
ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ വഴിവിട്ട സഹായം ലഭിച്ചതായി വെളിപ്പെടുത്തലുമായി സഹതടവുകാരി. ഷെറിന് അട്ടക്കുളങ്ങര ജയിലിൽ ഉദ്യോഗസ്ഥർ വിഐപി പരിഗണന നൽകി, സൗകര്യം ഒരുക്കിയത് അന്നത്തെ ജയിൽ ഡിഐജി പ്രദീപ് കുമാറാണ്, ഡിജിപിയ്ക്കടക്കം പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ലെന്നും തളിക്കുളം സ്വദേശി സുനിത വെളിപ്പെടുത്തി.
50ലധികം തടവുകാർക്ക് ലഭിക്കാത്ത സൗകര്യങ്ങൾ ഷെറിന് മാത്രമായി പ്രത്യേകമായി അനുവദിച്ചു. രാത്രികാലങ്ങളിൽ പ്രദീപ് സെല്ലിൽ നിന്ന് ഷെറിനെ പുറത്തേക്കിറക്കിക്കൊണ്ട് പോകുമായിരുന്നു. മന്ത്രി ഗണേഷ് കുമാറും നടൻ ഷിജുവുമായി ബന്ധമുണ്ടായിരുന്നതായി ഷെറിൻ തന്നോട് പറഞ്ഞിരുന്നതായും തൃശൂർ തളിക്കുളം സ്വദേശി സുനിത എം.എസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ജയിലിൽ ഷെറിന് കിട്ടുന്ന അധിക പരിഗണനകൾക്കെതിരെ പരാതിപ്പെട്ടിരുന്നു. സൂപ്രണ്ട് നസീറ ബീവിക്കും ഡിജിപി ടി.പി. സെൻകുമാറിനും പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ല. ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്കും ജയിൽ അധികൃതർ കൃത്യമായ മറുപടി തന്നില്ല. പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ഷെറിൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും സുനിത ന്യൂസ് മലയാളത്തോട് പറഞ്ഞു.
2009 നവംബർ ഏഴിന് രാത്രിയാണ് ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കാരണവരുടെ ഇളയ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. കാമുകൻ ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദും നിഥിനും കൂട്ടാളികളായി ഷെറിനൊപ്പമുണ്ടായിരുന്നു.
അവിഹിത ബന്ധം ചോദ്യം ചെയ്തതും സ്വത്ത് തട്ടിയെടുക്കലുമായിരുന്നു കൊലപാതകത്തിൻ്റെ കാരണങ്ങളെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഉറങ്ങിക്കിടന്ന കാരണവരെ ഷെറിൻ്റെ സുഹൃത്തുക്കൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നാലു പ്രതികളെയും മാവേലിക്കര അതിവേഗ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പ്രതികളുടെ അപ്പീൽ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതോടെ കഴിഞ്ഞ 15 കൊല്ലമായി പ്രതികൾ ജയിലിലാണ്. ജീവപര്യന്തം ശിക്ഷാ കാലയളവായ 14 കൊല്ലം പിന്നിട്ടതോടെയാണ് ഒന്നാം പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഷെറിന് പരോളുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. ഒന്നര വർഷത്തോളമാണ് ഷെറിൻ പരോളിൽ പുറത്ത് കഴിഞ്ഞത്. നെയ്യാറ്റിൻകര വനിതാ ജയിലിൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി 2015ൽ വിയ്യൂർ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഷെറിന് ജയിൽ ഡോക്ടർ, കുട അനുവദിച്ചതും വിവാദമായിരുന്നു.