ഇലോൺ മസ്കെന്ന ശതകോടീശ്വരൻ്റെ ഏറ്റവും പ്രിയപ്പെട്ട മീമായിരുന്നു ഡോജ് മീം
പുതുതായി രൂപീകരിക്കുന്ന യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി(DOGE) യുടെ തലവനായി ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനെയും ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമിയെയും നിയമിച്ചിരിക്കുകയാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ ഇത്തരമൊരു പദവി ട്രംപ് മസ്കിനു വാഗ്ദാനം ചെയ്തിരുന്നു."അമേരിക്കൻ ദേശസ്നേഹിയായ വിവേക് രാമസ്വാമിയും, ഗ്രേറ്റ് ഇലോൺ മസ്‌കും ചേർന്ന് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി നയിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്," ട്രംപ് പ്രഖ്യാപിച്ചു.
യുഎസ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ ഒരു എഫിഷ്യന്‍സി ഡിപ്പാർട്ട്മെന്‍റിന്‍റെ ആവശ്യകതയെപ്പറ്റി വാചാലനായിരുന്നു മസ്ക് . അന്നുതന്നെ ഇത്തരമൊരു സംവിധാനം നടപ്പില്‍ വരുത്തുമെന്നതിന്‍റെ സൂചനകളും ട്രംപ് നല്‍കിയിരുന്നു. എന്നാൽ ട്രംപിന് ഡിപ്പാർട്ട്മെന്‍റിൻ്റെ പേരടക്കം നിർദേശിച്ചത് മസ്കാണെന്നതാണ് വസ്തുത. എന്നാൽ സ്റ്റോക്ക് മാർക്കറ്റിൻ്റെ ചോദ്യം മറ്റൊന്നാണ്, എങ്ങനെയാണ് ട്രംപ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി പ്രഖ്യാപിച്ച ശേഷം ഡോജ് കോയിൻ വില കുതിച്ചുയർന്നത്?
ഡോജ് മീം ക്രിപ്റ്റോ കറൻസിയുടെ കഥ
സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ ഒരാളാണ് ഇലോൺ മസ്ക്. ഈ ശതകോടീശ്വരൻ്റെ ഏറ്റവും പ്രിയപ്പെട്ട മീമായിരുന്നു ഡോജ് മീം. വർഷങ്ങൾക്ക് മുൻപാണ് ഷിബ ഇനു എന്ന ജാപ്പനീസ് പട്ടിയുടെ മീം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പിന്നാലെ ഇലോൺ മസ്ക് ഡോജ് മീമുകളോടുള്ള തൻ്റെ ഇഷ്ടം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഡോജ് മീം കോയിൻ പ്രാബല്യത്തിൽ വരുന്നത്. ഇൻ്റർനെറ്റിലെ ട്രെൻഡുകളിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്ന കറൻസികളാണ് മീം കോയിനുകൾ.
ഡോജ് മീമിനൊപ്പം ഡോജ്കോയിനുകളും മസ്കിന് പ്രിയങ്കരമായി. ഡോജ്കോയിനുകളെ കുറിച്ച് മസ്ക് ട്വീറ്റ് ചെയ്യാൻ ആരംഭിച്ചതോടെയാണ് ഈ മീം കോയിനുകളുടെ വില വർധിക്കാൻ തുടങ്ങുന്നത്. ഡോജ്കോയിൻ ഫണ്ട് ഉപയോഗിച്ച് സ്‌പേസ് എക്‌സ് ദൗത്യത്തിൽ ചന്ദ്രനിലേക്കുള്ള സൗജന്യയാത്ര പോലും ട്രംപ് പ്രഖ്യാപിച്ചു. 'ഡോജ് ഫാദർ' എന്നാണ് ട്രംപ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 2023-ൽ, ട്വിറ്റർ ഏറ്റെടുത്ത മസ്ക്, അതിൻ്റെ പക്ഷിയുടെ ലോഗോ മാറ്റി ഡോജ് മീം ഉപയോഗിക്കാൻ തീരുമാനിച്ചതായിരുന്നു ഡോജ്കോയിൻ്റെ ചരിത്രത്തിലെ മറ്റൊരു പ്രധാന നിമിഷം. അതേ വർഷം, തൻ്റെ പിതാവിന് മരതക ഖനി ഉണ്ടെന്ന് തെളിയിക്കുന്ന ആർക്കും ദശലക്ഷം ഡോജ്കോയിൻ നൽകാമെന്നും മസ്‌ക് വാഗ്ദാനം ചെയ്തിരുന്നു.
ഒരു മീം കോയിനായാണ് എത്തുന്നതെങ്കിലും, ഏകദേശം 55 മില്ല്യൺ ഡോളറിൻ്റെ മാർക്കറ്റ് വാല്യുവാണ് ഇപ്പോൾ ഡോജ് ക്രിപ്റ്റോക്കുള്ളത്. ട്രംപിൻ്റെ വിജയത്തിന് പിന്നാലെ തന്നെ ഡോജ് കോയിനുകളുടെ മൂല്യം കുതിച്ചുയർന്നിരുന്നു. 181 ശതമാനത്തോളമാണ് ഡോജ്കോയിൻ്റെ മൂല്യം ഉയർന്നത്.
ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി അഥവാ ഡോജിൻ്റെ കഥ
നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിന് കീഴിലുള്ള പുതിയ സംരംഭമാണ് ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ് (DOGE). സർ ഡോജ് ഓഫ് ദി കോയിൻ എന്ന എക്സ് എക്കൗണ്ട് ആണ് തമാശരൂപേണ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി അഥവാ ഡോജ് എന്ന് യുഎസ് ഡിപാർട്മെൻ്റിന് പേര് നൽകാമെന്ന് നിർദേശിക്കുന്നത്. ഇത് റിപോസ്റ്റ് ചെയ്ത മസ്ക്, സംരഭത്തിന് പറ്റിയ ഉത്തമ പേരാണിതെന്നും കുറിച്ചിരുന്നു. അൽപസമയത്തിനകം തന്നെ ഡോജ് എന്ന ഡിപാർട്മെൻ്റ് രൂപീകരിക്കുമെന്നും ഇലോൺ മസ്കിന് അതിൻ്റെ ചുമതല നൽകുമെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിൻ്റെ "സേവ് അമേരിക്ക" പ്രസ്ഥാനവുമായി സംയോജിച്ചാണ് ഡോജ് പ്രവർത്തിക്കുക. ഗവൺമെൻ്റ് ബ്യൂറോക്രസിയെ തകർക്കുക , അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ ഇല്ലാതാക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ദൗത്യങ്ങൾ. ഗവൺമെൻ്റിനോടുള്ള ഒരു സംരംഭക സമീപനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് പറയുന്നു.
ഈ ദൗത്യം നടപ്പിലാക്കാൻ ഡോജ്, വൈറ്റ് ഹൗസുമായും ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻ്റ് ബജറ്റുമായും ചേർന്ന് പ്രവർത്തിക്കും. ആധുനിക കാലത്തെ "മാൻഹട്ടൻ പദ്ധതി"യെന്നാണ് ഡോജിന് ട്രംപ് നൽകിയ വിശേഷണം. 2026 ജൂലൈ 4-നകം ദൗത്യങ്ങൾ പൂർത്തീകരിക്കണമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന നിർദേശം.