അൻവറിനെ ഡിഎംകെ കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ നൗഷാദ് വയനാട്, മൂന്നാർ മോഹൻദാസ്, ആസിഫ് എന്നിവർ വ്യക്തമാക്കി
പി.വി. അൻവർ എംഎൽഎക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഡിഎംകെ കേരളഘടകം. പി.വി. അൻവർ പാർട്ടിയുടെ പേരും, പതാകയും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ പരാതി. അൻവറിനെ ഡിഎംകെ കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ നൗഷാദ് വയനാട്, മൂന്നാർ മോഹൻദാസ്, ആസിഫ് എന്നിവർ വ്യക്തമാക്കി.
ALSO READ: പാലക്കാടും ചേലക്കരയിലും DMK പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ ഉണ്ടാകും: പി.വി. അൻവർ
പാലക്കാട് മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്ഥാനാർഥികളുണ്ടാകുമെന്ന് അൻവർ പറഞ്ഞിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎമ്മിനോട് ഇടഞ്ഞതിനു പിന്നാലെയാണ് അൻവർ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പാർട്ടി പ്രഖ്യാപിച്ചത്. അദ്ദേഹം ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തിയതിൻ്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.
പൊലീസിനെതിരെ വീണ്ടും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ലഹരി മരുന്നിനെതിരെ പ്രവർത്തിക്കുന്നവരെ സംഘടിതമായി എതിർക്കുകയും, പരാതി നൽകുന്നവരെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. മലപ്പുറം ജില്ലയിലാണ് ഇത് കൂടുതലായുള്ളത്. ലഹരി മാഫിയയെ സഹായിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പി.വി. അൻവർ മട്ടാഞ്ചേരിയിൽ പറഞ്ഞിരുന്നു. MDMA കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ പീഡിപ്പിക്കുന്ന രീതിയിൽ ഇത് മാരകമായിരിക്കുകയാണ്. പൊലീസ് ലഹരി മാഫിയയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.