fbwpx
തമിഴനെ ഹിന്ദി പഠിപ്പിക്കുന്ന ഗവർണർ, പ്രതിരോധിക്കുന്ന സ്റ്റാലിൻ; 'തമിഴ് തായ് വാഴ്ത്ത്' വിവാദം എന്താണ്?
logo

ശരത് ലാൽ സി.എം

Last Updated : 19 Oct, 2024 10:42 PM

തമിഴ് തായ് വാഴ്ത്ത് രചിച്ചത് മലയാളിയാണെന്ന് എത്ര പേർക്കറിയാം?

EXPLAINER


ഗവർണർ പങ്കെടുത്ത ഹിന്ദി മാസാചരണ പരിപാടിയിൽ ആലപിച്ച 'തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനത്തിൽ നിന്ന് 'തെക്കനമും അതിൽ സിറന്ത ദ്രാവിഡ നാൾ തിരുനാടും' എന്ന ഭാഗം ഒഴിവാക്കിയതിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ദ്രാവിഡ ഭാഷയെ അപകീർത്തിപ്പെടുത്തുന്ന ഗവർണർ ആർ.എൻ. രവിയെ കേന്ദ്ര സർക്കാർ ഉടൻ തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സാഹചര്യത്തിലേക്ക് വരെ ഇതെത്തി.

ഏറ്റവുമൊടുവിൽ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തുറന്ന വാക്പോരിനും ഇത് കാരണമായി. തമിഴ്നാട്ടിൽ കാര്യങ്ങൾ കുഴഞ്ഞുമറിയുന്നതിനിടെ 'തമിഴ് തായ് വാഴ്ത്ത്' വിവാദം എന്താണെന്ന് പരിശോധിക്കുകയാണ് നമ്മളിവിടെ.

സ്റ്റാലിൻ vs ആർ.എൻ. രവി വാക്പോര്...!

ഗവർണർ ദ്രാവിഡ വംശത്തെ അപകീർത്തിപ്പെടുത്തുകയും ഹിന്ദി എല്ലായിടത്തും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സ് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദത്തിൽ ഇന്നലെ ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം ഗവർണറോട് മാപ്പ് ചോദിച്ചിരുന്നു.


സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കുന്ന തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോൾ ഗായകരുടെ ശ്രദ്ധ മാറിപ്പോയതാണ് വിവാദത്തിന് ഇടയാക്കിയതെന്നാണ് ദൂരദർശൻ നൽകിയ വിശദീകരണം. ദൌർഭാഗ്യകരമായ സംഭവത്തിൽ ഗവർണറോട് മാപ്പ് പറയുന്നതായും ദൂരദർശൻ വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെ എക്സിലൂടെ ഗവർണറും സ്റ്റാലിനും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്.


തനിക്കെതിരെ വിദ്വേഷപരവും വില കുറഞ്ഞതുമായ പ്രസ്താവനകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി മുന്നിട്ടിറങ്ങുന്നത് കാര്യങ്ങളെ വളച്ചൊടിച്ചാണെന്നാണ് ഗവർണർ ആർ.എൻ. രവി ആരോപിച്ചു. മുഖ്യമന്ത്രിയെന്ന ഭരണഘടനാ പദവിയുടെ വിലയിടിക്കുന്ന കാര്യങ്ങളാണ് സ്റ്റാലിൻ ചെയ്യുന്നത്. 'തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനം ആലപിക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്. പൊതുവേദിയിൽ എനിക്കെതിരെ തെറ്റായ വാദങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നത് കൊണ്ടാണ് അതിന് മറുപടി നൽകുന്നതെന്നും ഗവർണർ എക്സിൽ കുറിച്ചു.


ഗവർണർക്ക് സ്റ്റാലിൻ്റെ മറുപടി

ഗവർണറുടെ വിമർശനത്തിന് എക്സിലൂടെ തന്നെ മറുപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. "ഗവർണറായി ചുമതലയേറ്റ ശേഷം എല്ലാ ദിവസവും ഭരണഘടനാ മര്യാദകൾ മറന്ന് രാഷ്ട്രീയം പറയുകയാണ്. ഗവർണറുടെ വസതിയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസാക്കി മാറ്റുന്നത് എന്ത് രാഷ്ട്രീയ നാഗരികതയാണ്? ദ്രാവിഡ വംശത്തെ തന്നെ തരംതാഴ്ത്തുന്നത് എന്ത് മാന്യതയാണ്? നിയമസഭയിൽ വായിക്കേണ്ട ഗവർണറുടെ പ്രസംഗത്തിൽ നിന്ന് പോലും ദ്രാവിഡ മോഡൽ, തന്തൈ പെരിയാർ, വിപ്ലവ അംബേദ്കർ, പെരുന്തളിവർ കാമറസർ, പേരറിഞ്ഞാർ അണ്ണ, മുത്തമിഴരിഞ്ഞർ കലൈനാർ തുടങ്ങിയ പേരുകൾ ഒഴിവാക്കുന്ന ആളാണോ നിങ്ങൾ? നിങ്ങളുടെ ചരിത്രം ഇങ്ങനെയാകുമ്പോൾ "ദരവിദാനല തിരുനാടു" ഒഴിവാക്കിയത് ആകസ്മികമാണെന്ന് തമിഴർ എങ്ങനെ വിശ്വസിക്കും?," സ്റ്റാലിൻ പറഞ്ഞു.

"എല്ലായിടത്തും ഹിന്ദി, എന്തിനും ഏതിലും ഹിന്ദി എന്ന നയവുമായി ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിങ്ങളാണ്. ഭരണഘടനാ സ്ഥാനത്ത് നിയമപുസ്തകം അനുസരിച്ച് ചുമതലയേറ്റ താങ്കൾ, വർഗീയ ആൾക്കൂട്ടത്തിൻ്റെ കളിപ്പാവയായി മാറി വിഘടനപരവും വിനാശകരവുമായ ആശയങ്ങൾ തമിഴ് മണ്ണിൽ വിതയ്ക്കാൻ ശ്രമിക്കുമ്പോൾ അതിൻ്റെ അടിവേരുകളിൽ തമിഴ്നാട്ടിലെ ജനങ്ങൾ ചൂടുവെള്ളം ഒഴിക്കും. നിങ്ങൾ ഗവർണറായി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിഘടന ശക്തികളിൽ നിന്ന് സ്വയം മോചിതരാകാനും ഭരണഘടനാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ ചുമതലകൾ നിറവേറ്റാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," സ്റ്റാലിൻ വിമർശിച്ചു.

എന്താണ് 'തമിഴ് തായ് വാഴ്ത്ത്'?


2021 ഡിസംബർ 17നാണ് സ്റ്റാലിൻ സർക്കാർ 'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചത്. പൊതുചടങ്ങുകളില്‍ ഈ ഗാനം ആലപിക്കണമെന്നും ആ സമയം എഴുന്നേറ്റ് നിൽക്കണമെന്നും സർക്കാർ ഉത്തരവിറക്കി. ദേശീയ ഗാനത്തിന് നല്‍കുന്ന ആദരവ് ഇനി തമിഴ് തായ് വാഴ്ത്തിനും നൽകണമെന്നായിരുന്നു തമിഴ്‌നാട് സർക്കാർ അറിയിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും നടക്കുന്ന എല്ലാ പൊതു പരിപാടികളിലും 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കണം, ഭിന്നശേഷിക്കാർ ഒഴികെ മറ്റെല്ലാവരും തമിഴ്​ തായ്​ വാഴ്​ത്തുക്കൾ ആലപിക്കുമ്പോൾ 55 സെക്കൻഡ് എഴുന്നേറ്റ് നിൽക്കണം എന്നിങ്ങനെയാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

നേരത്തെ ഇതൊരു പ്രാര്‍ഥനാ ഗാനം മാത്രമാണെന്നും, പാടുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഇതൊക്കെ പരിഗണിക്കാതെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമെന്ന രീതിയിൽ ഡിഎംകെ സർക്കാർ മുന്നോട്ടുപോയി.

രചയിതാവ് മലയാളി?

തമിഴ് തായ് വാഴ്ത്ത് രചിച്ചത് മലയാളിയാണെന്ന് എത്ര പേർക്കറിയാം? ആലപ്പുഴ സ്വദേശിയായ മനോൺമണിയം പി. സുന്ദരംപിള്ളയാണ് ഈ ഗാനം രചിച്ചത്.