താമരശേരി അമ്പായത്തോട് സ്വദേശി നൗഷാദാണ് ഭാര്യയെയും എട്ട് വയസുകാരിയായ മകളെയും മർദിച്ചത്
കോഴിക്കോട് താമരശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയേയും മകളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. താമരശേരി അമ്പായത്തോട് സ്വദേശി നൗഷാദാണ് ഭാര്യയെയും എട്ട് വയസുകാരിയായ മകളെയും മർദിച്ചത്. ക്രൂരത സഹിക്കാനാകാതെ മകളെയും കൊണ്ട് രാത്രി വീട് വിട്ട് ഓടിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കൊല്ലുമെന്ന് പറഞ്ഞായിരുന്നു നൗഷാദ് മർദിച്ചതെന്ന് പരിക്കേറ്റ യുവതി പറയുന്നു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് എട്ടു വയസ്സുകാരിയായ മകൾക്കും, മാതാവിനും പരുക്കേറ്റത്. കൊടുവാളും കൊണ്ട് പിന്നാലെയോടി. രക്ഷപ്പെടാൻ വേണ്ടിയായിരുന്നില്ല, മറിച്ച് വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാനായിരുന്നു താൻ ഓടിയതെന്നും ഇവർ പറയുന്നു. ഇവിടെ നിന്നാണ് നാട്ടുകാരെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കല്യാണം കഴിഞ്ഞത് മുതൽക്കെ മർദനമുണ്ടായിരുന്നെന്ന് ഇവർ പറയുന്നു. നൗഷാദ് കടുത്ത മദ്യപാനിയാണ്. മറ്റു പല ലഹരി പദാർഥങ്ങളും ഉപയോഗിക്കുന്നത് കാണാറുണ്ടെന്നും ഭാര്യ പറഞ്ഞു. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നുമാണ് നാട്ടുകാരും പറയുന്നത്.