
വർഷങ്ങളായി ഡൽഹി പൊലീസിൻ്റെ നോട്ടപ്പുള്ളിയും കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാഷിം ബാബയുടെ ഭാര്യയുമായ സോയ ഖാൻ ഒടുവിൽ പിടിയിൽ. ഡൽഹിയിലെ ലേഡി ഡോൺ എന്നറിയപ്പെടുന്ന ഇവരെ 270 ഗ്രാം ഹെറോയിനുമായാണ് പിടികൂടിയത്. ആഗോള വിപണിയിൽ ഒരു കോടിയോളം വില വരുന്ന ഹെറോയിനാണ് പിടികൂടിയത്.
33കാരിയായ സോയ വളരെക്കാലമായി പൊലീസിൻ്റെയും അന്യേഷണ ഉദ്യോഗസ്ഥരുടെയും റഡാറിൽ ഉണ്ടായിരുന്നെങ്കിലും എല്ലായ്‌പ്പോഴും പല വിധേന രക്ഷപ്പെടുകയായിരുന്നു. ജയിലിൽ കിടക്കുന്ന ഭർത്താവ് ഹാഷിം ബാബയുടെ ക്രിമിനൽ സാമ്രാജ്യം തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൈകാര്യം ചെയ്തിരുന്നത് സോയ ആയിരുന്നു. അവരുടെ പങ്കിനെക്കുറിച്ച് സൂചനകൾ ഉണ്ടായിരുന്നിട്ടും, പൊലീസിന് ഒരിക്കലും അവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കൊലപാതകം, കള്ളക്കടത്ത്, ആയുധക്കടത്ത് തുടങ്ങി ഡസൻ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്. സോയ ഖാൻ ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ്. ബാബ ജയിലിലായതോടെ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ സോയ ഏറ്റെടുത്തു. ഭർത്താവിൻ്റെ സംഘത്തിൽ സോയയുടെ പങ്ക് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരി ഹസീന പാർക്കറിൻ്റേതിന് സമാനമായിരുന്നു. കള്ളക്കടത്ത്, മയക്കുമരുന്ന് വിതരണം തുടങ്ങിയവ നിയന്ത്രിക്കുന്നതിൽ സോയ ഏർപ്പെട്ടിരുന്നതായി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിലെ വൃത്തങ്ങൾ പറയുന്നു.
ഒരു സാധാരണ ക്രൈം ബോസിൽ നിന്ന് വ്യത്യസ്തമായി, സോയ ഒരു പ്രത്യേക ഇമേജാണ് നിലനിർത്തിയിരുന്നത്. അവർ ഉന്നതരുടെ പാർട്ടികളിൽ പങ്കെടുത്തു, വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു, ആഡംബര ബ്രാൻഡുകളിൽ മുഴുകി. സോഷ്യൽ മീഡിയയിൽ ഇവരെ ഒരുപാട് ഫോളോവേഴ്സും ഇവർക്ക് ഉണ്ടായിരുന്നു.
സോയ അടുത്തിടെ തൻ്റെ ഭർത്താവിനെ തിഹാർ ജയിലിലെത്തി സന്ദർശിച്ചിരുന്നു. സംഘത്തിൻ്റെ സാമ്പത്തിക കാര്യങ്ങളും പ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും ഉപദേശങ്ങളും ബാബ കോഡ് ഭാഷയിലാണ് അവർക്ക് നൽകിയിരുന്നത് എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ജയിലിന് പുറത്തുള്ള ഹാഷിമിൻ്റെ കൂട്ടാളികളുമായും മറ്റ് കുറ്റവാളികളുമായും അവർ നേരിട്ട് ബന്ധം പുലർത്തിയിരുന്നു.
വർഷങ്ങളോളം ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെല്ലും ക്രൈംബ്രാഞ്ചും അവരെ പിടികൂടാൻ പാടുപെടുകയായിരുന്നു. എന്നാൽ ഈ ശ്രമത്തിൽ സ്പെഷ്യൽ സെൽ വിജയിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിൽ വെച്ചാണ് സോയയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽ വിതരണം ചെയ്യുന്നതിനായി വെച്ചിരുന്ന വലിയ അളവിലുള്ള ഹെറോയിനോടെയാണ് സോയയെ പൊലീസ് പിടികൂടിയത്.
നാദിർഷാ വധക്കേസിൽ ഉൾപ്പെട്ട വെടിവെപ്പുകാർക്കും സോയ അഭയം നൽകിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ഏരിയയിലെ ജിം ഉടമയായ ഷാ 2024 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം സ്പെഷൽ സെല്ലിൻ്റെ ലോധി കോളനിയിലെ ഓഫീസിൽ വെച്ച് വെടിവെപ്പുമായി ബന്ധപ്പെട്ട് സോയയെ ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധവുമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.