fbwpx
ടിക്ടോക് നിരോധനം നടപ്പിലാക്കാനുള്ള സമയപരിധി 75 ദിവസത്തേക്ക് നീട്ടി ട്രംപ്; യുഎസില്‍ തുടരാന്‍ കമ്പനിയുടെ പകുതി ഓഹരി നൽകണം
logo

ന്യൂസ് ഡെസ്ക്

Posted : 21 Jan, 2025 02:34 PM

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധമുപേക്ഷിച്ചാല്‍ നിരോധനം ഒഴിവാക്കാമെന്നാണ് ബൈഡന്‍ സർക്കാർ ആവശ്യപ്പെട്ടതെങ്കില്‍, ട്രംപ് ആവശ്യപ്പെടുന്നത് കമ്പനിയുടെ പകുതി അവകാശമാണ്

WORLD

അധികാരത്തിലേറിയതിനുശേഷം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ടിക്ടോക് നിരോധനം നീട്ടിവെയ്ക്കുകയാണ്. ഇതോടെ, ബൈഡന്‍ സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തില്‍ നിന്ന് താത്കാലിക ആശ്വാസവുമായി അമേരിക്കയിലേക്ക് ടിക്ടോക് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ പ്രശ്നപരിഹാരത്തിന് ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനയിലും ഒരു ട്വിസ്റ്റുണ്ട്.


ചാരപ്രവൃത്തിയും ഡാറ്റ ചോർച്ചയുമടക്കം സൈബർ സുരക്ഷാ ആശങ്കകള്‍ മുന്‍നിർത്തിയാണ് അമേരിക്കയില്‍ അധികാരമൊഴിഞ്ഞ ബൈഡന്‍ ഭരണകൂടം ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. യുഎസ് സുപ്രീംകോടതിയും ശരിവെച്ച നിരോധനത്തിന് പക്ഷേ, 12 മണിക്കൂർ മാത്രമാണ് ആയുസുണ്ടായത്. നിരോധനം പ്രാബല്യത്തില്‍ വന്ന ജനുവരി 19 ന് വൈകീട്ടോടെ തന്നെ ടിക്ടോക് പ്രവർത്തനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നന്ദിയറിച്ചാണ് ആപ്പിന്‍റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ടിക്ടോക്കിന്‍റെ തിരിച്ചുവരവ് അറിയിച്ചത്.


ALSO READ: ക്യാപ്പിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ്, മെക്സിക്കോയില്‍ മതില്‍, WHOയില്‍ നിന്ന് പിന്മാറ്റം, LGBTQ+ എന്നൊന്നില്ല; പ്രസിഡന്‍റ് ട്രംപിന്‍റെ ഒന്നാം ദിന ഉത്തരവുകള്‍


ജനുവരി 20ന് പ്രസിഡന്‍റായി ചുമതലയേറ്റ ട്രംപ്, ആദ്യം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് ടിക്ടോക്കിന്‍റെ നിരോധനം നടപ്പിലാക്കാനുള്ള സമയപരിധി നീട്ടുക എന്നതായിരുന്നു. 75 ദിവസത്തേക്കാണ് നിരോധനം നീട്ടിയത്. അതേസമയം, യുഎസ് കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ പാസാക്കിയ, സുപ്രീംകോടതി ശരിവച്ച, നിരോധനം പുനഃപരിശോധിക്കുന്നതിന് ട്രംപിനുള്ള നിയമപരമായ അംഗീകാരത്തില്‍ ചോദ്യമുയരുന്നുണ്ട്.

നിരോധനം നീട്ടി എന്നതിനപ്പുറം, അമേരിക്കയില്‍ തുടരാന്‍ മറ്റൊരവസരം ടിക്‌ടോക്കിനുമുന്നില്‍വയ്ക്കുകയാണ് ട്രംപ്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധമുപേക്ഷിച്ചാല്‍ നിരോധനം ഒഴിവാക്കാമെന്നാണ് ബൈഡന്‍ സർക്കാർ ആവശ്യപ്പെട്ടതെങ്കില്‍, ട്രംപ് ആവശ്യപ്പെടുന്നത് കമ്പനിയുടെ പകുതി അവകാശമാണ്. ടിക്ടോക്കിന്‍റെ 50 ശതമാനം ഓഹരി യുഎസ് ഗവണ്‍മെന്‍റിന് കൈമാറി സംയുക്ത സംരംഭമാകണമെന്നാണ് ട്രംപിന്‍റെ നിർദേശം. അമേരിക്കയ്ക്ക് ആപ്പിനുമേല്‍ നേരിട്ട് നിരീക്ഷണം സാധ്യമാക്കുന്ന ഒത്തുതീർപ്പെന്ന നിലയിലാണ് ട്രംപ് ഈ നിർദേശത്തെ വിവരിക്കുന്നത്.


ALSO READ: ഇത് നാസി സല്യൂട്ടോ? ചർച്ചയായി ട്രംപിൻ്റെ സ്ഥാനാരോഹണ വേദിയിലെ മസ്കിൻ്റെ ആംഗ്യം


ചൈനീസ് സർക്കാർ ഈ നീക്കത്തിന് അനുമതി നല്‍കുകയാണെങ്കില്‍ മാത്രമേ ഇങ്ങനെയൊരു കരാറുണ്ടാകൂ. അനുമതി നല്‍കാത്ത പക്ഷം, കമ്പനിക്ക് അമേരിക്കയില്‍ ഒരു മൂല്യവുമില്ലെന്ന് ട്രംപ് പറയുന്നു. അതായത് ഇപ്പോള്‍ കമ്പനിയുടെ ഭാവിയും മൂല്യവും അമേരിക്കയുടെ കയ്യിലാണെന്നാണ് ട്രംപ് അർഥമാക്കുന്നത്. കഴിഞ്ഞവർഷം കോണ്‍ഗ്രസ് പാസാക്കിയ നിയമമനുസരിച്ച് ടിക്ടോക്കിനെ മാത്രമല്ല, ചൈനയുടെ മറ്റേത് ആപ്പിനെയും നിരോധിക്കാനുള്ള അധികാരം ഇപ്പോള്‍ യുഎസ് സർക്കാരിനുണ്ട്. അതേസമയം, കമ്പനികള്‍ സ്വതന്ത്രമായി തീരുമാനമെടുക്കട്ടെ എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ തിങ്കളാഴ്ച പ്രതികരിച്ചത്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പുപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ടിക്ടോക് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, ആപ്പ് സ്റ്റോറുകളിലേക്ക് ടിക്ടോക് മടങ്ങിയിട്ടില്ല. തിങ്കളാഴ്ചത്തെ ഉത്തരവില്‍, ആപ്പ് ലഭ്യമാക്കുന്നതിന്‍റെ പേരില്‍ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകള്‍ പിഴ നേരിടേണ്ടി വരില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉറപ്പിന്‍റെ പേരില്‍ ആപ്പ് പുനസ്ഥാപിക്കപ്പെടുമോ എന്ന് വ്യക്തമല്ല.

Also Read
user
Share This

Popular

KERALA
WORLD
"പറഞ്ഞു തരാൻ ആരുമില്ലായിരുന്നു, ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകാതിരിക്കുക"; വേടനെ കേള്‍ക്കാൻ അലയടിച്ചെത്തി ജനസാഗരം