നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിക്കുമെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് ഇഡി. ഡൽഹി ഹൈക്കോടതിയിലാണ് ഇഡി ഇതറിയിച്ചത്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 44, 45 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ഇഡി കേസ് പരാതി ഫയൽ ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഏറ്റെടുക്കുന്നതിനെ പറ്റിയാണ് വിവാദങ്ങൾ ഉയർന്നത്.
2010ൽ, പുതുതായി രൂപീകരിച്ച യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് (വൈഐഎൽ) എന്ന കമ്പനി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ കടങ്ങൾ ഏറ്റെടുത്തിരുന്നു. തുടർന്ന്, 2,000 കോടിയിലധികം വിലമതിക്കുന്ന എജെഎല്ലിന്റെ ആസ്തികളുടെ നിയന്ത്രണം വൈഐഎല്ലിന് ലഭിച്ചു. വൈഐഎല്ലിൽ ഭൂരിപക്ഷ ഓഹരികളും കൈവശം വച്ചിരുന്നത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായിരുന്നു.
2014 ജൂൺ 26 ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. ഇതിനുപിന്നാലെ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഗാന്ധി കുടുംബവും മറ്റ് കോൺഗ്രസ് നേതാക്കളും വ്യക്തിപരമായ നേട്ടത്തിനായി എജെഎല്ലിന്റെ സ്വത്തുക്കൾ ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ ആരോപണം.