എലപ്പുള്ളി മദ്യനിർമാണ പ്ലാന്‍റ്: ഭൂമി തരംമാറ്റാൻ ഒയാസിസ് നൽകിയ അപേക്ഷ തള്ളി റവന്യൂ വകുപ്പ്

പാലക്കാട് എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനിയ്ക്കുള്ളത്
എലപ്പുള്ളി മദ്യനിർമാണ പ്ലാന്‍റ്: ഭൂമി തരംമാറ്റാൻ ഒയാസിസ് നൽകിയ അപേക്ഷ തള്ളി റവന്യൂ വകുപ്പ്
Published on

പാലക്കാട് എലപ്പുള്ളിയിൽ ഭൂമി തരംമാറ്റാൻ മദ്യനിർമാണ കമ്പനിയായ ഒയാസിസ് നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. എലപ്പുളളിയിലെ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് പാലക്കാട് ആ‍ർഡിഒ തള്ളിയത്. എന്നാൽ കൃഷിഭൂമി ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അനുമതി ലഭിച്ചതെന്നും ഒയാസിസ് കമ്പനി വിശദീകരിച്ചു.

പാലക്കാട് എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനിക്കുള്ളത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ്. ഈ ഭൂമി തരം മാറ്റി, ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകണമെന്നുമാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷയാണ് പാലക്കാട് ആർഡിഒ തള്ളിയത്. ജനുവരി 24 നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഒയാസിസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എലപ്പുള്ളി കൃഷി ഓഫീസർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഒയാസിസ് തരം മാറ്റം ആവശ്യപ്പെട്ട ഭൂമിയിൽ, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി കൃഷി ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ നാലേക്കറിൽ കൃഷിയല്ലാതെ, നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും നിർദേശിച്ചു.



എന്നാൽ മദ്യനിർമാണ പ്ലാന്റ് നിർമിക്കുന്നതിന് സർക്കാരിന് സമർപ്പിച്ച മാസ്റ്റർ പ്ലാനിൽ കൃഷി ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് ഒയാസിസ് കമ്പനി വിശദീകരിച്ചു. സർക്കാരിന് നൽകിയ അപേക്ഷയിൽ കൃഷിസ്ഥലം വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു. കമ്പനി വാങ്ങിയ 24 ഏക്കർ ഭൂമിയിൽ അഞ്ച് ഏക്കർ സ്ഥലത്ത് മഴവെളള സംഭരണി നിർമിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ നാല് ഏക്കർ ഭൂമിക്ക് തരം മാറ്റാനുളള അപേക്ഷ തള്ളിയതോടെ സമീപത്ത് വേറെ ഭൂമി വാങ്ങാനുള്ള ശ്രമത്തിലാണ് ഒയാസിസ്.

അതേസമയം, ഭൂമി തരം മാറ്റത്തിന് ഒയാസിസ് നൽകിയ അപേക്ഷ തള്ളിയതോടെ പ്രതിപക്ഷ വാദങ്ങൾ എല്ലാം പൊളിഞ്ഞില്ലേ എന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു. ഡീൽ എന്ന ആരോപണം പൊളിഞ്ഞില്ലേ? നിലവിലുള്ള എല്ലാ ചട്ടങ്ങൾക്കും വിധേയമായി അനുമതി നൽകുന്നു എന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. അത് വ്യക്തമാക്കിയാണ് എക്സൈസ് അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് പ്രാരംഭ അനുമതിയാണ് നൽകിയത്. ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കേണ്ടത് കമ്പനിയാണെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. വിഷയത്തിൽ മുന്നണിക്കുള്ളിൽ എതിർപ്പില്ല. സിപിഐ വകുപ്പുകളുടെ തീരുമാനമാണോ ഇതെന്ന് അറിയില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. എലപ്പുള്ളി ബ്രൂവറിയിലെ ആർജെഡിയുടെ എതിർപ്പിൽ എന്തും പറയാമെന്ന ലൈസൻസ് ഉണ്ടെന്ന് ഒരു പാർട്ടിയും കരുതുമെന്ന് വിചാരിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com