ഡൽഹി പൊലീസ് കോൺസ്റ്റബിൾ വധക്കേസ്: മുഖ്യപ്രതി കൊല്ലപ്പെട്ടു

സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു
ഡൽഹി പൊലീസ് കോൺസ്റ്റബിൾ വധക്കേസ്: മുഖ്യപ്രതി കൊല്ലപ്പെട്ടു
Published on

ഡൽഹി പൊലീസ് കോൺസ്റ്റബിൾ വധക്കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടു. സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചയോടെയാണ് കോൺസ്റ്റബിളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിലെ മറ്റ് രണ്ട് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി പൊലീസ് കോൺസ്റ്റബിൾ വധക്കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട റോക്കി എന്ന രാഘവ്. സംഗം വിഹാർ പ്രദേശത്ത് ലോക്കൽ പൊലീസും സ്പെഷ്യൽ സെല്ലും അടങ്ങിയ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രതിയെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയോടെ സംഗം വിഹാറിലെത്തിയ സംയുക്ത സംഘം പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെ സ്വയരക്ഷാർത്ഥം പൊലീസും പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചിരുന്നു. പ്രതിയുടെ പക്കൽ നിന്ന് വെടിയുണ്ടകൾ നിറച്ച പിസ്റ്റൾ കണ്ടെടുത്തെന്ന് പൊലീസ് പറയുന്നു.

നവംബർ 23ന് പുലർച്ചെയാണ് ഗോവിന്ദ്പുരിയിലെ ആര്യസമാജ് മന്ദിറിന് സമീപം പൊലീസ് കോൺസ്റ്റബിൾ കിരൺപാലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. പട്രോളിങ്ങിനിടെ ബൈക്കിൽ മദ്യപിച്ചെത്തിയ പ്രതിയെയും സുഹൃത്തുക്കളെയും കിരൺപാൽ തടഞ്ഞുവെച്ചിരുന്നു. ഇതിൽ രോഷാകുലരായ പ്രതികൾ കിരൺപാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന കിരൺപാലിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ ദീപക്, കൃഷ് എന്നീ രണ്ട് പ്രതികളെ കണ്ടത്തി. തുടർന്നാണ് കേസിലെ മുഖ്യപ്രതി റോക്കി എന്ന രാഘവ് ആണെന്ന് കണ്ടെത്തുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com