
എറണാകുളം കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടിക്കൊന്ന യുവാവ് എൽദോസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകി. കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
കുട്ടമ്പുഴ ക്ണാശ്ശേരിയിൽ എൽദോസിനെ കാട്ടാനയാക്രമിച്ച് കൊലപ്പെടുത്തിയതിൽ ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം കളക്ടറുടെ ഉറപ്പിലാണ് നാട്ടുകാർ അയഞ്ഞത്. കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം കൈമാറി, പ്രതിഷേധക്കാർ ഉന്നയിച്ച ആറ് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതോടെയാണ് രാത്രി വൈകിയുള്ള പ്രതിഷേധം അവസാനിച്ചത്. എന്നാൽ, കുട്ടമ്പുഴയിൽ ഇന്ന് ഹർത്താൽ ആചരിച്ച് ജനങ്ങളുടെ പ്രതിഷേധം തുടരും.
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കഴിഞ്ഞ ദിവസമാണ് എൽദോസിനെയാണ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൽദോസ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം.
പ്രദേശത്ത് വേണ്ടവിധത്തിൽ വെളിച്ചമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ തന്നെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയ കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത് നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നേരത്തെ പ്രതിഷേധങ്ങൾ നടന്നപ്പോൾ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് യുവാവിനെ കാട്ടാന ചവിട്ടികൊന്നിരിക്കുന്നത്.