
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗുജറാത്തിലെ ഏറ്റവും വലിയ ദിനപത്രമായ ഗുജറാത്ത് സമാചാറിനെതിരെ നടപടിയെടുത്ത് ഇഡി. പത്രത്തിന്റെ ഉടമസ്ഥരിൽ ഒരാളായ ബാഹുബലി ഷായെ ഇഡി അറസ്റ്റ് ചെയ്തു.
ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ പരിശോധനകൾക്ക് ശേഷമാണ് ബാഹുബലിക്കതിരെ അറസ്റ്റ് വാറണ്ടുമായി ഉദ്യോഗസ്ഥർ എത്തിയതെന്ന് സഹോദരൻ ശ്രേയാൻസ് ഷാ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ വാർത്ത നൽകിയതിനാലാണെന്ന് കുടുംബം ആരോപിച്ചു.
ഗുജറാത്ത് സമാചാർ, ജിഎസ്ടിവി എന്നിവ നടത്തുന്ന ലോക് പ്രകാശൻ ലിമിറ്റഡിന്റെ ഡയറക്ടറാണ് ബാഹുബലി. തടങ്കലിൽ വച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് ഗുജറാത്ത് സമാചാറിൻ്റെ എക്സ് ഹാൻഡിലുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നതായും എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ലെന്നും, സഹോദരൻ ശ്രേയാൻസ് ഷാ പ്രതികരിച്ചു.
"ഗുജറാത്ത് സമാചാറിനെ നിശബ്ദമാക്കാനുള്ള ശ്രമം ഒരു പത്രത്തിന്റെ മാത്രമല്ല, മുഴുവൻ ജനാധിപത്യത്തിന്റെയും ശബ്ദം അടിച്ചമർത്താനുള്ള മറ്റൊരു ഗൂഢാലോചനയാണ്. ഉത്തരവാദിത്തമുള്ള പത്രങ്ങൾ പൂട്ടപ്പെടുമ്പോൾ, ജനാധിപത്യം അപകടത്തിലാണെന്ന് മനസിലാക്കുക", രാഹുൽ ഗാന്ധി പ്രതികരിച്ചു. മാധ്യമങ്ങളെ നിശബ്ദമാക്കാൻ ബിജെപി ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസും എഎപിയും ആരോപിച്ചു.