
കർണാടക മഹർഷി വാൽമീകി കേസിൽ നിർണായ വെളിപ്പെടുത്തലുമായി മുൻ മന്ത്രി ബി. നാഗേന്ദ്ര. മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ കോടികളുടെ അഴിമതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡെപ്യൂട്ടി ഡി.കെ. ശിവകുമാറിനെയും ഉൾപ്പെടുത്താൻ ഇഡിക്ക് സമ്മർദ്ദം ചെലുത്തിയതായായിരുന്നു ബി. നാഗേന്ദ്രയുടെ പ്രസ്താവന. കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ബുധനാഴ്ചയാണ് ജയിൽ മോചിതനായത്.
അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎയ്ക്ക് തിങ്കളാഴ്ചയാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കർണാടക കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ബിജെപി നീക്കം. കേസിൽ ബിജെപി സമ്മർദത്തിന് വഴങ്ങിയായിരുന്നു തന്നെ ഇഡി അറസ്റ്റ് ചെയ്തതെന്നും നാഗേന്ദ്ര ആരോപിച്ചു.
"രാജ്യം ഭരിക്കുന്ന ബിജെപി, കോൺഗ്രസ് സർക്കാരുകളെ എങ്ങനെയെങ്കിലും അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തുകയാണ്. മൂന്ന് മാസമായി കോൺഗ്രസ് സർക്കാരിനെ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഇഡി എന്നെ പീഡിപ്പിക്കുകയായിരുന്നു. വാൽമീകി അഴിമതിയിൽ എനിക്കൊരു പങ്കുമില്ലെങ്കിലും, ബിജെപി കേന്ദ്ര നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് എന്നെ ഇഡി അറസ്റ്റ് ചെയ്തത്," നാഗേന്ദ്ര ആരോപിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെയും ശിവകുമാറിൻ്റെയും പേരുകൾ പറയാനും ഇഡി സമ്മർദം ചെലുത്തിയതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നാഗേന്ദ്ര വെളിപ്പെടുത്തി. "അഴിമതിയിൽ എനിക്ക് പങ്കില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും കുറ്റക്കാരാവുന്നതെങ്ങനെയാണ്? ബാങ്ക് ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റിൽ സർക്കാരിൻ്റെ പങ്ക് എവിടെയാണ്? അഴിമതിയിൽ മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ല. 'മുഡ' അഴിമതിയിൽ ചെയ്തതുപോലെ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ഇവരെ കുറ്റവാളികളാക്കാൻ ഗൂഢാലോചന നടത്തുകയാണ്," മുൻ മന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വാൽമീകി കോർപ്പറേഷൻ്റെ പണം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നാണ് കേസ്. തെരഞ്ഞെടുപ്പിന് പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്ഐടിയുടെ കണ്ടെത്തൽ. രേഖമൂലമുള്ള ഉത്തരവുകളില്ലാതെ പണം കൈമാറ്റം ചെയ്യപ്പെട്ടെന്നും, പെരുമാറ്റച്ചട്ടം നിലവിലിരുന്ന കാലത്ത് ബാങ്ക് ഉദ്യോഗസ്ഥർ കെവൈസി പോലും പരിശോധിക്കാതെ പണം കൈമാറിയതാണെന്നുമാണ് എംഎൽഎയുടെ ആരോപണം. അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ജൂണിൽ പട്ടികവർഗ ക്ഷേമ മന്ത്രി സ്ഥാനം നാഗേന്ദ്ര രാജിവച്ചിരുന്നു.
നാഗേന്ദ്രയുടെ സ്വാധീനത്തിൽ കോർപ്പറേഷൻ്റെ അക്കൗണ്ട് എംജി റോഡ് ബ്രാഞ്ചിലേക്ക് അനുമതിയില്ലാതെ മാറ്റിയെന്നാണ് ഇഡിയുടെ ആരോപണം. 187 കോടി രൂപയാണ് ഇത്തരത്തിൽ കൈമാറിയത്. ഗംഗാ കല്യാണ പദ്ധതിക്കായി സംസ്ഥാന ട്രഷറിയിൽ സൂക്ഷിച്ചിരുന്ന 43.33 കോടി രൂപയും ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. ഇത് പിന്നീട് തെരഞ്ഞെടുപ്പിനുൾപ്പെടെ ഉപയോഗിച്ചതായും ആരോപണമുണ്ട്.