നീക്കത്തിൻ്റെ ആദ്യ ഘട്ടമായി പലസ്തീൻ തടവുകാർക്ക് പകരം നാല് ഇസ്രായേൽ ബന്ദികളെ വിട്ടുനൽകണമെന്നും ഈജിപ്ത് നിർദേശിച്ചു
ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്ത്. നാല് ഇസ്രയേൽ ബന്ദികൾക്ക് പകരം പലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഈജ്പിത് മുന്നോട്ട് വെക്കുന്ന നിർദേശം. നീക്കത്തിൻ്റെ ആദ്യ ഘട്ടമായി പലസ്തീൻ തടവുകാർക്ക് പകരം നാല് ഇസ്രയേൽ ബന്ദികളെ വിട്ടുനൽകണമെന്നും ഈജിപ്ത് നിർദേശിച്ചു.
ഈജിപ്ഷ്യൻ നേതാവ് അബ്ദുൽ ഫത്താഹ് അൽ-സിസി, സിഐഎ, മൊസാദ് ഉദ്യോഗസ്ഥർ തുങ്ങിയവർ ഖത്തറിൽ നടത്തിയ ചർച്ചയിലാണ് ഈജിപ്ത് നിർദേശം മുന്നോട്ട് വെച്ചത്. കൈറോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൾജീരിയൻ പ്രസിഡൻ്റ് അബ്ദുൽ മദ്ജിദ് ടെബൗണിനൊപ്പമാണ് അൽ-സിസി വിവരങ്ങൾ വ്യക്തമാക്കിയത്. ഈ സംഘർഷത്തിന് പൂർണപരിഹാരത്തിനായി താത്ക്കാലിക വെടിനിർത്തൽ നടപ്പാക്കി പത്ത് ദിവസത്തിനുള്ളിൽ ചർച്ചകൾ പുനരാരംഭിക്കണമെന്നും പറഞ്ഞു. അതേ സമയം, ഇസ്രയേലോ ഹമാസോ ഇതുവരെ നിർദേശത്തിൽ പ്രതികരിച്ചിട്ടില്ല.
ഹമാസ് നിർദേശത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട പലസ്തീൻ ഉദ്യോഗസ്ഥർ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങണമെന്നും ആവശ്യപ്പെട്ടു. ഗാസയിൽ നിന്ന് ഹമാസിനെ തുടച്ചുമാറ്റാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നതാണ് ഇസ്രായേൽ ഇതുവരെ സ്വീകരിച്ചു വരുന്ന നിലപാട്.
ഞായറാഴ്ച വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 53 പേരും, ലെബനനിൽ നടത്തിയ ആക്രമണത്തിൽ 21 പേരുമാണ് കൊല്ലപ്പെട്ടത്. ഹമാസ് പ്രവർത്തകർ ഒത്തുചേർന്നെന്ന് ആരോപിച്ചാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഉയർന്നു വരുന്ന ആക്രമണങ്ങളിലും, കൊലപാതകങ്ങളിലും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ട്റെസ് ആശങ്കയറിയിച്ചു.
ALSO READ: അട്ടിമറികള്‍, സൈബർ ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍... ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍