പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തിക്കുന്നത് ഒറ്റക്കെട്ടായിട്ടാണെന്നും വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കി
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പി.സരിൻ രാജിവെക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് എംപി വി.കെ. ശ്രീകണ്ഠൻ. പി.സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തിക്കുന്നത് ഒറ്റക്കെട്ടായിട്ടാണെന്നും വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കി.
സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം. പക്ഷേ വിജയസാധ്യതയാണ് മാനദണ്ഡം. ജില്ലയ്ക്ക് പുറത്തു നിന്ന് സ്ഥാനാർഥി വരുന്നതിൽ തെറ്റില്ല. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സരിൻ ഭാരവാഹി മാത്രമാണ്. ഇപ്പോഴത്തെ വിവാദങ്ങൾ ബിജെപിയെ സഹായിക്കാനാണെന്നും എംപി പറഞ്ഞു.
Also Read: പേരും പതാകയും ദുരുപയോഗം ചെയ്യുന്നു; പി.വി. അൻവറിനെതിരെ നിയമ നടപടിക്കൊരുങ്ങി ദ്രാവിഡ മുന്നേറ്റ കഴകം
പാലക്കാട്ടെ കോൺഗ്രസിൽ പാളയത്തിൽ പട ഉണ്ടാക്കാൻ ചാനലുകാരല്ല ആരു വിചാരിച്ചാലും നടക്കില്ല. എല്ലാ പ്രശ്നവും പരിഹരിക്കുമെന്നും വി.കെ ശ്രീകണ്ഠൻ അറിയിച്ചു. കോൺഗ്രസ് പിണറായി വിജയൻ്റെ പാർട്ടിയല്ല. ബിജെപിയുടെ പാർട്ടിയല്ല. എല്ലാ പ്രശ്നവും പരിഹരിക്കുവാനുള്ള നേതൃത്വ പാടവം കോൺഗ്രസ് പാർട്ടിക്കുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കി.
അതേസമയം, പാലക്കാട് അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള കഴിവ് കോൺഗ്രസിനും യുഡിഎഫിനും ഉണ്ടെന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി സിദ്ദിഖ് വയനാട്ടിൽ പറഞ്ഞു. സരിൻ കടുത്ത തീരുമാനങ്ങൾ എടുക്കില്ല എന്നാണ് പ്രതീക്ഷ. പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിൽ അത് സംസാരിച്ചു തീർക്കുമെന്നും സ്ഥാനാർഥി നിർണയം നടത്തിയത് വിശദമായ ചർച്ചകൾക്ക് ശേഷമാണെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേർത്തു.