വിഭവങ്ങൾ ഒറ്റയടിക്ക് തീർന്നുപോകാതിരിക്കാൻ ശ്രദ്ധയോടെയും വിവേകത്തോടെയും ഉപയോഗിക്കുന്നതിനെയാണ് ത്രിഫ്റ്റ് (മിതവ്യയം) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്
നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട വസ്ത്രം ചെറുതായി പോയതിൻ്റെ പേരിലോ, മറ്റെന്തെങ്കിലും കാരണത്താലോ ഉപേക്ഷിക്കേണ്ടി വരുമ്പോൾ സങ്കടം തോന്നാറില്ലേ? യാതൊരു കേടുപാടും സംഭവിക്കാത്ത ആ വസ്ത്രം പിന്നെ അലമാരയുടെ ഒരു കോണിൽ ഉപയോഗശൂന്യമായി കിടക്കുകയാണ് പതിവ്. എന്നാൽ, നിങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്ന ആ വസ്ത്രം മറ്റൊരാളുടെ പ്രിയപ്പെട്ടത് ആയി മാറുമെങ്കിൽ, അത് നിങ്ങൾക്ക് സന്തോഷമുള്ള കാര്യമാണെന്ന് മാത്രമല്ല. അതിന് വേറെയും നിരവധിയാണ് ഗുണങ്ങൾ. അത് ഭൂമിയുടെ ഭാവിക്കും, സാമ്പത്തിക ലാഭത്തിനുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ആ ആശയത്തെയാണ് ത്രിഫ്റ്റ് സെല്ലിങ്ങിലൂടെ സൂചിപ്പിക്കുന്നത്.
വിഭവങ്ങൾ ഒറ്റയടിക്ക് തീർന്നുപോകാതിരിക്കാൻ ശ്രദ്ധയോടെയും വിവേകത്തോടെയും ഉപയോഗിക്കുന്നതിനെയാണ് ത്രിഫ്റ്റ് (മിതവ്യയം) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക ഭദ്രത പ്രോത്സാഹിപ്പിക്കുക, വിഭവങ്ങൾ പാഴാക്കുന്നത് തടയുക, സ്ഥിര വരുമാനത്തിൻ്റെ ഒരു ഭാഗം ഭാവിയിലെ ഉപയോഗത്തിനായി നീക്കിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യപ്പെട്ട സമ്പ്രദായമാണിത്. ഇവയുടെ പ്രാധാന്യത്തിൻ്റെ ഓർമപ്പെടുത്തലെന്നോണം, ലോകമെമ്പാടും ഒക്ടോബർ 30ന് ലോക ത്രിഫ്റ്റിങ്ങ് ദിനം/ ലോക സേവിംഗ്സ് ദിനം ആചരിക്കുന്നു.
ALSO READ: ജോലിക്ക് പോകുന്നവരാണോ നിങ്ങൾ? കേട്ടിട്ടുണ്ടോ അൺഹാപ്പി ലീവിനെ കുറിച്ച്?
ചരിത്രം ഇങ്ങനെ...
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കാലത്താണ് ത്രിഫ്റ്റിങ്ങ് എന്ന ആശയം ഉടലെടുക്കുന്നത്. 1924 ഒക്ടോബറിൽ ഇറ്റലിയിൽ നടന്ന ഉദ്ഘാടന അന്താരാഷട്ര ത്രിഫ്റ്റ് കോൺഗ്രസിൽ ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഫിലിപ്പോ റാവയാണ് ലോക ത്രിഫ്റ്റ് ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. പെട്ടന്ന് തന്നെ വലിയ പിന്തുണ ലഭിച്ച ഈ ആശയം പിന്നീട്, 1925 ഒക്ടോബർ 31ന് ലോക ത്രിഫ്റ്റ് ദിനത്തിൻ്റെ ഉദ്ഘാടനത്തിൽ കലാശിച്ചു. ആദ്യത്തെ അന്താരാഷട്ര ത്രിഫ്റ്റ് കോൺഫറൻസിൻ്റെ വാർഷിക ദിനമെന്നോണമാണ്, ആ ദിനം തന്നെ ലോക ത്രിഫ്റ്റ് ദിനമാകാൻ കാരണമായത്. കുട്ടികൾക്കിടയിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഈ വർഷം ലോക ത്രിഫ്റ്റ് ദിനം ആചരിക്കുന്നത്.
ത്രിഫ്റ്റ് സ്റ്റോറുകളുടെ പ്രവർത്തനം എങ്ങനെ...
വിപണിയിൽ വലിയ തോതിൽ ഇടം പിടിച്ചുകൊണ്ടിരിക്കുന്ന ത്രിഫ്റ്റ് സ്റ്റോറുകൾ ഒരു പ്രത്യേക തരം റീട്ടെയിൽ ബിസിനസാണ്. ഉപയോഗിച്ച സാധനങ്ങൾ ഡിസ്കൗണ്ട് വിലയിൽ വീണ്ടും വിൽക്കുകയാണ് ത്രിഫ്റ്റ് സ്റ്റോറുകളുടെ പ്രവർത്തനരീതി. പുനർവിൽപ്പന എന്നതിൽ നിന്ന് വ്യത്യസ്തമായി, ലാഭത്തിന് വേണ്ടിയല്ല ഇവ പ്രവർത്തിക്കുന്നത് എന്നതാണ് ഇതിൻ്റെ പ്രത്യേകത. പണ്ട് മറ്റ് രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുണ്ടായിരുന്ന ത്രിഫ്റ്റ് സ്റ്റോറുകൾ ഇന്ന് നമ്മുടെ നാട്ടിലും സുലഭമാണ്.
സെക്കൻഡ് ഹാൻഡ് സ്റ്റോർ അല്ലെങ്കിൽ ചാരിറ്റി ഷോപ്പ് എന്നും അറിയപ്പെടുന്ന ത്രിഫ്റ്റ് ഷോപ്പുകളിലൂടെ വിൻ്റേജ് വസ്ത്രങ്ങൾ മുതൽ പുരാതന വസ്തുക്കൾ വരെ വിൽക്കാനും വാങ്ങാനും കഴിയും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, പുസ്തകങ്ങൾ, ബാഗുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി പുനരുപയോഗം സാധ്യമായതെല്ലാം ത്രിഫ്റ്റ് സ്റ്റോറുകളിലൂടെ വിൽപന നടത്താൻ സാധിക്കും. ഓൺലൈനായും ഇന്ന് നിരവധി ത്രിഫ്റ്റ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ത്രിഫ്റ്റ് സ്റ്റോറുകളിൽ വില്പന നടത്തുന്നത് പോലെ, സ്റ്റോറിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നത് ലാഭകരമാണ്. സുസ്ഥിര ഭാവിയെ കുറിച്ച് കൂടുതൽ ബോധവത്കരണം ലഭിച്ച പുതുതലമുറ സ്വീകരിക്കുന്ന ഏറ്റവും മികച്ച മാർഗം കൂടിയാണ് ത്രിഫ്റ്റ് സെല്ലിങ്ങ്.