
എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് ഇന്ന് കൈമാറും. നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്ന തിങ്കളാഴ്ചക്ക് മുമ്പ് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും.
അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്ന് നീക്കി ഫയര്‍ ഫോഴ്‌സ് മേധാവിയായോ ജയില്‍ മേധാവിയായോ നിയമിക്കാനാണ് നീക്കം. പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്കപ്പുറം തൃശൂര്‍ പൂരം കലക്കല്‍ വിവാദവും ആര്‍എസ്എസ് കൂടിക്കാഴ്ചയുമാണ് എഡിജിപിക്ക് വിനയായത്. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടാണ് നിര്‍ണായകമായതെങ്കില്‍, പൂര വിവാദത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടാണ് അജിത് കുമാറിനെ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.
അജിത് കുമാറിന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് അവഗണിച്ചാല്‍ നാളെ കോടതികളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവും മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റുന്നതിന് കാരണമായി. മാത്രമല്ല നിരോധിത സംഘടനയല്ലാത്ത, കേന്ദ്രസര്‍ക്കാരിനെ പോലും നിയന്ത്രിക്കുന്ന ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ അഖിലേന്ത്യ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുത്താല്‍ അതും വിനയാകും. ഇക്കാര്യം കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രം നടപടി എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
നീണ്ട രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചപറ്റിയെന്ന നിലപാടിലാണ് സിപിഎമ്മും ഒടുവില്‍ എത്തിച്ചേര്‍ന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സമിതി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.