‘തമസോമാ ജ്യോതിർഗമയ‘ എന്ന വേദവാക്യമാണ് ദീപാവലിയുടെ സന്ദേശം എന്നാണ് പറയപ്പെടുന്നത്
രാജ്യത്ത് ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന പ്രധാന ഉത്സവ ദിനമാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് വിളക്കുകൾ തെളിച്ചും... പടക്കങ്ങൾ പൊട്ടിച്ചും... മധുര പലഹാരങ്ങൾ വിതരണം ചെയ്തും... സമ്മാനങ്ങൾ നൽകിയും ദീപാവലി ആഘോഷിക്കുന്നത്. ‘തമസോമാ ജ്യോതിർഗമയ‘ എന്ന വേദവാക്യമാണ് ദീപാവലിയുടെ സന്ദേശം എന്നാണ് പറയപ്പെടുന്നത്. ഇരുളിന് മേൽ വെളിച്ചത്തിനുള്ള പ്രാധാന്യം അഥവാ തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നതാണ് ഈ ദിവസം കൊണ്ടാടുന്നതിന് പിന്നിലെ ഐതിഹ്യം.
ആദ്യ കാലങ്ങളിൽ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മാത്രമാണ് വിളക്കുകൾ തെളിച്ചും പടക്കങ്ങൾ പൊട്ടിച്ചും ഈ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ ഇന്ന് രാജ്യമെമ്പാടുമുള്ള സകല മനുഷ്യരും ദീപാവലി ആഘോഷിക്കാറുണ്ട്. മാത്രവുമല്ല ഇന്ത്യൻ വംശജരുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇന്ന് ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിൽ സംസ്കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളിൽ 'ദിവാലി'യെന്ന പേരിലും ദീപാവലി അറിയപ്പെടാറുണ്ട്. പ്രാദേശിക ഭേദമനുസരിച്ചു ധനലക്ഷ്മി പൂജ, കാളി പൂജ തുടങ്ങിയ പേരുകളിലും ഈ ഉത്സവം ആചരിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം പാലാഴിയിൽ നിന്നുള്ള മഹാലക്ഷ്മിയുടെ അവതാര ദിവസമായാണ് ദീപാവലി കണക്കപ്പെടുന്നത്. അതിനാൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദേവി ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്.
ALSO READ: പണം ലാഭിക്കൽ മാത്രമല്ല, പ്രകൃതി സംരക്ഷണത്തിനും മാർഗം; സുസ്ഥിര ഭാവിക്കൊരു പുത്തൻ പാത 'ത്രിഫ്റ്റിങ്ങ്'
ബംഗാളിൽ ദീപാവലി കാളീ പൂജയായി ആഘോഷിക്കപ്പെടുന്നു. അമാവാസി ദിവസം കൂടിയായ ദീപാവലി ഭദ്രകാളി പ്രധാനമാണ് എന്നാണ് വിശ്വാസം. ആരോഗ്യത്തിൻ്റെയും ആയുസിൻ്റേയും ഔഷധത്തിൻ്റേയും മൂർത്തിയായ ഭഗവാൻ ധന്വന്തരി അമൃത കലശവുമായി അവതരിച്ച ദിവസമായ ധന ത്രയോദശി അഥവാ ധൻതേരസ് ധന്വന്തരി ജയന്തിയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ തുടക്കം. അതിനാൽ മൃത്യുവിൽ നിന്ന് അമരത്വത്തിലേക്ക് എന്നൊരു സങ്കൽപ്പവും ദീപാവലി ആഘോഷത്തിനുണ്ട്.
സാമ്പത്തിക ഉയർച്ച ഉണ്ടാകുവാനായും ഭക്തർ, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസുകാരും വീടുകളിലും സ്ഥാപനങ്ങളിലും സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മിയെ പൂജിക്കുന്ന സമയം കൂടിയാണ് ദീപാവലി. അതിനാൽ ലക്ഷ്മി പൂജ എന്ന പേരിലും ദീപാവലി അറിയപ്പെടാറുണ്ട്. കേരളത്തിൽ പൊതുവെ കൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായി ഗുരുവായൂർ, അമ്പലപ്പുഴ, ചോറ്റാനിക്കര, ആറ്റുകാൽ, തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇന്ന്.