
കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് മരണം.
മൂന്നു കാട്ടാനകൾ ലയത്തിന് സമീപം എത്തി ആളുകളെ ഓടിക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ ചന്ദ്രൻ ഏതാനും ദിവസങ്ങളായി കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ എൽദോസിനെ കാട്ടാന ചവിട്ടി കൊന്ന നിലയിൽ കണ്ടെത്തിയത്. എൽദോസ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. എൽദോസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. എൽദോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം കൈമാറി.
എൽദോസിൻ്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.