മിയെയും ബാധിച്ചത്.



'ശീഷ് മഹൽ'

മദ്യ നയം മാത്രമല്ല ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ എന്ന ബിംബത്തെ തകർക്കാനായി ബിജെപി ഉപയോ​ഗിച്ചത്. അഴിമതി ആരോപണങ്ങളുടെ ഒരു നിര തന്നെ ആം ആദ്മി അധ്യക്ഷനെതിരെ ബിജെപി പ്രയോ​ഗിച്ചു. അതിൽ ഒന്നായിരുന്നു ശീഷ് മഹൽ. കെജ്‌രിവാൾ അധികാരത്തിലിരുന്നപ്പോൾ പുതുക്കിപ്പണിത മുഖ്യമന്ത്രിയുടെ വസതിയെ പരാമർശിക്കാൻ ഉപയോഗിച്ച പദമാണ് ശിഷ് മഹൽ. ഈ വാക്കിനെ ചുറ്റിപ്പറ്റിയായിരുന്നു ബിജെപിയുടെ പ്രചരണങ്ങൾ. ബിജെപിയുടെ ആരോപണത്തിന് കൂടുതൽ തെളിവ് നൽകിയത് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ റിപ്പോർട്ടാണ്. സിഎജി അന്വേഷണത്തിൽ, നവീകരണത്തിനുള്ള പ്രാഥമിക എസ്റ്റിമേറ്റ് 7.91 കോടി രൂപയാണെന്ന് കണ്ടെത്തി. 2020 ൽ ടെൻഡർ അനുവദിച്ചപ്പോൾ ഇത് 8.62 കോടിയായി ഉയർന്നു. എന്നാൽ 2022 ൽ പൊതുമരാമത്ത് വകുപ്പ് ജോലി പൂർത്തിയാക്കിയപ്പോഴേക്കും ചെലവ് 33.66 കോടി രൂപയുമായി. അത് അധികാര ദുർവിന്യോ​ഗത്തിന്റെ നിഴലും കെജ്‌രിവാളിനു മേൽ പടർത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഡംബരപൂർണമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്ന് കാട്ടി രാജ്മഹൽ' പ്രയോ​ഗത്തിലൂടെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അത് തീർത്തും ദുർബലമായിരുന്നു. അർധ ന​ഗ്നനായ ഫക്കീർ എന്ന നിലയില്‍ അല്ലല്ലോ മോദിയെ ഇന്ത്യ കണ്ട് കൊണ്ടിരിക്കുന്നത്. അതേസമയം, ആപ്പിനെതിരായ ബിജെപിയുടെ നിരന്തരമായ പ്രചരണം വോട്ടർമാരെ സ്വാധീനിച്ചു. അതിന് കാരണം ഇതിനു മുൻപ് ആം ആദ്മി മുന്നോട്ട് വച്ച സംശുദ്ധമായ രാഷ്ട്രീയവും വിഐപി ഭാവി ഇല്ലാതാക്കുമെന്നുമുള്ള വാ​ഗ്ദാനങ്ങളാണ്.


Also Read: DELHI ELECTION RESULTS | തകർന്നടിഞ്ഞ് ആപ്പ്; രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം


സൗജന്യം, സൗജന്യം!

"സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, 500 രൂപയുടെ പാചക വാതകം, പത്ത് ലക്ഷം രൂപയുടെ വൈദ്യചികിത്സ എന്നിവ ലഭിക്കുന്നതിന് ഭാരതീയ ജനതാ പാർട്ടിക്ക് വോട്ട് ചെയ്യുക."


"ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യൂ, ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളുടെ വിവാഹത്തിന് 100,000 രൂപയും, സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും, സൗജന്യ വൈദ്യുതിയും, പുരോഹിതന്മാർക്ക് പ്രതിമാസം 17,000 രൂപയും നേടൂ."

ഡൽഹിയിലെ ജനങ്ങൾക്ക് ഇത് ശീലമായിരിക്കുന്നു. കഴിഞ്ഞ 12 വർഷമായി ആം ആദ്മി ഭരണത്തിന് കീഴിൽ "ക്ഷേമം" എന്ന വ്യാജേന ലഭിക്കുന്ന സൗജന്യങ്ങളുടെ ഉപഭോക്താക്കളാണ് ഈ ജനത. സ്ത്രീകൾക്ക് സൗജന്യ വൈദ്യുതി, വെള്ളം, സൗജന്യ ബസ് യാത്ര എന്നിവ വാഗ്ദാനം ചെയ്യുമ്പോൾ ബജറ്റും ഖജനാവും മറ്റ് ആസ്തി വികസനവും മറക്കുന്നിടത്ത് ജനപ്രീയതയ്ക്കായുള്ള ഒരു അഭിലാഷമുണ്ട്. അങ്ങനെ വരുമ്പോൾ ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കൈക്കൂലി കൊടുപ്പിന്റെ ഛായയുണ്ട്. ആപ്പിന്റെ വഴിയെയാണ് 2025ൽ ബിജെപിയുടെ പ്രചരണവും. സൗജന്യങ്ങൾ, വമ്പിച്ച വിലക്കുറവ്, സബ്സിഡികൾ- വോട്ടിനായുള്ള ആദായ വിൽപ്പന.



ജലക്ഷാമം, മലിനീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രാദേശിക ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചു. ഭരണകക്ഷിയായ ആപ്പിന്റെ പരാജയമെന്ന നിലയിലാണ് ഒരോ വിഷയത്തെയും ബിജെപി സമ്മതിദായകരിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ അസംതൃപ്തരെ ഒപ്പം കൂട്ടുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. സംതൃപ്തരെ അസ്വസ്ഥരാക്കുന്നതും. നിലവിലെ സർക്കാരിന‍്‍റെ പോരായ്മകളും ഡബിൾ എൻജിൻ സർക്കാർ എന്ന വാ​ഗ്ദാനവും കൂടിയായപ്പോൾ ജനങ്ങൾ താമരയുടെ വഴിയെ നീങ്ങി. കെജ് രിവാളിന്റെ പ്രതിച്ഛായയെ തക‍ർത്ത ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി. ഡൽഹിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള വ്യക്തിയായി മോദിയെ അവതരിപ്പിച്ചു.


Also Read: "ഭരണകർത്താക്കൾക്ക് വേണ്ടത് നല്ല പ്രതിച്ഛായ, എഎപി നേതൃത്വം മദ്യത്തിനും പണത്തിനും പിന്നാലെ പോയി മുഖം നഷ്ടപ്പെടുത്തിയത് തിരിച്ചടിച്ചു"


ഒടുവിൽ ഫലം വരുമ്പോൾ ബിജെപിയുടെ തന്ത്രങ്ങൾ ഫലിച്ചതായാണ് മനസിലാകുന്നത്. കെജ് രിവാളിനെയും ആപ്പിനെയും ഡൽഹിയിലെ ജനങ്ങൾ കൈവിട്ടു. കെജ്‌രിവാൾ അടക്കം പ്രമുഖ ആപ്പ് നേതാക്കളെല്ലാം പരാജയപ്പെട്ടു. കോൺ​ഗ്രസിനെ പണ്ടെ തഴഞ്ഞ ജനങ്ങൾ താമരയെ കൈവെള്ളയിലേക്ക് എടുത്തു. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവാണ് ബിജെപി നേടിയിരിക്കുന്നത്. ഇത് പ്രത്യയശാസ്ത്രപരമായ വിജയമായി കണക്കാക്കാൻ സാധിക്കില്ല. ഇത് ഒരു ആശയത്തെ അതിന്റെ വേരിൽ നിന്നും വേർപ്പെടുത്തി അതിനെ മറ്റൊന്നാക്കി മാറ്റിയ ശേഷം മാറ്റി സ്ഥാപിക്കുന്ന പ്രക്രിയായിരുന്നു. ചുരുക്കി പറഞ്ഞാൽ ആപ്പിനെ ബെഡക്കാക്കി ഡൽഹിയെ തനിക്കാക്കുകയായിരുന്നു ബിജെപി.

NATIONAL
'കശ്മീരിനെക്കുറിച്ചുള്ള ആ പരാമര്‍ശം തെറ്റാണ്'; ലൈവ് ഷോയില്‍ സിഎന്‍എന്‍ അവതാരകനെ തിരുത്തി ഇന്ത്യന്‍ സ്ഥാനപതി വിനയ് ക്വാത്ര
Also Read
user
Share This

Popular

NATIONAL
KERALA
പാക് ആക്രമണങ്ങള്‍ യാത്രാവിമാനങ്ങളുടെ മറപറ്റി; ഉപയോഗിച്ചത് 400ഓളം തുർക്കി നിർമിത ഡ്രോണുകള്‍