മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്പൂർ കരുളായിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 12 മണിയോടെയാണ് മണിക്ക് നേരെ കാട്ടാന ആക്രമണമുണ്ടായത്. മണിയുൾപ്പെടെ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആറ് പേർ ഒരുമിച്ച് സഞ്ചരിക്കുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ച് പേർ ഓടി രക്ഷപ്പെട്ടെങ്കിലും മണിയെ ആന ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വിട്ടു നൽകും.
ALSO READ: കൊല്ലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
വനത്തിന് ഉൾഭാഗത്താണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾ ധാരാളമുള്ള പ്രദേശത്താണ് ചോലനായ്ക്കർ വിഭാഗം താമസിച്ചുവരുന്നത്. കൃത്യമായി വീടുൾപ്പെടെ ഇല്ലാതെ, പാറക്കെട്ടിലും, ഗുഹകളിലുമാണ് ചോലനായ്ക്കർ വിഭാഗത്തിലെ ജനങ്ങൾ കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാരുൾപ്പെടെ ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വളരെ ചുരുങ്ങിയ കുടുംബങ്ങൾ മാത്രമാണ് പ്രദേശത്ത് കഴിയുന്നത്.
അതേസമയം ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയാകെ ഇതുവരെയില്ലാത്ത കാട്ടാന ഭീതിയിൽ കഴിയുകയാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവായിരിക്കുന്നു. ജീവന് ഭീഷണി കൂടാതെ വ്യാപക കൃഷിനാശത്താൽ കർഷകർ വലയുകയാണ്. കൃഷിവകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകർക്ക് മാത്രം അരക്കോടി രൂപയുടെ നഷ്ടം കാട്ടാനക്കൂട്ടം വരുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ നാശം ഇതിലും എത്രയോ മടങ്ങാണ്. സത്വര നടപടി മാത്രമാണ് പോംവഴി. അല്ലെങ്കിൽ മേല്പറഞ്ഞ മരണ കണക്കുകൾ ഭീതിജനകമാംവിധം വർധിക്കും.