
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. യുഎസ് ടെലിവിഷൻ ബ്രോഡ്കാസ്റ്ററായ സിന്‍ക്ലയറിന്‍റെ 'ഫുള്‍ മെഷറിനു' നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് മുൻതൂക്കം പ്രവചിച്ചുകൊണ്ടുള്ള സർവേ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയുടെ പ്രസ്താവന. ശതകോടീശ്വരൻ മസ്കുമായോ റോബോർട്ട് എഫ് കെന്നഡി ജൂനിയറുമായോ ഇടപാടുകളില്ലെന്നും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി.
നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യുഎസ് ഭരണഘടനയുടെ 22-ാം അമെന്‍ഡ്‌മെന്‍റ് പ്രകാരം ട്രംപിന് 2028ല്‍ വീണ്ടും മത്സരിക്കാന്‍ സാധിക്കില്ല. ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള അവസരം ട്രംപിനു മുന്നിലുണ്ട്. എന്നാല്‍ തോറ്റാല്‍ വീണ്ടും മത്സരരംഗത്തേക്കില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. 2024ലെ മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറിയതോടെ, യുഎസ് ചരിത്രത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഡൊണാൾഡ് ട്രംപ് മാറിയിരുന്നു. ഇത് 2028ല്‍ മത്സരിക്കുന്നതിന് ട്രംപിന് പ്രശ്നമാകാന്‍ സാധ്യതയുണ്ട്.
Also Read: സഹകരണത്തിൻ്റെ പുതിയ മേഖലകൾ കണ്ടെത്താനാകുന്നതിൽ അത്ഭുതം: ബൈഡനുമായി ചർച്ച നടത്തി മോദി
2024 തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തന്നെ ട്രംപ് അത് അംഗീകരിക്കുമോയെന്ന സംശയം പല കോണുകളിലും നിന്ന് ഉയരുന്നുണ്ട്. വിശേഷിച്ചും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ ഭാഗത്തു നിന്നുമാണ് അത്തരത്തിലൊരു സംശയം ഉയർന്നു വരുന്നത്. ട്രംപ് തോറ്റാല്‍ ജനുവരി ആറ് ആവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ബൈഡന്‍റെ വിജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ചതിനെ ഓർമ്മപ്പെടുത്തിയായിരുന്നു ബൈഡന്‍റെ പ്രസ്താവന. തോറ്റാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ് പറഞ്ഞത് കാര്യമായിട്ടു തന്നെയാണെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 2024 ലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളായ എലിസ് സ്റ്റെഫാനിക്, ടിം സ്കോട്ട്, മാർക്കോ റൂബിയോ എന്നിവരും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലായെന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് മുൻകൈയുണ്ടെന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കമല ഹാരിസ് ട്രംപിനേക്കാൾ അഞ്ച് ശതമാനം പോയിൻ്റുകൾക്ക് മുന്നിലാണെന്നാണ് എൻബിസി ന്യൂസ് സർവെ. ഇതിനു പിന്നാലെ കമല ഹാരിസ് പുതിയ സാമ്പത്തിക നയങ്ങൾ ഈ ആഴ്ച വ്യക്തമാക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അമേരിക്കൻ ജനതക്ക് സമ്പത്ത് കണ്ടെത്താനും ബിസിനസുകാരെ ആനുകൂല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ സാമ്പത്തിക നയങ്ങളാകും പ്രഖ്യാപിക്കുകയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. തെരഞ്ഞെടുപ്പിൽ നിർണായകമായേക്കാവുന്ന സ്റ്റേറ്റുകളിലെ വോട്ട് നേടാൻ ഈ നയങ്ങൾ പ്രധാന പങ്കുവഹിക്കുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ വിലയിരുത്തൽ.