
മഹാകുംഭമേളയ്ക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിനിലേക്ക് കല്ലെറിഞ്ഞ് ജനം. ഝാൻസിയിൽ നിന്നും പ്രയാഗ്രാജിലേക്ക് ഓടുന്ന സ്പെഷ്യൽ ട്രെയിൻ ഹർപൽപൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് കല്ലേറ് നേരിട്ടത്. പ്ലാറ്റ്ഫോമിൽ കാത്തുനിന്ന ജനങ്ങൾ കംപാർട്ട്മെൻ്റ് വാതിലുകൾ പൂട്ടിയ നിലയിൽ കണ്ടതോടെയാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.
യാത്രക്കാർ ഭയന്ന് നിലവിളിക്കുമ്പോൾ അക്രമികൾ ട്രെയിനിന് നേരെ കല്ലെറിയുകയും ചില്ലുകൾ തകർക്കുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. "ട്രെയിൻ ഹർപാൽപൂരിലെത്തി ആക്രമണത്തിന് ഇരയായി. അവർ ട്രെയിനിന് കേടുപാടുകൾ വരുത്തുകയും ഉള്ളിലേക്ക് കല്ലെറിയുകയും ചെയ്തു. അവർ യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചു. ഇവിടെ സ്ത്രീകളും കുട്ടികളുമുണ്ട്." ട്രെയിനിനകത്തെ യാത്രക്കാർ പറയുന്നത് ഇങ്ങനെയാണ്. മഹാകുംഭമേളയ്ക്കായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകർ എത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, ഝാൻസിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കയറാൻ നിരവധി ആളുകൾ ഹർപാൽപൂരിൽ കാത്തുനിന്നിരുന്നു. എന്നാൽ ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോഴാണ് വാതിലുകൾ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. പ്രകോപിതരായ യാത്രക്കാർ അക്രമാസക്തരാവുകയും കമ്പാർട്ടുമെൻ്റുകൾക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. ട്രെയിനിൻ്റെ വാതിലുകളുടെ ജനൽച്ചില്ലുകൾ അവർ തകർത്തത് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരിൽ പരിഭ്രാന്തി പരത്തുകയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെ ട്രെയിൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ചിലർ കല്ലെറിഞ്ഞതെന്ന് ഹർപാൽപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് പുഷ്പക് ശർമ പറഞ്ഞു. "പ്രയാഗ്‌രാജിലേക്കുള്ള സുഗമമായ യാത്ര ഉറപ്പാക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സഹകരിക്കാനും യാത്രക്കാരോട് അഭ്യർഥിക്കുന്നു," റെയിൽവേ വക്താവ് മനോജ് സിങ് പറഞ്ഞു.