ഓപ്പറേഷൻ സിന്ദൂറിലൂടെ മുന്നോട്ട് വെച്ചത് ഭീകരതയ്ക്ക് എതിരായ സന്ദേശമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു
ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭുജ് വ്യോമതാവളത്തിൽ സൈന്യത്തെ അഭിസംബോധന ചെയത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ശത്രുവിനെ പാഠം പഠിപ്പിക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ മുന്നോട്ട് വെച്ചത് ഭീകരതയ്ക്ക് എതിരായ സന്ദേശമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പാക് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിങ് ഉറപ്പ് നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. “ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് ഒരു ട്രെയിലർ മാത്രമായിരുന്നു. ശരിയായ സമയം വരുമ്പോൾ ഞങ്ങൾ മുഴുവൻ സിനിമയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും", രാജ്‌നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു. “പാകിസ്ഥാൻ്റെ പെരുമാറ്റം മെച്ചപ്പെടുമോ എന്ന് നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്,” രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
സമാധാനത്തിൻ്റെ പേരിൽ ഇന്ത്യ എങ്ങനെ ഹൃദയം തുറക്കുമെന്ന് ലോകം മുഴുവൻ കണ്ടിട്ടുണ്ട്. എന്നാൽ ആ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ രാജ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നും ലോകം കാണുമെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാൻ്റെ എല്ലാ കോണിലും, എത്താനുള്ള കഴിവ് ഉണ്ടെന്ന് തെളിയിച്ചത് ചെറിയ കാര്യമല്ലെന്നും, ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ നിരവധി വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിൻ്റെ ശക്തി പാകിസ്ഥാൻ വരെ അംഗീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കുന്ന ഏതൊരു സാമ്പത്തിക സഹായത്തെയും രാജ്‌നാഥ് ശക്തമായി എതിർക്കുന്നു. അത്തരം സഹായം പാകിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.