'രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം'; ശശി തരൂരിനെരൂക്ഷമായി വിമർശിച്ച് വീക്ഷണം

രാവിലെ മുതൽ വെള്ളം കോരി സന്ധ്യക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു
'രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം'; ശശി തരൂരിനെരൂക്ഷമായി വിമർശിച്ച് വീക്ഷണം
Published on


ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. കേരളം വികസന സൗഹൃദ സംസ്ഥാനമെന്ന ലേഖനത്തിലും മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലുമാണ് വിമർശനം. ആരാച്ചാർക്ക് അഹിംസ അവാർഡോ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. ശശി തരൂരിന്റെ നിലപാട് വികലമായ രാഷ്ട്രീയ രീതിയാണ്. രാവിലെ മുതൽ വെള്ളം കോരി സന്ധ്യക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.


അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ സാഹചര്യങ്ങളും എൽഡിഎഫിന് എതിരായിരിക്കെ യുഡിഎഫ് പരാജയപ്പെട്ടാൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക. സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ അതിന് ഊർജം പകരേണ്ടവർ അത് അണയ്ക്കാൻ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

എൽഡിഎഫിന്റെ ഭരണക്കെടുതികൾക്കെതിരെ പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽപിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. മോദിയുടെ അമേരിക്കൻ സന്ദർശനവും ഇതിനിടെ വിവിധ കരാറുകളിൽ ഉറപ്പ് നേടിയതും മഹത്തായ കാര്യമല്ല. കർക്കിടക സന്ധ്യക്ക് രാമസ്തുതി ചൊല്ലേണ്ടിടത് രാവണസ്തുതികൾ ഉരുവിടുന്നത് വിശ്വാസഭ്രംശവും ആചാരവിരുദ്ധവുമാണെന്നും വീക്ഷണം കുറ്റപ്പെടുത്തി.


'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് ഇരു മുന്നണികൾക്കും ഇടയിൽ തർക്കങ്ങൾക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.

ലേഖനം വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ ലേഖകനായ കോണ്‍ഗ്രസ് എംപി അവ​ഗണിച്ചുവെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ മനപൂർവം ഒഴിവാക്കിയതല്ലെന്നും ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം വ്യവസായ രം​ഗത്തെ സിപിഎമ്മിന്‍റെ നയമാറ്റവും അത് കേരളത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ എന്നുമായിരുന്നു എന്നാണ് തരൂരിന്റെ വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com