ഒരു മാസത്തിനുള്ളിൽ ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന ആറാമത്തെ ചുഴലിക്കാറ്റാണ് മാൻ-യി
ഫിലിപ്പീൻസിൽ നാശം വിതച്ച് മാൻ-യി ചുഴലിക്കാറ്റ്. രാജ്യത്തെ പ്രധാന ദ്വീപായ ലുസോണിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ എട്ടുപേർ മരിച്ചു. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിലാണ് കാറ്റിൻ്റെ സഞ്ചാരം. ഒരു മാസത്തിനുള്ളിൽ ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന ആറാമത്തെ ചുഴലിക്കാറ്റാണ് മാൻ-യി.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും ഒരു ദശലക്ഷത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു.
ALSO READ: ആയത്തൊള്ള അലി ഖമേനി ആരോഗ്യവാൻ; കോമയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ
ദ്വീപിൻ്റെ വടക്കു ഭാഗങ്ങളിൽ കനത്ത മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകിയ മുന്നറിയിപ്പ്. തിങ്കളാഴ്ച്ച 200 മില്ലീമീറ്റർ മഴയുണ്ടാകുമെന്നും ഇത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും കാലാവസ്ഥ കേന്ദ്രം നിർദേശം നൽകി. പൊലില്ലോ, കലാഗ്വാസ് ദ്വീപുകളുടെ കിഴക്കൻ ഭാഗങ്ങളിലും കൊടുങ്കാറ്റ് മുന്നറിയിപ്പുണ്ട്.
ഒരു മാസത്തിനുള്ളിൽ ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന ആറാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റാണ് മാൻ-യി. ഫിലിപ്പീൻസ് തീരങ്ങളിൽ ചുഴലിക്കാറ്റ് വീശാറുണ്ടെങ്കിലും തുടർച്ചയായി കൊടുങ്കാറ്റ് അനുഭവപ്പെടുന്നത് ഇതാദ്യമാണെന്നാണ് വിദഗ്ദരുടെ നിർദേശം. മുൻപുണ്ടായ അഞ്ചു കൊടുങ്കാറ്റുകളിൽ 160 പേരാണ് മരണപ്പെട്ടത്. ഒക്ടോബർ അവസാനം വീശിയടിച്ച ട്രാമി കൊടുങ്കാറ്റിൽ നിരവധി പേരാണ് മരണപ്പെട്ടത്. ഇതിനു പിന്നാലെയുണ്ടായ കോങ്-റേ ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചിരുന്നു.