
കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാൻ വേണ്ടി കോൺഗ്രസും ബിജെപിയും തമ്മിൽ ചില ഡീലുകൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. ഷാഫി പറമ്പിൽ വടകരയിൽ മത്സരിച്ചത് അതിൻ്റെ ഭാഗമായാണെന്നും കോൺഗ്രസ്-ബിജെപി ഡീൽ തുറന്നുകാട്ടുന്നതാണ് എ.കെ. ഷാനിബിൻ്റെ വെളിപ്പെടുത്തലുകളെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് പറഞ്ഞു.
"പ്രത്യേക ഡീലിൻ്റെ ഭാഗമായി ഷാഫി-വി.ഡി. സതീശൻ തീരുമാനമാണ് ഇതിന് പിന്നിൽ. പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ സ്വാധീനം ഉണ്ടാക്കാൻ ഷാഫിക്ക് കഴിയാത്തത് ഡീലിൻ്റെ ഭാഗമായാണ്. അതേസമയം, സരിൻ്റെ പ്രചരണത്തിന് ഡിവൈഎഫ്ഐ കൂടെയുണ്ടാകും," വസീഫ് പറഞ്ഞു.
വ്യത്യസ്ത ഡീലുകൾ നടക്കുന്ന കേന്ദ്രമായി കോൺഗ്രസ് മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും വിമർശിച്ചു. രാജ്യസഭാ സീറ്റ് ബിജെപിക്ക് നൽകിയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വന്നത്. ഇത് ഡീലിൻ്റെ ഭാഗമായാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ചും അട്ടിമറിച്ചുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻ്റായതെന്നും സനോജ് വിമർശിച്ചു. കണ്ണൂരിൽ എഡിഎം നവീൻ ബാബുവിനെതിരായ പരാതിക്കാരൻ പ്രശാന്തിൻ്റേത് വ്യാജ പരാതിയെങ്കിൽ അറസ്റ്റ് ചെയ്യട്ടെയെന്നും വി.കെ. സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ വഞ്ചനയാണ് ഷാഫിയും വി.ഡി. സതീശനും തുടരുന്നതെന്നും കേരള മുഖ്യമന്ത്രിയാകാൻ വി.ഡി. സതീശൻ ആർഎസുഎസുമായി പാലം ഉണ്ടാക്കുകയാണെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ആരോപിച്ചിരുന്നു. പാർട്ടിയിൽ താൻ മാത്രമെന്ന ഷാഫി പറമ്പിലിൻ്റെ രീതിയാണ് ജില്ലയിൽ യുവനേതാക്കൾ ഇല്ലാതാവാൻ കാരണമെന്നും എ.കെ. ഷാനിബ് വിമർശിച്ചു.
ഷാഫിക്ക് വേണ്ടി പാർട്ടി തെരഞ്ഞെടുപ്പ് രീതിയും ഭരണഘടനയും വരെ മാറ്റി. ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി വടകരയ്ക്ക് പോയത് കരാറിൻ്റെ ഭാഗമായാണ്. മുസ്ലീം സ്ഥാനാർഥി വടകരയിൽ വേണമെന്നത് ആരുടെ തീരുമാനമാണ്. മുല്ലപ്പള്ളിയും കെ. മുരളീധരനും മുസ്ലീം ആയിട്ടാണോ വിജയിച്ചത്. പാലക്കാട്-വടകര-ആറന്മുള കരാറാണ് ഇപ്പോൾ നടന്നതെന്നും ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ. മുരളീധരനെന്നും ഷാനിബ് പറഞ്ഞു.
കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉണ്ടെന്ന ആരോപണത്തെ എതിര്‍ത്ത് നേരത്തെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും രംഗത്തെത്തി. യഥാര്‍ഥ ഡീല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. പാലക്കാട് യുഡിഎഫ്, ചേലക്കരയില്‍ എല്‍ഡിഎഫ് എന്നതാണ് ഡീല്‍. ഞങ്ങള്‍ക്കിടയില്‍ ആരും കളിക്കണ്ട എന്നതാണ് അന്തര്‍ധാരയെന്നും സുരേന്ദ്രൻ വിമർശിച്ചു.
"2019ലെ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്. കോണ്‍ഗ്രസുമായി ഡീലുണ്ടായത് കൊണ്ടാണ് എം.ബി. രാജേഷ് അന്ന് തോറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം വോട്ട് കുറഞ്ഞത് എങ്ങനെയാണ്. ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ ഏറ്റവും ആഹ്ളാദം പ്രകടിപ്പിച്ചത് ആരാണ്. ഞങ്ങള്‍ ശരിയായ തീരുമാനം എടുത്തുവെന്നാണ് എ.കെ. ബാലന്‍ പറഞ്ഞത്," സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.