
തിരുവനന്തപുരം കഠിനംകുളത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 102 വര്‍ഷം തടവ്. വിവിധ വകുപ്പുകളിലായാണ് 102 വര്‍ഷം തടവും 105000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍റെ സഹോദരനാണ് പ്രതി. 2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെ ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് അറുപത്തിരണ്ടുകാരനായ പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം രണ്ട് വര്‍ഷവും മൂന്ന് മാസവും കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ബന്ധു കൂടിയായ പ്രതി നടത്തിയത് ക്രൂരമായ പ്രവര്‍ത്തിയായതിനാല്‍ ഇയാള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.